ക്രിക്കറ്റ് ആരാധകരിൽ എല്ലാം വളരെ അധികം വിവാദമായി മാറിയ ഒരു സംഭവത്തിന് ശിക്ഷ ഉറപ്പാക്കി ലങ്കൻ ക്രിക്കറ്റ് ബോർഡ്.ലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ജൂലൈ രണ്ടാം വാരം അവസാനിച്ചെങ്കിലും പരമ്പരക്കിടയിൽ കോവിഡ് വ്യാപന സാഹചര്യമാണ് ടീം നേരിടേണ്ടി വന്നത്. ഇക്കാര്യത്തിൽ ഒരു കടുത്ത നിലപാടിലേക്കാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന് എതിരായ പര്യടനം നടക്കുന്ന കാലയളവിൽ ടീം ഹോട്ടലിൽ നിന്നും പുറത്ത് പോയി എല്ലാവിധ മാനദണ്ഡവും മറികടന്നതായി തെളിഞ്ഞ മൂന്ന് ലങ്കൻ ക്രിക്കറ്റ് താരങ്ങൾക്കാണ് ഇപ്പോൾ ഒരു വർഷത്തെ വിലക്കും ഒപ്പം പിഴശിക്ഷയും പ്രഖ്യാപിച്ചിരിക്കുന്നത്. ലങ്കൻ ക്രിക്കറ്റ് ബോർഡ് കൈകൊണ്ട ശക്തമായ ഈ തീരുമാനത്തിന് ആരാധകരിൽ നിന്നും കയ്യടികൾ ലഭിച്ച് കഴിഞ്ഞു.
പ്രമുഖ ശ്രീലങ്കൻ താരങ്ങളായ ധനുഷ്ക ഗുണതിലക, കുശാൽ മെൻഡിസ്, വിക്കറ്റ് കീപ്പർ ഡിക്ക്വെല്ല എന്നിവർക്കാണ് ഒരു വർഷത്തെ വിലക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും കൂടാതെ ആറ് മാസത്തെ വിലക്ക് ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ലഭിച്ചത്.കൂടാതെ ബയോ ബബിൾ അടക്കം മറികടന്നുള്ള താരങ്ങളുടെ ഈ പ്രവർത്തിക്ക് ഒരു കോടി രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. ശ്രീലങ്കയിലെ മുൻ ജഡ്ജി അധ്യക്ഷനായ കമ്മീഷൻ ഡിക്ക്വെല്ലക്ക് ഒന്നര വർഷം വിലക്കും മറ്റുള്ള 2 ക്രിക്കറ്റ് താരങ്ങൾക്ക് രണ്ട് വർഷത്തെ വിലക്കും നിർദ്ദേശിച്ചെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇരുവർക്കുമുള്ള ശിക്ഷ ഒരു വർഷമാക്കി നിശ്ചയിച്ചു.
എന്നാൽ താരങ്ങൾ മൂവരും ബയോ ബബിൾ മറികടന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ക്രിക്കറ്റ് ലോകത്തും ശ്രീലങ്കൻ ബോർഡിന് ഏറെ വിമർശനം കേൾക്കുവാൻ കാരണമായിരുന്നു. മൂന്ന് താരങ്ങളും ഇംഗ്ലണ്ടിലെ തെരുവുകളിൽ കൂടി നടക്കുന്ന ചിത്രങ്ങളും ഒപ്പം ചില വീഡിയോകളും പ്രചാരം നേടിയിരുന്നു. മൂന്ന് താരങ്ങളെയും ഇംഗ്ലണ്ട് പര്യടനം പൂർത്തിയാക്കും മുൻപേ നാട്ടിലേക്ക് അയച്ച ബോർഡ് ഇന്ത്യക്ക് എതിരായ പരമ്പരകളിൽ മൂവരെയും ടീമിലേക്ക് ഉൾപെടുത്തിയിരുന്നില്ല. രാജ്യത്തിന് ആകെ മൂന്ന് താരങ്ങൾ നാണക്കേട് സൃഷ്ടിച്ചതായിട്ടാണ് പല ലങ്കൻ മുൻ താരങ്ങളുടെയും അഭിപ്രായം.