ലങ്കൻ പ്രീമിയർ ലീഗിൽ ശ്രീലങ്കൻ താരത്തിന് ഫീൽഡിങ്ങിനിടെ ഗുരുതര പരിക്ക്. ശ്രീലങ്കക്കാരൻ ഓൾറൗണ്ടർ ചാമിക കരുണരത്നക്ക് ആണ് ഫീൽഡിങ്ങിനിടെ പരിക്കേറ്റത്. ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടയിലാണ് മുഖത്തേക്ക് പന്ത് വീണ താരത്തിന്റെ പല്ലുകൾ പോയത്.
നാല് പല്ലുകളാണ് താരത്തിന് നഷ്ടമായത്. ഗോൾ ഗ്ലാഡിയേറ്റേഴ്സും കാൻഡി ഫാൽക്കൺസും തമ്മിലുള്ള മത്സരത്തിനിടയിലാണ് താരത്തിന് ഗുരുതര പരിക്കേറ്റത്. വീഡിയോ ദൃശ്യങ്ങളിൽ താരത്തിന്റെ മുഖത്ത് പന്ത് വീഴുന്നതും രക്തം വരുന്നതും
കാണാം. അപകടം നടന്നതിന് തൊട്ടു പിന്നാലെ തന്നെ താരത്തിന് ആശുപത്രിയിലേക്ക് മാറ്റി.
താരത്തിന്റെ ആരോഗ്യസ്ഥിതിയിൽ കുഴപ്പമില്ല എന്നാണ് കാൻഡി ഫാൽകൺസ് ടീം ഡയറക്ടർ അറിയിച്ചത്. ഗ്ലാഡിയേറ്റർ ഇന്നിംഗ്സിലെ നാലാം ഓവറിലാണ് സംഭവം. വെസ്റ്റിൻഡീസ് താരം കാർലോസ് ബ്രാത്ത് വെയ്റ്റിന്റെ ഓവറിൽ നുവാനിദു ഫെർണാണ്ടോയുടെ ഷോട്ടിലാണ് സംഭവം ഉണ്ടായത്. പന്ത് മുഖത്ത് കൊണ്ട് പല്ല് പോയെങ്കിലും താരം ക്യാച്ച് പൂർത്തിയാക്കി.
മത്സരത്തിൽ ഒരു പന്ത് പോലും എറിയാനും ബാറ്റിങ്ങിന് ഇറങ്ങാനും താരത്തിന് സാധിച്ചില്ല. മത്സരത്തിൽ ഫാൽക്കൺസ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗ്ലാഡിയേറ്റേഴ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ 15 ഓവറിൽ ഫാൽക്കൺസ് ലക്ഷ്യം മറികടന്നു.