വരാനിരിക്കുന്ന 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് നാലാം നമ്പറിലേക്കുള്ള കളിക്കാരനെ നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഏകദിന ലോകകപ്പിൽ നാലാം നമ്പറിൽ ഇന്ത്യ യുവതാരം തിലക് വർമയെ കളിപ്പിക്കണം എന്നാണ് ഗാംഗുലി പറയുന്നത്. ശ്രേയസ് അയ്യർ തന്റെ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ തിലക് വർമ തന്നെയാണ് ഇന്ത്യക്ക് പറ്റിയ ഓപ്ഷൻ എന്ന ഗാംഗുലി വിശദീകരിക്കുന്നു. തെല്ലും ഭയമില്ലാതെ കളിക്കാനുള്ള തിലക് വർമ്മയുടെ മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗാംഗുലിയുടെ ഈ പ്രസ്താവന.
“ഇന്ത്യൻ ടീമിൽ നാലാം നമ്പറിൽ കളിക്കാൻ സാധിക്കുന്ന ക്രിക്കറ്ററാണ് തിലക് വർമ. ഒരുപാട് കഴിവുകളുള്ള താരമാണ് അവൻ. ഒരുപക്ഷേ അവന് അനുഭവസമ്പത്ത് വളരെ കുറവായിരിക്കും. പക്ഷേ അത് അത്ര പ്രശ്നമല്ല. ടീമിലെ മറ്റ് പരിചയസമ്പന്നരായ കളിക്കാർക്കൊപ്പം ഇഷാനെയും തിലക് വർമ്മയെയും പോലെയുള്ള തെല്ലും ഭയമില്ലാതെ ബാറ്റ് വീശുന്നവർ ചേരുമ്പോൾ ടീം കൂടുതൽ സന്തുലിതമാവും. മാത്രമല്ല തിലക് വർമ്മ ഒരു ഇടംകയ്യൻ ബാറ്ററാണ് എന്നതും ടീമിന് ഗുണം ചെയ്യും. ഇക്കാര്യം ദ്രാവിഡും സെലക്ടർമാരും പരിഗണിക്കും എന്നാണ് ഞാൻ കരുതുന്നത്.”- ഗാംഗുലി പറയുന്നു.
ഇതോടൊപ്പം നാലാം നമ്പറിൽ ഇന്ത്യയ്ക്ക് താരങ്ങളില്ല എന്ന രോഹിത് ശർമയുടെ അഭിപ്രായത്തെയും ഗാംഗുലി തള്ളിക്കളയുകയുണ്ടായി. പരോക്ഷമായി രോഹിതിനെ വിമർശിച്ചുകൊണ്ടാണ് ഗാംഗുലി സംസാരിച്ചത്.
“ഇന്ത്യയ്ക്ക് നാലാം നമ്പറിൽ ബാറ്റർമാരില്ല എന്ന് ഞാൻ ഒരു പത്രത്തിൽ വായിക്കുകയുണ്ടായി. അത് ആരാണ് പറഞ്ഞത്? നാലാം നമ്പറിൽ കളിപ്പിക്കാൻ സാധിക്കുന്ന ഒരുപാട് കളിക്കാർ നമുക്കുണ്ട്. ഞാൻ വളരെ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരാളാണ്. രോഹിത്, കോഹ്ലി, ഗില്‍, രാഹുൽ, ശ്രേയസ് എന്നിവരൊക്കെയുമുള്ള ഒരു മികച്ച ടീമാണ് ഇന്ത്യയുടേത്.”- ഗാംഗുലി കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഒരുപാട് പരീക്ഷണങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. വിൻഡീസിനെതിരെയും അയർലണ്ടിനെതിരെയും ഒരുപാട് യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ മൈതാനത്തിറങ്ങിയത്. ലോകകപ്പിലും ഇത്തരം കുറച്ചധികം പരീക്ഷണങ്ങൾ ഇന്ത്യയിൽ നിന്നുണ്ടാകുമെന്നാണ് കരുതുന്നത്. 2023 ലോകകപ്പിലെ ഫേവറേറ്റുകളിൽ ഒന്നുതന്നെയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഈ സമ്മർദ്ദം മറികടന്ന് ലോകകപ്പ് വിജയിക്കാൻ ഉതകുന്ന ഒരു ടീമിനെയാണ് ഇന്ത്യയ്ക്ക് ആവശ്യം.