ക്രിക്കറ്റിന്‍റെ മെക്കയില്‍ ഇന്ത്യക്ക് ആവേശ വിജയം. ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു ഇന്ത്യന്‍ പേസര്‍മാര്‍

Virat Kohli celebration

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശ വിജയം. ലോര്‍ഡ്സില്‍ നടന്ന ടെസ്റ്റില്‍ 151 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 120 ല്‍ പുറത്തായി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1 – 0 ത്തിനു മുന്നിലെത്തി.

ജസ്പ്രീത് ബുമ്ര എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ(0) ഇംഗ്ലണ്ടിന് നഷ്ടമായി. രണ്ടാം ഓവറിൽ മുഹമ്മദ് ഷാമി ഇംഗ്ലണ്ടിനു മറ്റൊരു പ്രഹരമേല്‍പ്പിച്ചു. ഡൊമനിക് സിബ്ലിയെ (0) പുറത്താക്കി സ്കോർ ബോർഡിൽ ഒരു റണ്ണെത്തുമ്പേഴേക്കും രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു.

England vs India

ആദ്യ ഇന്നിം​ഗ്സിലേതുപോലെ ക്യാപ്റ്റൻ ജോ റൂട്ട് തകരാതെ പിടിച്ചു നിന്നെങ്കിലും മറുവശത്ത് ഹസീബ് ​ഹമീദിനെ (9) ഇഷാന്ത് വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇം​ഗ്ലണ്ട് തകര്‍ന്നു. ജോ റൂട്ടും – ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനു ശ്രമം നടത്തിയെങ്കിലും ചായക്ക് തൊട്ടു മുമ്പ് അവസാന പന്തിൽ ജോണി ബെയർസ്റ്റോയെ (2) വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഇഷാന്ത് ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയത്. ചായക്ക് ശേഷമുള്ള ആദ്യ ഓവറിൽ വിജയത്തിലേക്കുള്ള ഇന്ത്യയുടെ വഴി മുടക്കി നിന്ന ക്യാപ്റ്റൻ ജോ റൂട്ടിനെ(33) ബുമ്ര സ്ലിപ്പിൽ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ കൈകളിലെത്തിച്ചു

തൊട്ടടുത്ത ബോളുകളില്‍ മൊയിന്‍ അലി (13) സാം കരണ്‍(0) എന്നിവരെ പുറത്താക്കി സിറാജ് ഇന്ത്യയെ വിജയത്തിന്‍റെ അടുത്ത് എത്തിച്ചു. എന്നാല്‍ ജോസ് ബട്ട്ലറോടൊപ്പം ഒലി റോബിന്‍സണ്‍ ചേര്‍ന്നതോടെ ഇംഗ്ലണ്ട് പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ റോബിന്‍സണിനെ (9) വിക്കറ്റിനു മുന്നില്‍ കുടുക്കി ബൂംറ വിജയപ്രതീക്ഷ നല്‍കി. തൊട്ടടുത്ത ഓവറില്‍ ജോസ് ബട്ട്ലറും (25) സിറാജിന്‍റെ പന്തില്‍ പുറത്തായി. ജയിംസ് ആന്‍ഡേഴ്സണിന്‍റെ കുറ്റി തെറിപ്പിച്ചാണ് സിറാജ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ഇന്ത്യക്കു വേണ്ടി മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തി. ബൂംറ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഈഷാന്ത് ശര്‍മ്മ രണ്ടും മുഹമ്മദ് ഷാമി ഒരു വിക്കറ്റും സ്വന്തമാക്കി.

അഞ്ചാം ദിനം എട്ടു വിക്കറ്റിന് 209 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യയെ വാലറ്റമായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മികച്ച ലീഡിലേക്ക് നയിക്കുകയായിരുന്നു. ഒമ്പതാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 89 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഷമി 70 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്തപ്പോൾ 64 പന്തിൽ 34 റൺസുമായി ബുംറ മികച്ച പിന്തുണ നൽകി.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.
Bumrah and Shami

ടെസ്റ്റ് കരിയറിലെ രണ്ടാം അര്‍ദ്ധസെഞ്ചുറി സിക്സിലൂടെയാണ് ഷമി പൂര്‍ത്തിയാക്കിയത്. ആറു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന നിലയിൽ അഞ്ചാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് 13 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഋഷഭ് പന്തിനെ നഷ്ടപ്പെട്ടു. ഒലി റോബിൻസൺന്റെ പന്തിൽ പുറത്താകുമ്പോൾ പന്തിനു നേടാനായത് 22 റൺസ് മാത്രം. പിന്നാലെ 16 റൺസെടുത്ത ഇഷാന്ത് ശർമയേയും റോബിൻസൺ തിരിച്ചയച്ചതോടെ ഇന്ത്യ തോല്‍വി മണത്തു. എന്നാല്‍ ബൂംറ – ഷാമി കൂട്ടുകെട്ട് 89 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ച് ഇംഗ്ലണ്ടിനു മുന്നില്‍ 272 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ വച്ചു.

146 പന്തിൽ അഞ്ച് ഫോറുകളോടെ 61 റൺസെടുത്ത വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കെ.എൽ. രാഹുൽ (3), രോഹിത് ശർമ (21), ചേതേശ്വർ പൂജാര (45), വിരാട് കോലി (20), രവീന്ദ്ര ജഡേജ (3) എന്നിവരാണ് നാലാം ദിനം പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. 18 ഓവറിൽ 51 റൺസ് വഴങ്ങിയാണ് വുഡ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. മോയിൻ അലി, ഒലി റോബിൻസൺ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. സാം കറന് ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 364-നെതിരേ 391 റൺസിന് പുറത്തായ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 27 റൺസ് ലീഡ് നേടിയിരുന്നു. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ തുണച്ചത്. 321 പന്തിൽ 18 ബൗണ്ടറി സഹിതം റൂട്ട് 180 റൺസെടുത്തു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ചുറിയായിരുന്നു ഇത്. സെഞ്ചുറി നേടിയ കെഎൽ രാഹുലിന്റെ മികവിലാണ് ഇന്ത്യ ഒന്നാമിന്നിങ്സിൽ 364 റൺസ് നേടിയത്

Scroll to Top