2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ 44 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ഹൈദരാബാദിനായി സെഞ്ചുറി നേടിയ ഇഷാൻ കിഷനാണ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. കിഷന്റെ ബലത്തിൽ 256 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കാൻ ഹൈദരാബാദിന് സാധിച്ചിരുന്നു.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തീർത്തും തെറ്റാണ് എന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് ബോളിങ്ങിൽ രാജസ്ഥാൻ കാഴ്ചവച്ചത്. ഹൈദരാബാദ് ബാറ്റർമാർ ആദ്യ ബോൾ മുതൽ അടിച്ചു തകർക്കുന്നതാണ് മത്സരത്തിൽ കണ്ടത്. അഭിഷേക് ശർമ 11 പന്തുകളിൽ 24 റൺസ് നേടി വെടിക്കെട്ടിന് തിരികൊളുത്തി. ശേഷം ഹെഡിന്റെ പൂരമാണ് മൈതാനത്ത് കണ്ടത്. 31 പന്തുകളിൽ 9 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 67 റൺസ് സ്വന്തമാക്കാൻ ഹെഡിന് സാധിച്ചു. പുതുതായി ടീമിലേക്കേത്തിയ ഇഷാൻ കിഷനായിരുന്നു പിന്നീടുള്ള ഓവറുകളിൽ താണ്ഡവമാടിയത്.
ഒരു തകർപ്പൻ സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കാൻ കിഷന് സാധിച്ചു. 45 പന്തുകളിലാണ് കിഷൻ തന്റെ സെഞ്ച്വറി നേടിയത്. മത്സരത്തിൽ 47 പന്തുകളിൽ 106 റൺസാണ് കിഷൻ സ്വന്തമാക്കിയത്. 11 ബൗണ്ടറികളും 6 സിക്സറുകളും കിഷന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇതോടെ നിശ്ചിത 20 ഓവറുകളിൽ 286 റൺസ് എന്ന റെക്കോർഡ് സ്കോറിൽ ഹൈദരാബാദ് എത്തുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് തുടക്കത്തിൽ തന്നെ ഓപ്പൺ ജയസ്വാളിന്റെ(1) വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ റിയാൻ പരഗും മടങ്ങിയതോടെ രാജസ്ഥാൻ തകർന്നു.
പിന്നീട് സഞ്ജു സാംസണും ധ്രുവ് ജൂറലും ചേർന്നാണ് രാജസ്ഥാനെ കൈപിടിച്ചു കയറ്റിയത്. ഇരുവരും മധ്യ ഓവറുകളിൽ മികച്ച ബാറ്റിങ് പ്രകടനം തന്നെ പുറത്തെടുത്തു. ജൂറൽ 35 പന്തുകളിൽ 70 റൺസ് ആണ് നേടിയത്. 5 ബൗണ്ടറികളും 6 സിക്സ്റുകളും ജൂറലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. സഞ്ജു സാംസൺ 37 പന്തുകളിൽ 7 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 66 റൺസ് സ്വന്തമാക്കിയിരുന്നു. ഇതിനുശേഷം ക്രീസിലെത്തിയ ഹെറ്റ്മയറും(42) ശുഭം ദുബെയും(34*) അടിച്ചുതകർത്തെങ്കിലും രാജസ്ഥാന്റെ വിജയം ഒരുപാട് അകലെയായിരുന്നു. മത്സരത്തിൽ 44 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ നേരിട്ടത്.