മുംബൈയ്ക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കാഴ്ചവച്ചത്. വിരാട് കോഹ്ലിയുടെയും ഡുപ്ലസിയുടെയും മികവാർന്ന ബാറ്റിംഗിന്റെ ബലത്തിൽ മത്സരത്തിൽ എട്ടു വിക്കറ്റുകൾക്ക് ബാംഗ്ലൂർ വിജയം കാണുകയുണ്ടായി. മത്സരത്തിൽ 49 പന്തുകളിൽ 82 റൺസാണ് വിരാട് കോഹ്ലി നേടിയത്. ഇന്നിങ്സിൽ 6 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. വിരാടിന്റെ ഐപിഎല്ലിലെ 45ആമത്തെ അർധ സെഞ്ച്വറിയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്നത്. ഈ ഇന്നിങ്സോടെ ഒരു വമ്പൻ റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കുകയുമുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ 50 തവണ 50ലധികം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി വിരാട് കോഹ്ലി മാറി.
മത്സരത്തിൽ 38 പന്തുകളിലായിരുന്നു വിരാട് കോഹ്ലി തന്റെ 45ആമത്തെ ഐപിഎൽ ഹാഫ് സെഞ്ചുറി പൂർത്തീകരിച്ചത്. 45 അർത്ഥ ശതകങ്ങൾക്കൊപ്പം, 5 സെഞ്ച്വറികളും വിരാട് കോഹ്ലി ഇന്ത്യൻ പ്രീമിയർ ലീഗിൽ നേടിയിട്ടുണ്ട്. അങ്ങനെ ആകെ 50 തവണ വിരാട് കോഹ്ലി 50 റൺസ് കടക്കുകയുണ്ടായി. ഇതോടെ ശിഖർ ധവാനെ പിന്തള്ളി ഏറ്റവുമധികം തവണ 50 റൺസിന്മേൽ നേടിയിട്ടുള്ള ഇന്ത്യൻ താരമായി വിരാട് കോഹ്ലി മാറുകയായിരുന്നു. നിലവിൽ 49 പ്രാവശ്യമാണ് ശിഖർ ധവാൻ 50 റൺസ് കടന്നിട്ടുള്ളത്. ധവാൻ തന്റെ ഐപിഎൽ കരിയറിൽ 47 അർത്ഥസെഞ്ച്വറികളും രണ്ട് സെഞ്ച്വറികളും നേടിയിട്ടുണ്ട്.
ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് ഡൽഹി ക്യാപിറ്റൽസ് നായകനായ ഡേവിഡ് വാർണറാണ്. ഡേവിഡ് വാർണർ ഇതുവരെ 60 തവണയാണ് 50 റൺ മാർക്ക് കടന്നിട്ടുള്ളത്. ഐപിഎല്ലിൽ 56 അർദ്ധസെഞ്ച്വറികളും 4 സെഞ്ച്വറികളും വാർണർ നേടിയിട്ടുണ്ട്. ലിസ്റ്റിൽ കോഹ്ലി രണ്ടാമതും ശിഖർ ധവാൻ മൂന്നാമതുമാണ്. തന്റെ കരിയറിൽ 43 തവണ 50 റൺസ് കടന്നിട്ടുള്ള എബി ഡിവില്ലിയേഴ്‌സ് ആണ് ലിസ്റ്റിലെ നാലാമൻ. 41 തവണ 50 റൺസ് കടന്നിട്ടുള്ള രോഹിത് ശർമ ലിസ്റ്റിൽ അഞ്ചാമത് നിൽക്കുന്നു.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ സംബന്ധിച്ച് വളരെ അഭിമാനകരമായ വിജയം തന്നെയാണ് ആദ്യ മത്സരത്തിൽ മുംബൈയ്ക്കെതിരെ നേടിയത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന് മുംബൈയെ 20 ഓവറിൽ 171 റൺസിൽ ഒതുക്കാൻ സാധിച്ചു. മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ വിരാട് കോഹ്ലിയും അടിച്ചു തകർക്കുകയായിരുന്നു. മത്സരത്തിൽ 22 പന്തുകൾ ശേഷിക്കവേയാണ് ബാംഗ്ലൂർ വിജയത്തിലെത്തിയത്. മികച്ച തുടക്കം തന്നെയാണ് ബാംഗ്ലൂരിന് 2023ലെ ഐപിഎൽ സീസണിൽ ലഭിച്ചിട്ടുള്ളത്