ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുകയുണ്ടായി. മൂന്ന് ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ കളിക്കുന്നത്. ലോകകപ്പിന് മുൻപായുള്ള ഇന്ത്യയുടെ അവസാന ട്വന്റി20 പരമ്പരയാണ് നടക്കാൻ പോകുന്നത്. അതിനാൽ തന്നെ ടീമിലെ യുവതാരങ്ങൾക്കൊക്കെയും പരമ്പര വളരെ നിർണായകമാണ്.
രോഹിത് ശർമയും വിരാട് കോഹ്ലിയും അടക്കമുള്ള സീനിയർ താരങ്ങൾ ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് തിരികെ വന്നിട്ടുണ്ട് എന്നതാണ് പരമ്പരയുടെ ആകർഷണം. ഒപ്പം മലയാളി താരം സഞ്ജു സാംസന്റെ ട്വന്റി20 ടീമിലേക്കുള്ള തിരിച്ചുവരവും പരമ്പരയിലൂടെ കാണാൻ സാധിക്കും. എന്നാൽ കുറച്ചു മികച്ച താരങ്ങളെ ഒഴിവാക്കിയാണ് ഇന്ത്യ പരമ്പരയ്ക്കുള്ള ടീം തയ്യാറാക്കിയിരിക്കുന്നത്. ഈ താരങ്ങൾക്കൊക്കെയും വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് നഷ്ടമാവും എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇങ്ങനെയുള്ള കുറച്ചു താരങ്ങളെ പരിശോധിക്കാം .
1. യുസ്വെന്ദ്ര ചഹൽ
ഇന്ത്യയ്ക്കായി ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് സ്പിന്നർ ചഹൽ. എന്നാൽ ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ചാഹലിനെ ഉൾപ്പെടുത്തിയിട്ടില്ല. 96 വിക്കറ്റുകളാണ് ട്വന്റി20കളില്‍ ചഹൽ ഇന്ത്യക്കായി നേടിയത്. പക്ഷേ 2022 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യക്കായി ഒരു ട്വന്റി20 മത്സരം പോലും ചാഹൽ കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ 2024 ട്വന്റി20 ലോകകപ്പിൽ കളിക്കാനുള്ള ചഹലിന്റെ സാധ്യതകൾ മങ്ങിയിരിക്കുകയാണ്.
2. ഭുവനേശ്വർ കുമാർ
2022ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ബോളിംഗ് നിരയ്ക്ക് നേതൃത്വം നൽകിയത് ഭൂവിയായിരുന്നു. എന്നാൽ ആ ലോകകപ്പിന് ശേഷം ഒരു ട്വന്റി20 മത്സരം പോലും ഇന്ത്യക്കായി കളിക്കാൻ ഭുവനേശ്വർ കുമാറിന് സാധിച്ചിട്ടില്ല. അർഷദീപ്, മുകേഷ് കുമാർ, ആവേഷ് ഖാൻ തുടങ്ങിയ താരങ്ങളുടെ ടീമിലേക്കുള്ള കടന്നുവരവ് ഭുവനേശ്വർ കുമാറിനെ വലിയ രീതിയിൽ ബാധിക്കുകയുണ്ടായി. ഇനി ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരിക എന്നത് ഭൂവനേശ്വർ കുമാറിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.
3. കെഎൽ രാഹുൽ
രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും പോലെ 2022 ലോകകപ്പിന് ശേഷം ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങളിൽ അണിനിരക്കാതിരുന്ന താരമാണ് രാഹുലും. എന്നാൽ കോഹ്ലിയും രോഹിത്തും ഇപ്പോൾ ടീമിലേക്ക് തിരികെ എത്തിയപ്പോഴും രാഹുലിനെ ഇന്ത്യ അവഗണിക്കുകയാണ് ചെയ്തത്. ഇതിനർത്ഥം ട്വന്റി20 ലോകകപ്പിലേക്ക് രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നില്ല എന്നതു തന്നെയാണ്. ടീമിൽ റിങ്കു സിങ്, സഞ്ജു സാംസൺ, ജിതേഷ് ശർമ തുടങ്ങിയ താരങ്ങൾ കടന്നുവന്നത് രാഹുലിനെ ബാധിച്ചിട്ടുണ്ട്.
4. ശ്രേയസ് അയ്യർ
കഴിഞ്ഞ വർഷം ഓസ്ട്രേലിക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നടന്ന ഇന്ത്യയുടെ ട്വന്റി20 പരമ്പരകളിലെ അംഗമായിരുന്നു ശ്രേയസ് അയ്യർ. ഇന്ത്യയ്ക്കായി പരമ്പരകളിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ ഈ 29കാരന് സാധിച്ചു. എന്നാൽ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ ശ്രേയസിനെ പരിഗണിച്ചിട്ടില്ല. ലോകകപ്പിൽ ഹർദിക് പാണ്ട്യയും സൂര്യകുമാർ യാദവും അടക്കമുള്ള താരങ്ങൾ തിരിച്ചുവരും എന്നതുകൊണ്ട് തന്നെ ശ്രേയസ് അയ്യരുടെ ടീമിലെ സ്ഥാനവും വലിയ പ്രതിസന്ധിയിലാണ്.
5. ഇഷാൻ കിഷൻ
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിൽ കളിക്കാൻ ഇഷാൻ കിഷന് സാധിച്ചിരുന്നില്ല. പിന്നീട് ടെസ്റ്റ് പരമ്പരയിൽ നിന്നും വ്യക്തിപരമായ കാരണങ്ങൾ മൂലം ഇഷാൻ മാറി നിന്നിരുന്നു. ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലും കിഷനെ ഉൾപ്പെടുത്തിയിട്ടില്ല. പകരക്കാരനായി മലയാളി താരം സഞ്ജു സാംസനെയാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്.
സഞ്ജു സാംസൺ അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ ഇഷാൻ കിഷന് ലോകകപ്പിൽ കളിക്കുക എന്നത് വലിയ പ്രതിസന്ധിയായി മാറും. മാത്രമല്ല ജിതേഷ് ശർമ, റിഷഭ് പന്ത് എന്നിവരുടെ വലിയ മത്സരവും ഇനി ഇഷാന് നേരിടേണ്ടി വന്നേക്കും.