ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

sanju samson yashasvi jaiswal 1683873571

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കിയ യുവ ഇന്ത്യൻ താരമാണ് ജയസ്വാൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം വളരെ മികച്ച ഫോമോടെയാണ് ജയസ്‌വാൾ ഐപിഎല്ലിൽ എത്തിയത്. എന്നാൽ ഇതുവരെ ഓർത്തുവയ്ക്കാൻ പാകത്തിനുള്ള ഒരു ഇന്നിംഗ്സ് കാഴ്ചവെക്കാൻ ജയസ്വാളിന് ഐപിഎല്ലിൽ സാധിച്ചിട്ടില്ല.

വളരെ പതിഞ്ഞ തുടക്കമാണ് 2024 ഐപിഎല്ലിൽ ജയസ്വാളിന് ലഭിച്ചിരിക്കുന്നത്. സീസണിൽ ഒരു അർദ്ധസെഞ്ച്വറി പോലും ജയസ്വാൾ സ്വന്തമാക്കിയിട്ടുമില്ല. രാജസ്ഥാന്റെ മറ്റൊരു ഓപ്പണറായ ബട്ലർ തന്റെ ഫോമിലേക്ക് തിരികെ എത്തിയിട്ടും ജയസ്വാളിന്റെ പ്രകടനം നിരാശ പടർത്തുന്നു. എന്നിരുന്നാലും ജയസ്വാളിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ.

ജയസ്വാളിൽ താൻ അങ്ങേയറ്റം വിശ്വാസം അർപ്പിക്കുന്നു എന്നാണ് ഗവാസ്കർ പറയുന്നത്. ടെസ്റ്റ് പരമ്പരയിൽ നിന്ന് ട്വന്റി20യിലേക്ക് വരുമ്പോൾ വലിയ രീതിയിലുള്ള മാറ്റം ആവശ്യമാണെന്നും, അതത്ര എളുപ്പമല്ലെന്നും ഗവാസ്കർ പറയുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ജയസ്വാളിന്റെ പ്രകടനം കൂടി വിലയിരുത്തിയ ശേഷമാണ് ഗവാസ്കർ സംസാരിച്ചത്.

“രാജസ്ഥാനായി നാലാം നമ്പറിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് പരഗ് പുറത്തെടുക്കുന്നത്. അതുകൊണ്ടു തന്നെ രാജസ്ഥാന്റെ ബാറ്റിംഗ് ഏകദേശം മികച്ചത് തന്നെയാണ്. എന്നിരുന്നാലും ജയസ്വാൾ മത്സരങ്ങളിൽ റൺസ് കണ്ടെത്തേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വളരെ മികച്ച പ്രകടനങ്ങൾ തന്നെയാണ് ജയസ്വാൾ പുറത്തെടുത്തിട്ടുള്ളത്. എന്നാൽ അതിന് ശേഷം ട്വന്റിക്രിക്കറ്റിലേക്ക് പൊരുത്തപ്പെടാൻ ജയസ്വാളിന് ഇതുവരെ സാധിച്ചിട്ടില്ല.”- ഗവാസ്കർ പറയുന്നു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും സംഭവിക്കാം. പക്ഷേ ഇത് ഐപിഎല്ലിന്റെ തുടക്ക ദിവസങ്ങൾ മാത്രമാണ്. രാജസ്ഥാന് ഇനിയും നോക്കൗട്ടിന് മുൻപ് 10 മത്സരങ്ങൾ അവശേഷിക്കുന്നു. അതുകൊണ്ടുതന്നെ ജയസ്വാളിന്റെ ഈ പ്രകടനത്തിൽ ഞാൻ നിരാശനല്ല.”

”രാജസ്ഥാനും ഇതിൽ ഒരുപാട് നിരാശപ്പെടില്ല എന്നാണ് ഞാൻ കരുതുന്നത്. കാരണം ഉടനെ തന്നെ അവൻ ബാറ്റ് ഉപയോഗിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി നൽകും എന്ന് ഞാൻ കരുതുന്നു. വളരെ ഉയർന്ന ശബ്ദത്തിൽ തന്നെ അവൻ മറുപടി നൽകുമെന്നാണ് എനിക്ക് തോന്നുന്നത്.”- ഗവാസ്കർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ എഡിഷനിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരമായിരുന്നു ജയസ്വാൾ. 2023 ഐപിഎല്ലിൽ 625 റൺസാണ് ഈ രാജസ്ഥാൻ യുവതാരം സ്വന്തമാക്കിയത്. 5 അർത്ഥ സെഞ്ചറികളും ഒരു സെഞ്ച്വറിയും അടങ്ങിയതായിരുന്നു ജയസ്വാളിന്റെ 2023 സീസണിലെ പ്രകടനം.

എന്നാൽ ഇത്തവണ ജയസ്വാളിന്റെ നിഴൽ മാത്രമാണ് കാണാൻ സാധിച്ചിട്ടുള്ളത്. അതേസമയം മറുവശത്ത് യുവതാരം റിയാൻ പരഗിന്റെ മറ്റൊരു മുഖവും കാണാൻ സാധിക്കുന്നു. ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ജയസ്വാൾ തിരികെ ഫോമിലേക്ക് വരേണ്ടത് ഇന്ത്യൻ ടീമിന്റെ കൂടെ ആവശ്യമാണ്.

Scroll to Top