കന്നി ഐപിൽ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റൻസ് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. എല്ലാ അർഥത്തിലും എതിരാളികളെ എല്ലാം വീഴ്ത്തിയാണ് ഗുജറാത്തിന്റെ കിരീടധാരണം എന്നതും ശ്രദ്ദേയം. രാജസ്ഥാൻ റോയൽസിനെതിരായ ഫൈനലിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ നായകൻ ഹാർദിക്ക് പാണ്ട്യ ടീമിന്റെ ജയത്തിന് പിന്നാലെ കയ്യടികൾ ക്രിക്കറ്റ് ലോകത്ത് നിന്നും സ്വന്തമാക്കിയിരുന്നു.
ഒരിടവേളക്ക് ശേഷം സജീവ ക്രിക്കറ്റിലേക്ക് തിരികെ എത്തിയ ഹാർദിക്ക് പാണ്ട്യ തന്റെ ടീമിനെ കന്നി സീസണിൽ തന്നെ കിരീട ജയത്തിലേക്ക് നയിച്ചാണ് ഹീറോയായി മാറിയത്. ക്യാപ്റ്റൻസി മികവിൽ ഒരുവേള മുൻ താരങ്ങളെ വരെ അമ്പരപ്പിച്ച താരത്തെ പുകഴ്ത്തി രംഗത്ത് എത്തുകയാണ് ഇപ്പോൾ ഇതിഹാസതാരമായ സുനിൽ ഗവാസ്ക്കർ.
വിരാട് കോഹ്ലി ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞ ശേഷം മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മ ഇന്ത്യൻ ടീം നായകനായി എത്തിയെങ്കിലും 2023ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനങ്ങളിൽ മാറ്റത്തിനുള്ള സാധ്യതയാണ് കാണുന്നത്. അതിനാൽ തന്നെ ഭാവി ഇന്ത്യൻ ക്യാപ്റ്റൻമാരായി പരിഗണിക്കപ്പെടുന്ന റിഷാബ് പന്ത്, രാഹുൽ എന്നിവരുടെ പേരുകൾക്കൊപ്പം ഹാർദിക്ക് പാണ്ട്യയും ഇപ്പോൾ സ്ഥാനം നേടുകയാണ്. ഇക്കാര്യം ചൂണ്ടികാട്ടുന്ന ഗവാസ്ക്കർ ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള മിടുക്ക് ഹാർദിക്കിലുണ്ടെന്ന് കൂടി പറയുന്നു.
“ക്യാപ്റ്റൻ എന്നുള്ള അവന്റെ ഭാവി വളരെ വലുതാണ്. എനിക്ക് തോന്നുന്നത് കേവലം ഞാൻ മാത്രമാകില്ല. മറ്റുള്ളവരും അവൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആയി മാറുമെന്ന് വിശ്വസിക്കുന്നുണ്ടാകും. കിരീടനേട്ടത്തിന് പിന്നാലെ ക്യാപ്റ്റൻ ഹാർദിക്കിന്‍റെ റേഞ്ച് ഉയർന്ന് കഴിഞ്ഞു. നിങ്ങളിൽ ക്യാപ്റ്റൻസി സ്കിൽ ഉണ്ടെങ്കിൽ അവസരങ്ങൾ നിങ്ങളെ തേടി എത്തും. അതിനാൽ തന്നെ ഹാർദിക്കിന് ഇന്ത്യൻ ക്യാപ്റ്റൻ ആയി ഉയർന്ന് വരാൻ സാധിക്കും ” ഗവാസ്ക്കർ അഭിപ്രായപ്പെട്ടു.