സഞ്ജുവിനെ ഇന്ത്യ മുൻനിരയിൽ ഇറക്കാത്തതിന്റെ കാരണം. വസ്തുത പങ്കുവയ്ച്ച് രവിചന്ദ്രൻ അശ്വിൻ.

Ravichandran Ashwin Sanju Samson

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. മൂന്ന് ഇന്നിംഗ്സുകളിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിട്ടും അത് മുതലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. പരമ്പരയിൽ ഇന്ത്യക്കായി അഞ്ചാമനായും ആറാമനായുമാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്.

ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ സാധാരണയായി മൂന്നാം നമ്പറിലാണ് സഞ്ജു സാംസൺ കളിക്കാറുള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യ തങ്ങളുടെ ടീമിലും സഞ്ജുവിനെ മുൻനിരയിൽ ഇറക്കണം എന്ന രീതിയിലായിരുന്നു വിമർശനങ്ങൾ ഉണ്ടായത്. ഇതിനുള്ള ഉത്തരം നൽകി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഇന്ത്യയുടെ മുൻനിരയിലെ പ്രതിഭകളുടെ ധാരാളിത്തമാണ് സഞ്ജുവിനെ വലയ്ക്കുന്നത് എന്നാണ് അശ്വിൻ പറയുന്നത്.

ഇന്ത്യ തങ്ങളുടെ ടീമിൽ ജിതേഷ് ശർമയേയും ഇഷാൻ കിഷനെയും ഫിനിഷർ റോളിലേക്ക് ഉയർത്തിക്കൊണ്ടു വരണമെന്ന് അശ്വിൻ പറയുന്നു. എന്നിരുന്നാലും ഈ രണ്ടു കളിക്കാരെക്കാളും അല്പം മുൻതൂക്കം സഞ്ജുവിനുണ്ട് എന്നും അശ്വിൻ പറയുകയുണ്ടായി.

“കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിൽ മികച്ച രീതിയിൽ ഫിനിഷിംഗ് നടത്തിയ ബാറ്ററാണ് ജിതേഷ് ശർമ. ജിതേഷ് ശർമ ഒരു വലംകൈയ്യൻ ബാറ്ററും, കിഷൻ ഒരു ഇടംകയ്യൻ ബാറ്ററുമാണ്.അതിനാൽ തന്നെ ഇന്ത്യക്കായി 5,6 നമ്പറിൽ കളിക്കാൻ ഇരു താരങ്ങൾക്കും സാധിക്കും. എന്നിരുന്നാലും ജിതേഷ് ശർമ്മയ്ക്ക് മുകളിൽ നിൽക്കുന്ന ഒരു വിക്കറ്റ് കീപ്പർ ബാറ്റർ തന്നെയാണ് മലയാളി താരം സഞ്ജു സാംസൺ. അയർലണ്ടിനെതിരായ പരമ്പര സഞ്ജുവിനെ സംബന്ധിച്ച് വലിയൊരു അവസരം തന്നെയാണ്. പരമ്പരയിൽ സഞ്ജുവിനെ ഇന്ത്യ മൂന്നാം നമ്പറിൽ കളിപ്പിക്കാൻ തയ്യാറാവണം. അല്ലാത്തപക്ഷം നാലാം നമ്പറിലെങ്കിലും അയാളെ ഇറക്കേണ്ടതുണ്ട്.”- അശ്വിൻ പറയുന്നു.

Read Also -  സൂര്യയെ ക്യാപ്റ്റനാക്കാൻ ആദ്യം ശ്രമിച്ചത് ദ്രാവിഡ്‌. വെളിപ്പെടുത്തലുമായി ബോളിംഗ് കോച്ച്.

“സഞ്ജുവിനെ ഇന്ത്യ എന്തുകൊണ്ടാണ് മുൻനിരയിൽ ഇറക്കാത്തത് എന്ന രീതിയിലാണ് വലിയ ചർച്ചകൾ ഉണ്ടാകുന്നത്. ട്വന്റി20കളിൽ ആറാം നമ്പറിലിറക്കി സഞ്ജുവിന്റെ അവസരങ്ങൾ ഇന്ത്യ നഷ്ടപ്പെടുത്തുകയാണ് എന്ന രീതിയിലും ആരോപണങ്ങൾ വരുന്നുണ്ട്. എന്നാൽ സത്യാവസ്ഥ എന്തെന്നാൽ, ഇന്ത്യയുടെ ആദ്യ നാല് വളരെ ശക്തമാണ് എന്നതാണ്. ആദ്യ നാലിൽ നമുക്ക് വിരാട് കോഹ്ലി, രോഹിത് ശർമ, ശുഭമാൻ ഗിൽ എന്നിവരൊക്കെയുമുണ്ട്. ഒപ്പം ശ്രേയസ് അയ്യർ ആദ്യ നാലിലേക്ക് കടന്നുവരുന്നു. ഈ സാഹചര്യത്തിൽ എങ്ങനെയാണ് സഞ്ജു സാംസനെ ആദ്യ നാലിൽ ഇറക്കാൻ സാധിക്കുക? അതുകൊണ്ടാണ് ഇന്ത്യ സഞ്ജുവിനെ അതിനുശേഷമുള്ള നമ്പറുകളിൽ പരീക്ഷിച്ചത്.”- അശ്വിൻ കൂട്ടിച്ചേർക്കുന്നു.

അയർലണ്ടിനെതിരെ 2 ട്വന്റി20 മത്സരങ്ങൾ കൂടിയാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്. ആദ്യ മത്സരത്തിൽ നാലാം നമ്പറിലാണ് ഇന്ത്യ സഞ്ജു സാംസണെ ഇറക്കിയത്. എന്നിരുന്നാലും മഴ വില്ലനായെത്തിയ മത്സരത്തിൽ മികച്ച ഒരു അവസരം സഞ്ജുവിന് ലഭിച്ചില്ല. മത്സരത്തിൽ ഒരു പന്തിൽ ഒരു റൺസ് മാത്രം നേടി സഞ്ജു നിൽക്കുന്ന സമയത്താണ് മഴ അതിഥിയായി എത്തിയത്. ശേഷം മഴ കനത്ത സാഹചര്യത്തിൽ മത്സരത്തിൽ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തിനും മഴ ഭീഷണിയുണ്ട്.

Scroll to Top