2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് ഒരു അപ്രതീക്ഷിതമായ എൻട്രിയായിരുന്നു രവിചന്ദ്രൻ അശ്വിന്റേത്. കഴിഞ്ഞ 20 മാസങ്ങളായി ഇന്ത്യക്കായി ഒരു ഏകദിന മത്സരം പോലും അശ്വിൻ കളിച്ചിരുന്നില്ല. എന്നാൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ ടീമിലേക്ക് ഒരു മാസ് തിരിച്ചുവരവ് നടത്താൻ അശ്വിന് സാധിച്ചു. പരമ്പരയിലെ രണ്ടു മത്സരങ്ങളിലും മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തതോടെ അശ്വിനെ ഇന്ത്യ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ അക്ഷർ പട്ടേലിന് പകരക്കാരനായാണ് അശ്വിനെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്നാണ് രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
2023 ഏഷ്യാകപ്പിലെ സൂപ്പർ നാല് പോരാട്ടത്തിനിടെ ആയിരുന്നു അക്ഷർ പട്ടേലിന് പരിക്കേറ്റത്. ശേഷം ഏഷ്യാകപ്പിന്റെ ഫൈനലിനായി ഇന്ത്യ രവിചന്ദ്രൻ അശ്വിനെ പരിഗണിക്കുകയായിരുന്നു. എന്നാൽ അന്നത്തെ മത്സരത്തിൽ അശ്വിന് ടീമിനൊപ്പം ചേരാൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി.
പിന്നീട് തമിഴ്നാട്ടിൽ ചില ക്ലബ്ബ് മത്സരങ്ങൾ കൂടി കളിച്ച ശേഷമാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് അശ്വിൻ എത്തിയത്. ഓസ്ട്രേലിയക്കെതിരെ 2 ഏകദിനങ്ങളിൽ നിന്ന് 4 വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കുകയുണ്ടായി. വളരെ പെട്ടെന്ന് ഇന്ത്യൻ ടീമിലേക്ക് എത്തിപ്പെട്ടതിനെ പറ്റി അശ്വിൻ പിന്നീട് സംസാരിച്ചു.
“എന്റെ ജീവിതം ഒരുപാട് സർപ്രൈസുകൾ നിറഞ്ഞതായിരുന്നു. സത്യം പറഞ്ഞാൽ ഈ സമയത്ത് ഞാൻ ഇവിടെ ഉണ്ടാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. സാഹചര്യങ്ങളാണ് എന്നെ മുൻപോട്ട് കൊണ്ടുപോകുന്നത്. ഇന്ന് ടീമിനൊപ്പം തുടരാൻ എനിക്ക് സഹായകമായതും ആ സാഹചര്യങ്ങൾ തന്നെയാണ്. ടീം മാനേജ്മെന്റ് എന്നിൽ വിശ്വാസമർപ്പിക്കുന്നതിൽ വലിയ സന്തോഷമുണ്ട്.”- രവിചന്ദ്രൻ അശ്വിൻ പറയുകയുണ്ടായി. ഒപ്പം ഈ ലോകകപ്പിൽ ഇന്ത്യ സമ്മർദ്ദത്തെ അതിജീവിക്കാനാണ് ശ്രമിക്കേണ്ടത് എന്നും അശ്വിൻ പറഞ്ഞു.
“ഇന്ത്യയെ സംബന്ധിച്ച് ഈ ലോകകപ്പിലെ പ്രധാനപ്പെട്ട കാര്യം സമ്മർദ്ദങ്ങളെ അതിജീവിക്കുക എന്നുള്ളതാണ്. ടൂർണമെന്റിലെ വിജയത്തെ നിർണയിക്കുന്നത് എങ്ങനെ നമ്മൾ സമ്മർദ്ദത്തെ കൈകാര്യം ചെയ്യുന്നു എന്നത് അനുസരിച്ചാണ്. ഇന്ത്യൻ ടീമിന് വേണ്ടിയുള്ള എന്റെ കരിയറിലെ അവസാന ലോകകപ്പ് ആയിരിക്കും ഇത്. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് പരമാവധി ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതാണ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം.”- രവിചന്ദ്രൻ അശ്വിൻ കൂട്ടിച്ചേർത്തു.