സയ്യദ് മുഷ്‌താഖ്‌ അലി ട്രോഫി ജേതാക്കളെ ഇന്നറിയാം : ഫൈനൽ പോരാട്ടം ഇന്ന് രാത്രി

ഇക്കൊല്ലത്തെ സയ്യദ്  മുഷ്താഖ് അലി  ട്വന്‍റി 20  ട്രോഫി ആര് സ്വന്തമാക്കുമെന്ന്   ഇന്നറിയാം .ടൂർണമെന്റിലെ  ഫൈനലില്‍ ബറോഡയും തമിഴ്നാടും കപ്പ് നേടുവാനായി പരസ്പരം  ഏറ്റുമുട്ടും. തമിഴ്നാടിനെ ഇന്ത്യൻ താരം  ദിനേശ് കാര്‍ത്തിക്കും ബറോഡയെ  കേദാര്‍ ദേവ്ധറും ആണ് നയിക്കുന്നത്. 

ടൂര്‍ണമെന്‍റില്‍ ഇതുവരെ  തോൽവി അറിയാത്ത ഇരുടീമുകളും ഏഴ് മത്സരം വീതം ജയിച്ചാണ് ഇപ്പോൾ ഫൈനലിൽ ഇടം നേടിയത് . ടീമിലെ പ്രമുഖ താരങ്ങളായ  ക്യാപ്റ്റന്‍ ക്രുനാൽ പാണ്ഡ്യയും, വൈസ് ക്യാപ്റ്റന്‍ ദീപക് ഹൂഡയും പലവിധ   കാരണങ്ങളാല്‍ പിന്മാറിയതിന് ശേഷം  അപ്രതീക്ഷിത   മുന്നേറ്റമാണ് ബറോഡ ടീം  ടൂർണമെന്റിൽ  നടത്തിയത്. 2007ലാണ് തമിഴ്നാട്  ടീം അവസാനം മുഷ്താഖ് അലി ട്രോഫിയിൽ കിരീടം ചൂടിയത് .

മികച്ച ഫോമിലുള്ള സ്‌പിന്നര്‍ സായികിഷോര്‍ ആണ് തമിഴ്നാട് ടീമിന്റെ  വജ്രായുധം .കൂടാതെ തമിഴ്നാട് ടീം അംഗമായ എൻ .ജഗദീശൻ 7 ഇന്നിങ്സിൽ നിന്ന്  350 റൺസുമായി ടൂർണമെന്റിലെ തന്നെ ടോപ്‌ സ്കോററാണ് .മറുവശത്ത് ബറോഡ ടീമിന്റെ എല്ലാ ബാറ്റിംഗ് പ്രതീക്ഷകളും അവരുടെ നായകൻ കേദാര്‍ ദേവ്ധർ തന്നെയാണ് .താരം 7 മത്സരങ്ങളിൽ നിന്ന് 333  റൺസ് നേടി കഴിഞ്ഞു .

 അഹമ്മദാബാദിൽ രാത്രി ഏഴിന് ഫൈനല്‍ മത്സരം  തുടങ്ങും. കൊവിഡ് മഹാമാരി ഉയർത്തിയ കഠിനമായ  പ്രതിസന്ധികള്‍ക്കിടെ ടൂർണമെന്റിൽ പങ്കെടുക്കുന്ന  38 ടീമുകള്‍ക്ക് വേണ്ടി 
ബയോ-ബബിൾ സംവിധാനം ഒരുക്കിയാണ്   ബിസിസിഐ ടൂർണമെന്റ് ഇതുവരെ ഭംഗിയായായി  സംഘടിപ്പിച്ചത്.