അശ്വിന് മറികടന്ന് ചഹലിന് റെക്കോർഡ്. ഒരു ഇന്ത്യക്കാരന്റെ സുവർണ നേട്ടം.

rr vs srh cover ipl 2023

രാജസ്ഥാനായി 2023 ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മിന്നുന്ന ബോളിംഗ് പ്രകടനമാണ് സ്പിന്നർ ചാഹൽ കാഴ്ച വച്ചത്. മത്സരത്തിൽ കേവലം 17 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകൾ ചാഹൽ നേടുകയുണ്ടായി. ഹൈദരാബാദിന്റെ വലിയ പ്രതീക്ഷയായിരുന്ന ഹാരി ബ്രുക്ക്, മായങ്ക് അഗർവാൾ, അദിൽ റഷീദ്, ഭുവനേശ്വർ കുമാർ എന്നിവരുടെ വിക്കറ്റുകളായിരുന്നു ചാഹൽ മത്സരത്തിൽ നേടിയത്. ചാഹലിന്റെ മികവിൽ ഒരു വൻ വിജയം തന്നെ സ്വന്തമാക്കാൻ രാജസ്ഥാൻ ടീമിന് മത്സരത്തിൽ സാധിച്ചു. ഈ പ്രകടനത്തിൽ ചില റെക്കോർഡുകളും ചാഹൽ മറികടക്കുകയുണ്ടായി. ട്വന്റി20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബോളർ എന്ന റെക്കോർഡാണ് ചാഹൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഹൈദരാബാദ് ബാറ്റർ ഹാരി ബ്രുക്കിനെ പുറത്താക്കിയാണ് ചാഹൽ ഈ റെക്കോർഡ് സൃഷ്ടിച്ചത്.

ഇതുവരെ 265 ട്വന്റി20 മത്സരങ്ങളാണ് ചാഹൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 23 റൺസ് ശരാശരിയിൽ 303 വിക്കറ്റുകൾ ചാഹൽ നേടിയിട്ടുണ്ട്. 7.58 എക്കണോമിയാണ് ചഹലിനുള്ളത്. ഈ 303 വിക്കറ്റുകളിൽ, 91 എണ്ണവും ഇന്ത്യക്കായി ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുമ്പോൾ ചാഹൽ നേടിയതാണ്. ഇന്ത്യക്കായി 75 അന്താരാഷ്ട്ര മത്സരങ്ങളാണ് ചാഹൽ കളിച്ചിട്ടുള്ളത്. ഇതിൽ 24 റൺസ് ശരാശരിയിലാണ് 91 വിക്കറ്റുകൾ ചഹൽ നേടിയിട്ടുള്ളത്. ഈ പട്ടികയിൽ രാജസ്ഥാന്റെ തന്നെ സ്‌പിന്നറായ രവിചന്ദ്രൻ അശ്വിനാണ് രണ്ടാം സ്ഥാനത്തുള്ളത്. അശ്വിൻ ഇതുവരെ ട്വന്റി20യിൽ 287 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 276 വിക്കറ്റുകളുമായി പിയുഷ് ചൗള ലിസ്റ്റിൽ മൂന്നാമത് നിൽക്കുന്നു.

Read Also -  രാഹുലിനെയും മറികടന്ന് സഞ്ജുവിന്റെ കുതിപ്പ്. ലോകകപ്പിലേക്ക് വമ്പൻ എൻട്രി ഉടൻ??

മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ബോളറായും ചഹൽ മാറി. 132 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ചഹൽ ഇതുവരെ 170 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 21.42 ആണ് ചഹലിന്റെ ഐപിഎല്ലിൽ ശരാശരി. 7.59 എക്കണോമി റൈറ്റിലാണ് ചഹൽ ഐപിഎല്ലിൽ വിക്കറ്റുകൾ കൊയ്തിട്ടുള്ളത്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ജോസ് ബട്ലറുടെയും സഞ്ജു സാംസന്റെയും ജെയ്സ്വാളിന്റെയും തകർപ്പൻ ബാറ്റിംഗിന്റെ മികവിലായിരുന്നു രാജസ്ഥാൻ വിജയം കണ്ടത്. മത്സരത്തിൽ 72 റൺസിനാണ് രാജസ്ഥാൻ വിജയിച്ചത്. 22 പന്തുകളിൽ നിന്നായിരുന്നു ബട്ലർ 54 റൺസ് നേടിയത്. ഇതോടെ 203 എന്ന വമ്പൻ സ്കോർ സ്വന്തമാക്കാൻ രാജസ്ഥാന് സാധിച്ചു. മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് ഇന്നിങ്സ് കേവലം 131 റൺസിൽ അവസാനിപ്പിക്കുകയായിരുന്നു.

Scroll to Top