അന്ന് 183 റൺസ് എങ്ങനെ നേടിയെന്ന് എനിക്കറിയില്ല. പാക് ബോളിങ്ങിനെ പഞ്ഞിക്കിട്ട ഇന്നിങ്സിനെപറ്റി കോഹ്ലി.

VIRAT KOHLI 183

2012 ഏഷ്യകപ്പിൽ പാകിസ്ഥാൻ ടീമിനെതിരെ മിർപ്പൂരിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി കാഴ്ചവച്ചിരുന്നത്. മത്സരത്തിൽ 183 റൺസ് നേടിയ വിരാട് കോഹ്ലി ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കും വഹിക്കുകയുണ്ടായി. അന്നത്തെ മത്സരത്തിലെ പ്രകടനത്തെ പറ്റി വിരാട് കോഹ്ലി സംസാരിക്കുകയുണ്ടായി. അത്ര മികച്ച പാക്കിസ്ഥാൻ ബോളിംഗ് നിരക്കെതിരെ 183 റൺസ് മത്സരത്തിൽ നേടാൻ സാധിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് വിരാട് കോഹ്ലി പറയുന്നത്. ആ ഇന്നിംഗ്സ് കളിച്ച ദിവസം താൻ മറ്റൊരു ലെവലിലായിരുന്നു എന്ന് കോഹ്ലി പറയുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി മുഹമ്മദ് ഹഫീസ് 113 പന്തുകളിൽ 105 റൺസും, ജംഷീദ് 104 പന്തുകളിൽ 112 റൺസും നേടിയിരുന്നു. ഈ മികവിൽ 329ന് 6 എന്ന നിലയിലാണ് പാക്കിസ്ഥാൻ ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്. ശേഷമായിരുന്നു വിരാട് കോഹ്ലിയുടെ അഴിഞ്ഞാട്ടം. മത്സരത്തിൽ 148 പന്തുകളിൽ നിന്നാണ് വിരാട് 183 റൺസ് അടിച്ചുകൂട്ടിയത്. ഇന്നിംഗ്സിൽ 22 ബൗണ്ടറികളും ഒരു സിക്സറും വിരാട് കോഹ്ലി നേടിയിരുന്നു.

ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ഗൗതം ഗംഭീറിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ വിരാട് കോഹ്ലിയും സച്ചിനും ചേർന്ന് 133 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ശേഷം മൂന്നാം വിക്കറ്റിൽ രോഹിത് ശർമയുമൊത്ത് വിരാട് കോഹ്ലി നിറഞ്ഞാടിയപ്പോൾ ഇന്ത്യ വിജയത്തിലേക്ക് അടുക്കുകയായിരുന്നു.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

ഇന്നിംഗ്സിന്റെ ഓർമ്മകൾ പുതുക്കിയാണ് വിരാട് കോഹ്ലി സംസാരിച്ചത്. അന്ന് യാതൊരു പ്രത്യേക പ്ലാനുകളും ഇല്ലാതെയാണ് മൈതാനത്തിറങ്ങിയത് എന്ന് വിരാട് കോഹ്ലി പറയുന്നു. “ഒരു ഇന്നിങ്‌സിൽ ഞാൻ ഇത്രയധികം റൺസ് സ്വന്തമാക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

അതും മത്സരത്തിൽ ചെയ്സ് ചെയ്യുമ്പോൾ. ആ 183 റൺസ് എനിക്കിപ്പോഴും സ്പെഷ്യൽ തന്നെയാണ്. അന്ന് ഞാൻ മറ്റൊരു തരത്തിലാണ് ബാറ്റ് ചെയ്തിരുന്നത്. ഒരു കാര്യവും മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല. എന്റേതായ രീതിയിൽ കളിക്കുക എന്നത് മാത്രമായിരുന്നു മനസ്സിലുള്ളത്. മത്സരത്തിൽ ഓരോ ബോളുകൾ മുൻപോട്ടു പോകുമ്പോഴും ഞാൻ കൂടുതൽ ശക്തനായി മാറി.”- വിരാട് കോഹ്ലി പറയുന്നു.

“പിന്നീട് ഞാൻ മികവുപുലർത്തിയതോടെ എനിക്ക് തന്നെ ആശ്ചര്യമുണ്ടായി. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി നേടാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ 183 എന്ന വമ്പൻ സ്കോർ നേടുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യം തന്നെയായിരുന്നു. പ്രത്യേകിച്ച് പാക്കിസ്ഥാൻ പോലെ മികവുറ്റ ഒരു ടീമിനെതിരെ.”- കോഹ്ലി കൂട്ടിച്ചേർക്കുകയുണ്ടായി.

Scroll to Top