ധോണിയ്ക്കും യുവരാജിനും പകരക്കാരനാവാൻ അവന് സാധിക്കും. യുവതാരത്തെ പറ്റി മുന്‍ ഇന്ത്യന്‍ താരം.

yuvi and dhoni kiran more

കുറച്ചധികം യുവ താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരക്ക് ഇറങ്ങിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ റിങ്കൂ സിംഗ്, പ്രസീദ് കൃഷ്ണ എന്നിവർ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ റിങ്കു സിംഗിന് മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല.

മത്സരത്തിൽ റിങ്കുവിന്റെ വില്ലനായി മഴ എത്തുകയായിരുന്നു. എന്നിരുന്നാലും വരും മത്സരങ്ങളിൽ റിങ്കൂ സിങ്ങിന് അവസരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വളരെ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു റിങ്കു കാഴ്ചവച്ചത്. ഇപ്പോൾ ഇന്ത്യൻ ടീമിൽ റിങ്കൂ സിങ്ങിന്റെ പ്രതീക്ഷകളെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോർ.

മഹേന്ദ്ര സിംഗ് ധോണിക്കും യുവരാജിനും പകരക്കാരനാവാൻ സാധിക്കുന്ന ക്രിക്കറ്ററാണ് റിങ്കു സിംഗ് എന്നാണ് കിരൺ മോർ പറയുന്നത്. “റിങ്കുവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. അഞ്ചാം നമ്പറിലും ആറാം നമ്പറിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ഒരു വലിയ ഫിനിഷറായി മാറാൻ റിങ്കുവിന് സാധിക്കും. നമ്മൾ മഹേന്ദ്ര സിംഗ് ധോണിയിലും യുവരാജ് സിംഗിലുമാണ് ഇതിന് മുമ്പ് വലിയ ഫിനിഷർമാരെ കണ്ടിട്ടുള്ളത്.

ഇവർക്ക് ശേഷം അത്തരമൊരു കളിക്കാരനെ കണ്ടെത്താൻ നമുക്ക് സാധിച്ചിട്ടില്ല. നമ്മൾ ഒരുപാട് കളിക്കാരെ അത്തരത്തിൽ പരിഗണിക്കുകണ്ടായി. പക്ഷേ ഒന്നും തന്നെ കൃത്യമായി ഫലം കണ്ടില്ല. ഇപ്പോൾ തിലക് വർമ ഇന്ത്യൻ ടീമിലുണ്ട്. അയാൾക്കും ഇത്തരത്തിൽ ഫിനിഷറുടെ റോൾ കളിക്കാൻ സാധിക്കും. റിങ്കു ഒരു ബാറ്റർ എന്നതിലുപരി ഒരു മികച്ച ഫീൽഡർ കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റിലെ അയാളുടെ ഫീൽഡിങ് പ്രകടനങ്ങളും എന്നെ ആകർഷിച്ചിരുന്നു. കഴിഞ്ഞ സമയങ്ങളിൽ റിങ്കുവിന് ഒരുപാട് പുരോഗതികൾ ഉണ്ടായിട്ടുണ്ട്.”- കിരൺ മോർ പറയുന്നു.

Read Also -  പിച്ച് ചതിച്ചു. ബാറ്റിങ്ങിലും പരാജയപ്പെട്ടു. 25 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിച്ചേനെയെന്ന് സഞ്ജു.

2023 ഐപിഎല്ലിൽ 5, 6 സ്ഥാനങ്ങളിൽ കളിച്ച് ഏറ്റവുമധികം റൺസ് നേടിയ താരമായിരുന്നു റിങ്കു സിംഗ്. 13 ഇന്നിംഗ്സുകൾ 2023 ഐപിഎല്ലിൽ കളിച്ച റിങ്കു 416 റൺസാണ് നേടിയത്. 145 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലാണ് റിങ്കുവിന്റെ നേട്ടം. എന്തായാലും റിങ്കുവിന്റെ ഈ പ്രകടനങ്ങളൊക്കെയും വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്ക് നൽകുന്നത്. 2024 ട്വന്റി20 ലോകകപ്പിലേക്ക് യുവ താരങ്ങളെ തേടുന്ന ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് റിങ്കുവിനെ പോലെയുള്ളവരുടെ ടീമിലെ പ്രകടനങ്ങൾ. ദിനേശ് കാർത്തിക്കിന് ശേഷം ഫിനിഷറെന്ന ലേബലിൽ അറിയപ്പെടാൻ പോകുന്ന താരമാണ് റിങ്കു സിംഗ് എന്നാണ് ഇന്ത്യയുടെ മുൻ താരം അഭിഷേക് നായർ പറഞ്ഞത്.

“ഇന്ത്യൻ ടീമിൽ ഹർദിക് പാണ്ഡ്യ ഒരു മുൻനിര ബാറ്ററുടെ റോളിലേക്ക് എത്തിയിരിക്കുകയാണ്. ഹർദിക് മുൻനിരയിൽ കളിക്കുമ്പോൾ തന്നെ നമുക്ക് ഒരു ഫിനിഷററെ ആവശ്യമാണ്. അതിനായി അക്ഷർ പട്ടേലിനെ പോലെയുള്ളവർ ഇന്ത്യയ്ക്കുണ്ട്. എന്നാൽ റിങ്കുവാണ് യഥാർത്ഥത്തിൽ ഫിനിഷർ എന്ന നിലയിൽ ശോഭിക്കാൻ പോകുന്ന താരം. ആഭ്യന്തര ക്രിക്കറ്റിലുടനീളം വലിയ രീതിയിൽ റൺസ് കണ്ടെത്താൻ റിങ്കുവിന് സാധിച്ചിട്ടുണ്ട്.

അയാൾക്ക് കൂടുതൽ അവസരങ്ങൾ നൽകി മെച്ചപ്പെട്ട കളിക്കാരനായി മാറാൻ ഇന്ത്യ സഹായിക്കണം. ഫിനിഷർ എന്ന ടാഗ് ലഭിച്ച അവസാന ഇന്ത്യൻ ബാറ്റർ ദിനേശ് കാർത്തിക് ആയിരുന്നു. അതിനു ശേഷം ഹർദിക് പാണ്ഡ്യ ആ റോളിൽ മികച്ച പ്രകടനം നടത്തി. ഇനി റിങ്കുവിന്റെ സമയമാണ്.”- അഭിഷേക് നായർ പറഞ്ഞു.

Scroll to Top