ഞാൻ എന്റെ എല്ലാം ഈ ടീമിന് നൽകി :വൈകാരികനായി വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ കൊൽക്കത്ത ടീമിനോട് നാല് വിക്കറ്റ് തോൽവി വഴങ്ങി കോഹ്ലി നായകനായ ബാംഗ്ലൂർ ടീം പുറത്ത്. ഇത്തവണ ഐപിൽ കിരീടം നേടുമെന്ന് എല്ലാവരും തന്നെ വിശ്വസിച്ച ടീമിന് പക്ഷേ കൊൽക്കത്ത ഉയർത്തിയ കരുത്തുറ്റ പ്രകടനത്തിന് മുൻപിൽ പിടിച്ചുനിൽക്കുവാനായില്ല. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ടീമിന് ആദ്യത്തെ പവർപ്ലേയിൽ മികച്ച തുടക്കമാണ് ലഭിച്ചത് എങ്കിലും പിന്നീട് സ്പിന്നർമാരുടെ മികവിൽ മത്സരം മോർഗനും സംഘവും തിരികെ പിടിച്ചു. സീസണിൽ ബാറ്റിങ്,ബൗളിംഗ്, ഫീൽഡിങ് അടക്കം എല്ലാ മേഖലകളിൽ തിളങ്ങിയ ബാംഗ്ലൂർ ടീമിന് മറ്റൊരു ഐപിൽ ട്രോഫി കൂടി നഷ്ടമാകുമ്പോൾ ആരാധകർ എല്ലാം നിരാശയിലാണ്. ഐപിഎല്ലിലെ ചരിത്രത്തിൽ ഇതുവരെ കിരീടം നേടാൻ ബാംഗ്ലൂർ ടീമിന് സാധിച്ചിട്ടില്ല. കൂടാതെ തന്റെ ക്യാപ്റ്റൻ പദവി ഒഴിഞ്ഞ നായകൻ വിരാട് കോഹ്ലിക്ക് കിരീടം നേടാമെന്നുള്ള സ്വപനവും നേടുവാൻ കഴിഞ്ഞില്ല.

ഈ സീസൺ ഐപിഎല്ലിന് ശേഷം താൻ ബാംഗ്ലൂർ ടീം ക്യാപ്റ്റനായി തുടരില്ലെന്ന് മുൻപ് തന്നെ പ്രഖ്യാപിച്ച കോഹ്ലിക്ക് ഈ തോൽവി മറ്റൊരു ദുരന്തമായി മാറി.2013 മുതൽ ഈ സീസൺ വരെ ബാംഗ്ലൂർ ടീമിനെ ഐപിഎല്ലിൽ നയിച്ചത് വിരാട് കോഹ്ലിയാണ്. 140 ഐപിൽ മത്സരങ്ങളിൽ ടീമിനെ നയിച്ച കോഹ്ലിക്ക് 66 കളികളിൽ ടീമിനെ ജയത്തിലേക്ക് കൂടി എത്തിക്കാൻ കഴിഞ്ഞു.നേരത്തെ 2016ൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലാണ് ബാംഗ്ലൂർ ടീം ഫൈനലിൽ എത്തിയത്. ടീം നായകനായി തന്റെ അവസാനത്തെ കളി പൂർത്തിയാക്കിയ കോഹ്ലിയെ ഇന്നലെ മത്സരശേഷം വളരെ വൈകാരികനായി കാണുവാൻ സാധിച്ചു. മത്സരശേഷം ഈ ഒരു തോൽവിക്കുള്ള കാരണവും തുറന്ന് പറഞ്ഞ വിരാട് കോഹ്ലി കളിക്കാരനായി താൻ ഈ ബാംഗ്ലൂർ ടീമിനോപ്പം ഇനിയും തുടരുമെന്നും വിശദമാക്കി.

“ഞങ്ങളുടെ ബാറ്റിങ്ങിൽ അൽപ്പം താളം ഇടക്ക് നഷ്ടമായി. മികച്ച ഒരു തുടക്കം പവർപ്ലേയിൽ സ്വന്തമാക്കാൻ കഴിഞ്ഞു എങ്കിലും മിഡിൽ ഓവറുകളിൽ അവരുടെ സ്പിന്നർമാർ മികച്ച ലൈനും ലെങ്ത്തും അനിസരിച്ച് ബൗൾ ചെയ്തത് ഞങ്ങൾ സ്കോറിംഗ് വേഗത കുറച്ചു.ഞങ്ങൾ ഈ മത്സരം ജയിക്കേണ്ടിയിരുന്നു. പക്ഷേ എല്ലാ അർഥത്തിലും മികച്ച പ്രകടനം പുറത്തെടുത്ത കൊൽക്കത്ത ടീം ജയം അർഹിക്കുന്നു.കൂടാതെ നരെൻ എല്ലാ കാലത്തും മികച്ച ബൗളർ തന്നെയാണ്. വരുൺ,ഷാക്കിബ് എന്നിവർ കൂടി സുനിൽ നരെനൊപ്പം മത്സരത്തിൽ കൃത്യമായി ബൗൾ എറിഞ്ഞപ്പോൾ ഞങ്ങൾക്ക് റൺസ് നേടുവാൻ കഴിഞ്ഞില്ല “കോഹ്ലി അഭിപ്രായം വിശദമാക്കി

ഒരു ക്യാപ്റ്റൻ എന്നുള്ള റോളിൽ ബാംഗ്ലൂർ ടീമിനായി തന്റെ എല്ലാം നൽകുവാനായി താൻ ശ്രമിച്ചിട്ടുണ്ട് എന്നും പറഞ്ഞ വിരാട് കോഹ്ലി യുവ താരങ്ങൾക്ക് അടക്കം ഒരു മികച്ച സ്വാതന്ത്ര്യം സൃഷ്ടിക്കാൻ താൻ ഏറെ ട്രൈ ചെയ്തിട്ടുണ്ട് എന്നും തുറന്ന് പറഞ്ഞു. “ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഈ ടീമിനായി 120 ശതമാനവും ഞാൻ നൽകിയിട്ടുണ്ട്. ഇനിയും ഒരു കളിക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ എല്ലാവിധ സപ്പോർട്ടും നൽകും. മറ്റൊരു ഐപിൽ ടീമിനായി കളിക്കുന്നത് തനിക്ക് ഒരുവേള ചിന്തിക്കാൻ പോലും കഴിയില്ല. ഞാൻ ഐപിൽ കളിക്കുന്ന കാലത്തോളം ഈ ടീമിനായി മാത്രമാകും കളിക്കുക ” വിരാട് വൈകാരികനായി പറഞ്ഞു

Previous articleകോഹ്ലിയുടെ ക്യാപ്റ്റന്‍സി റെക്കോഡുകള്‍ നിങ്ങളെ ഞെട്ടിക്കും
Next articleകിരീടം നേടണമെങ്കിൽ ആവേശം മാത്രം പോരാ :പരിഹാസവുമായി ഗൗതം ഗംഭീർ