ഉഗ്രൻ തിരിച്ചുവരവിൽ റെക്കോർഡ് മഴ തീർത്ത് ഷാമി. ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന…..

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശക്തമായ ബോളിംഗ് പ്രകടനം പുറത്തെടുത്തതോടെ ഒരുപിടി റെക്കോർഡുകൾ തന്റെ പേരിൽ ചേർക്കാൻ ഇന്ത്യയുടെ പേസർ മുഹമ്മദ് ഷാമിയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ 5 വിക്കറ്റുകളാണ് മുഹമ്മദ് ഷാമി സ്വന്തമാക്കിയത്.

ഇതോടെ ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റുകൾ പൂർത്തീകരിക്കാൻ ഷാമിയ്ക്ക് സാധിച്ചു. ഏറ്റവും വേഗതയിൽ ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന താരങ്ങളുടെ ലിസ്റ്റിൽ മുഹമ്മദ് ഷാമി ഇതോടെ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

104 ഏകദിന മത്സരങ്ങളിൽ നിന്നാണ് മുഹമ്മദ് ഷാമി തന്റെ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 102 ഏകദിന മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റുകൾ സ്വന്തമാക്കിയ ഓസ്ട്രേലിയൻ പേസർ മിച്ചർ സ്റ്റാർക്കാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ഷാമിക്കൊപ്പം 104 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റുകൾ സ്വന്തമാക്കിയ മുൻ പാക്കിസ്ഥാൻ താരം സഖ്ലൈൻ മുസ്താക്കും ഈ ലിസ്റ്റിൽ രണ്ടാമതായുണ്ട്. മൂന്നാം സ്ഥാനത്ത് ന്യൂസിലാൻഡിന്റെ ട്രെൻഡ് ബോൾട്ടാണ്. 107 മത്സരങ്ങളിൽ നിന്നായിരുന്നു ബോൾട്ട് 200 വിക്കറ്റുകൾ സ്വന്തമാക്കിയത്. 112 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ബ്രെറ്റ് ലിയാണ് ലിസ്റ്റിലെ നാലാം സ്ഥാനക്കാരൻ.

ഏറ്റവും കുറഞ്ഞ പന്തുകളിൽ 200 വിക്കറ്റുകൾ സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് മുഹമ്മദ് ഷാമി ഇടംപിടിച്ചിരിക്കുന്നത്. ഇതുവരെ ഏകദിന ക്രിക്കറ്റിൽ 5126 പന്തുകളാണ് മുഹമ്മദ് ഷാമി എറിഞ്ഞത്. ഇതിൽ നിന്നാണ് 200 വിക്കറ്റുകൾ ഷാമി സ്വന്തമാക്കിയത്. 5240 പന്തുകളിൽ നിന്ന് 200 വിക്കറ്റുകൾ സ്വന്തമാക്കിയ ഓസ്ട്രേലിയൻ പേസർ സ്റ്റാർക്ക് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. മാത്രമല്ല മത്സരത്തിൽ 5 വിക്കറ്റ്കൾ സ്വന്തമാക്കിയതോടെ ഐസിസി ഏകദിന ടൂർണമെന്റുകളിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്താൻ മുഹമ്മദ് ഷാമിക്ക് സാധിച്ചു.

ഇന്ത്യയുടെ മുൻ താരം സഹീർ ഖാനെ പിന്നിലാക്കിയാണ് ഈ റെക്കോർഡിൽ ഷാമി ഒന്നാമത് എത്തിയത്. ഇതുവരെ ഇന്ത്യക്കായി ഐസിസി ഏകദിന ടൂർണമെന്റുകളിൽ 60 വിക്കറ്റുകളാണ് ഷാമി സ്വന്തമാക്കിയിട്ടുള്ളത്. 59 വിക്കറ്റുകൾ ആയിരുന്നു സഹീർ ഖാന്റെ സമ്പാദ്യം. ഐസിസി ഏകദിന ടൂർണമെന്റുകളിൽ 47 വിക്കറ്റുകൾ സ്വന്തമാക്കിയ മുൻ ഇന്ത്യൻ താരം ശ്രീനാഥാണ് ലിസ്റ്റിലെ മൂന്നാം സ്ഥാനക്കാരൻ. ഇന്ത്യയുടെ ഓൾറൗണ്ടർ ജഡേജ 43 വിക്കറ്റുകളുമായി ഈ ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. ഇത്തരത്തിൽ ഒരുപാട് റെക്കോർഡുകളാണ് മത്സരത്തിലെ തട്ടുപൊളിപ്പൻ പ്രകടനത്തിലൂടെ മുഹമ്മദ് ഷാമി മറികടന്നത്.