ടി20 ക്രിക്കറ്റിലെ സുപരിചിത പേരാണ് ടിം ഡേവിഡ്. സിംഗപ്പൂരിൽ ജനിച്ച ഈ ഓസ്‌ട്രേലിയൻ ബാറ്റർ, ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹം ഇതുവരെ ഓസ്‌ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ല. ഐപിഎൽ 2022 മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് 8.25 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഇതു കൂടാതെ ബിബിഎൽ, സിപിഎൽ, പിഎസ്എൽ, ടി20 ബ്ലാസ്റ്റ്, ദി ഹൺഡ്രഡ് എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.
ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ഈയിടെ അന്തരിച്ച ആന്‍ഡ്രൂ സൈമെണ്ട്സിനെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഡേവിഡിനെക്കുറിച്ച് പറയുമ്പോൾ, താന്‍ സെലക്ടറായിരുന്നെങ്കിൽ തന്റെ ടീമില്‍ ഉണ്ടായിരിക്കാൻ താൻ ഇഷ്ടപ്പെടുമായിരുന്നുവെന്ന് ഇതിഹാസ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞു. ഡേവിഡ് ഒരു മാച്ച് വിന്നറാണെന്നും 2022ലെ ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഡേവിഡ് വലിയൊരു മുതൽക്കൂട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാനൊരു സെലക്ടറായിരുന്നുവെങ്കിൽ, അങ്ങനെയൊരാൾ എന്റെ ടീമിൽ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ ഒരു ഔട്ട് ആൻഡ് ഔട്ട് മാച്ച് വിന്നറാണ്. നിങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു ലോകകപ്പ് നേടാൻ കഴിയുന്ന തരത്തിലുള്ള കളിക്കാരനാണ് അദ്ദേഹം.
മിഡിൽ ഓർഡറിൽ മികച്ച പ്രതിഭയുള്ള ചില കളിക്കാരെ ഓസ്‌ട്രേലിയക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ടിം ഡേവിഡിനോളം അവരിൽ ആരുമില്ലെന്നും പോണ്ടിംഗ് പറഞ്ഞു.
“2003 ലോകകപ്പിലെ ആൻഡ്രൂ സൈമണ്ട്‌സിനെ അദ്ദേഹം യഥാർത്ഥത്തിൽ എന്നെ ഓർമ്മിപ്പിക്കുന്നു. നിങ്ങൾ അവരെ ഉൾപ്പെടുത്തുകയും അവർക്ക് ഒരു അവസരം നൽകുകയും ചെയ്താൽ അവന്‍ നിങ്ങൾക്കായി ഒരു ടൂർണമെന്റ് വിജയിക്കും. അങ്ങനെയാണ് ഞാൻ ഇപ്പോൾ അവനെ നോക്കുന്നത്, ഓസ്‌ട്രേലിയയുടെ മധ്യനിരയിൽ നിലവാരമുള്ള മറ്റ് ചില കളിക്കാർ ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ അവരാരും കഴിഞ്ഞ രണ്ട് വർഷമായി ടിമ്മിനെപ്പോലെ മികച്ച ഒരു പ്രകടനം നടത്തുന്നില്ല,” പോണ്ടിംഗ് കൂട്ടിച്ചേർത്തു.