കഠിനമായ നെഞ്ചുവേദന അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്റും ഇന്ത്യയുടെ മുന്‍ ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി ഞായറാഴ്ച തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകും എന്ന് സൂചന. നേരത്തെ ഏതാനും ദിവസങ്ങൾ മുൻപാണ് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് വിശദമായ പരിശോധനകൾക്ക് ശേഷം ഗാംഗുലി വീണ്ടും ഒരിക്കൽ കൂടി ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം ഹൃദയധമനികളിലെ ബ്ലോക്കുകള്‍ ഒഴിവാക്കുന്നതിനായി ദാദയുടെ ഹൃദയത്തിൽ രണ്ട് സ്‌റ്റെന്‍ഡുകള്‍ ഘടിപ്പിച്ചിരിക്കുകയാണ്. ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന് വേണ്ടി ബുധനാഴ്ചന മുതൽ നിരവധി പരിശോധനകൾക്ക് ഗാംഗുലി വിധേയനായിരുന്നു. താരത്തിനായി പ്രത്യേക മെഡിക്കൽ ബോർഡിനെ നിയോഗിച്ചിരുന്നു .
ഗാംഗുലിയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപെടുവാൻ യാതൊന്നും ഇല്ലെന്ന് വ്യാഴാഴ്ച ഡോക്ടര്‍മാര്‍ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഗാംഗുലി ഇപ്പോൾ ആരോഗ്യവാനാണെന്ന് പറഞ്ഞ ആശുപത്രി അധികൃതർ താരം വേഗം വീട്ടിലേക്ക് മടങ്ങുമെന്നും പറഞ്ഞിരുന്നു .അതേസമയം ദാദക്ക് ഇപ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ലെന്ന് കുടുംബാംഗങ്ങളും ഡോക്ടര്‍മാരും തന്നെ അറിയിച്ചതായി പശ്ചിമ ബംഗാള്‍ ഗവര്‍ഡണര്‍ ജഗദീപ് ധനകറും സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു.
ജനുവരി രണ്ടിന് കൊല്‍ക്കത്തയിലെ വീട്ടിലുള്ള ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഗാംഗുലിക്ക് ആദ്യം നെഞ്ചുവേദന അനുഭവപ്പെട്ടത്. ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നാലെ ആദ്യ ആന്‍ജിയോപ്ലാസ്റ്റി കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ നടത്തി. ഏഴാം തിയതി ആശുപത്രി വിട്ട ദാദ ഇതിന് ശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് കഴിഞ്ഞ ബുധനാഴ്‌ച(ജനുവരി 27) വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്.