നായകൻ കോഹ്ലിയുടെ മാസ്സ് മറുപടി :ഇത് കിങ് കോഹ്ലിയുടെ ജയം

ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ് ഏറെ ആവേശത്തിൽ സമാപിച്ചപ്പോൾ തലയുയർത്തി മാസ്മരിക ജയത്തോടെ ലോർഡ്‌സിൽ നിന്നും മടങ്ങുകയാണ് കോഹ്ലിയും ഇന്ത്യൻ സംഘവും. അതേ ഇത് നായകൻ കോഹ്ലിയുടെ കൂടി ജയം തന്നെയാണ്. ചരിത്ര നേട്ടങ്ങൾക്ക്‌ എല്ലാം സാക്ഷിയായിട്ടുള്ള ലോർഡ്‌സിൽ ടീം ഇന്ത്യക്കും എക്കാലവും ഓർത്തിരിക്കാൻ സാധിക്കുന്ന അനവധി റെക്കോർഡുകൾ അടക്കം കരസ്ഥമാക്കിയാണ് ഇന്ത്യൻ ടീം 151 റൺസിന്റെ ജയം നേടിയിരിക്കുന്നത്. അഞ്ചാം ദിനം ലോർഡ്‌സിൽ ഇന്ത്യൻ തോൽവിക്ക്‌ കാരണമായി മാറുമെന്ന് കരുതിയ ജിമ്മി അൻഡേഴ്സൺ വിക്കറ്റും വീഴ്ത്തി സ്റ്റേഡിയത്തിന് ചുറ്റും സന്തോഷ പ്രകടനം നടത്തി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ കോഹ്ലിക്ക് കരിയറിൽ തന്നെ ഏറ്റവും മികച്ച ഒരു ടെസ്റ്റ് ജയമാണ് ടീം ഇന്ത്യക്ക് സമ്മാനിക്കുവാൻ കഴിഞ്ഞത്. ബാറ്റിങ്ങിൽ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുവാൻ കഴിഞ്ഞില്ല എങ്കിലും എല്ലാ വിമർശനങ്ങൾക്കും മറുപടിയായി ലോർഡ്‌സിൽ പിറന്ന നേട്ടങ്ങൾ തന്നെ കോഹ്ലിക്ക് ധാരാളം.

ലോർഡ്‌സ് ടെസ്റ്റിലെ അഞ്ചാം ദിനത്തിൽ ഏറ്റവും വലിയ സവിശേഷതയായി മാറി കഴിഞ്ഞത് ഇന്ത്യൻ ടീം രണ്ടാം ഇന്നിങ്സ് ബാറ്റിങ് തന്നെയാണ്. ഷമി :ബുംറ ജോഡി ഒൻപതാം വിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ രക്ഷകരായി എത്തിയപ്പോൾ ഇന്നിങ്സ് 298 റൺസിൽ ഡിക്ലയർ ചെയ്യുവാനും ഇന്ത്യൻ ടീമിന് കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ്‌ ചരിത്രത്തിൽ ലോർഡ്‌സിലെ മണ്ണിൽ ഇതുവരെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റനും ഇന്നിങ്സ് ഡിക്ലയർ ചെയ്യുവാനായി സാധിച്ചിട്ടില്ല. ഇതോടെ ലോർഡ്‌സിൽ ഇന്നിങ്സ് ഡിക്ലറേഷൻ പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി കോഹ്ലി മാറി.

അതേസമയം തന്റെ അറുപത്തിമൂന്നാം ടെസ്റ്റിലാണ് കോഹ്ലി ഇന്ത്യൻ ടീമിനെ നയിച്ചത്. ഏഷ്യൻ സാഹചര്യങ്ങളിൽ മാത്രം ജയിക്കുന്ന ചീത്തപേര് കൂടി മാറ്റി കുതിപ്പ് തുടരുന്ന കോഹ്ലിയും സംഘവും മറ്റൊരു ഐതിഹാസിക നേട്ടത്തിലൂടെ കടന്നുപോവുകയാണ്.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം ജയങ്ങൾ നേടിയ നായകന്മാരിൽ നാലാമത് എന്തുവാനായി കോഹ്ലിക്ക് കഴിഞ്ഞു.53 ടെസ്റ്റ് ജയങ്ങൾ സ്വന്തമാക്കിയ സൗത്താഫ്രിക്കൻ മുൻ നായകൻ ഗ്രേയിം സ്മിത്താണ് ലിസ്റ്റിൽ ഒന്നാമത്.

എന്നാൽ നേട്ടങ്ങൾക്ക് എല്ലാം അപ്പുറം തന്റെ ക്യാപ്റ്റൻസി മികവും ടീമിനെ എല്ലാ പ്രതിസന്ധിയിലും മുന്നിൽ നിന്ന് തന്നെ നയിക്കാനുള്ള ആർജവവും കോഹ്ലിക്ക് വാനോളം പ്രശംസയാണ് ഇപ്പോൾ നൽകുന്നത്. ടെസ്റ്റിൽ ജയിക്കാനായി മാത്രമാണ് താനും ടീമും കളിക്കുക എന്ന് മുൻപും പറഞ്ഞിട്ടുള്ള കോഹ്ലി സമനില തന്റെ ചിന്തയിൽ പോലുമില്ലാ എന്നുള്ള സൂചന നൽകുംവിധമാണ് ലോർഡ്‌സ് ടെസ്റ്റിൽ ഡിക്ലയർ ചെയ്യാനുള്ള കരുത്ത് കാണിച്ചത്. കൂടാതെ രണ്ടാം ഇന്നിങ്സിൽ ഗംഭീരമായ ഒരു റിവ്യൂ തീരുമാനത്തിൽ കൂടി ഇംഗ്ലണ്ട് താരം ബെയർസ്റ്റോ വിക്കറ്റ് നേടിയെടുക്കുവാനും കഴിഞ്ഞു. മുൻപ് റിവ്യൂ തീരുമാനങ്ങളുടെ പേരിൽ തന്നെ ഏറെ അപമാനിച്ച ഇംഗ്ലണ്ട് ആരാധകരെ അടക്കം നിശബ്ദരാക്കുവാൻ കോഹ്ലിക്ക് സാധിച്ചു.

Previous articleക്രിക്കറ്റിന്‍റെ മെക്കയില്‍ ഇന്ത്യക്ക് ആവേശ വിജയം. ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു ഇന്ത്യന്‍ പേസര്‍മാര്‍
Next articleഓഗസ്റ്റ് കഴിഞ്ഞാൽ ഞങ്ങൾ പുലികൾ :ഇംഗ്ലണ്ട് ടീമിനെ ട്രോളി വസീം ജാഫർ