ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വീണ്ടും ഇടുത്തിയായി മുഹമ്മദ് ഷാമി. 398 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡിനെ തുടക്കത്തിൽ തന്നെ പ്രഹരം ഏൽപ്പിച്ചാണ് ഷാമി മികവ് പുലർത്തിയത്. മത്സരത്തിൽ തന്റെ ആദ്യ രണ്ടോവറുകളിൽ തന്നെ ന്യൂസിലാന്റിന്റെ ഓപ്പണർമാരെ കൂടാരം കയറ്റാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചു.
ഇന്ത്യയുടെ മറ്റു പേസർമാർ വിക്കറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടിയ സമയത്താണ് മുഹമ്മദ് ഷാമി ഒരു മാസ് എൻട്രിയിലൂടെ ഡെവൻ കോൺവയെയും രചിൻ രവീന്ദ്രയെയും പുറത്താക്കിയത്. ഇന്ത്യയ്ക്ക് വലിയൊരു ബ്രേക്ക് തന്നെയാണ് ഇരുവരുടെയും വിക്കറ്റ് നൽകിയത്.
മത്സരത്തിൽ ന്യൂസിലാൻഡ് ഇന്നിംഗ്സിലെ ആറാം ഓവറിലാണ് മുഹമ്മദ് ഷാമിയെ രോഹിത് ശർമ പന്തേൽപ്പിച്ചത്. താൻ എറിഞ്ഞ ആദ്യ ബോളിൽ തന്നെ ന്യൂസിലാൻഡിന്റെ ഓപ്പണർ കോൺവെയെ പുറത്താക്കാൻ ഷാമിക്ക് സാധിച്ചു. ഷാമിയുടെ ബോളിന്റെ സിംഗ് കൃത്യമായി നിർണയിക്കാൻ ഡെവന്‍ കോൺവെയ്ക്ക് സാധിച്ചില്ല.
കോൺവെ പന്തിനെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ബാറ്റിന്റെ എഡ്ജിൽ കൊണ്ട് കീപ്പർ രാഹുലിന്റെ കൈകളിൽ എത്തുകയായിരുന്നു. ഒരു തകർപ്പൻ ഡൈവിംഗ് ക്യാച്ചോടെയാണ് രാഹുൽ പന്ത് കൈപ്പിടിയിൽ ഒതുക്കിയത്. ഇതോടെ ഇന്ത്യയ്ക്ക് മത്സരത്തിലെ ആദ്യ വിക്കറ്റ് ലഭിച്ചു.
പിന്നീട് എട്ടാം ഓവറിൽ ഷാമി അപകടകാരിയായ രചിൻ രവീന്ദ്രയെയാണ് പുറത്താക്കിയത്. നാലാം പന്തിൽ ആയിരുന്നു ഷാമി രവീന്ദ്രയുടെ വിക്കറ്റ് വീഴ്ത്തിയത്. ഷാമിയുടെ മൂവ് ചെയ്തു വന്ന പന്തിൽ രവീന്ദ്ര പെട്ടു പോവുകയായിരുന്നു. തന്റെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് രാഹുൽ അനായാസം കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. ഇതോടെ രവീന്ദ്ര ഷാമിക്ക് മുൻപിൽ കീഴടങ്ങി.
22 പന്തുകളിൽ 13 റൺസ് മാത്രമായിരുന്നു ന്യൂസിലാന്റിന്റെ അപകടകാരിയായ ബാറ്റർ നേടിയത്. മത്സരത്തിൽ ഇതോടെ ഇന്ത്യക്ക് വലിയ രീതിയിലുള്ള മേൽക്കൈ ലഭിച്ചിട്ടുണ്ട്. ഈ തുടക്കം മുതലെടുത്ത് ന്യൂസിലാൻഡിനെ എത്രയും വേഗം പിടിച്ചു കെട്ടുക എന്ന ഉദ്ദേശമാണ് ഇന്ത്യക്കുള്ളത്.
മുൻപ് മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ സെഞ്ച്വറികളുടെ ബലത്തിലായിരുന്നു ഇന്ത്യ 397 എന്ന ശക്തമായ സ്കോറിലെത്തിയത്. മത്സരത്തിൽ കോഹ്ലി 117 റൺസും അയ്യർ 105 റൺസുമാണ് നേടിയത്.
വിരാട് കോഹ്ലിയുടെ ഏകദിന കരിയറിലെ അൻപതാം സെഞ്ച്വറി ആയിരുന്നു മത്സരത്തിൽ പിറന്നത്. മത്സരത്തിൽ വലിയ വിജയ പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യ. എന്നിരുന്നാലും കരുത്തരായ ന്യൂസിലാൻഡിനെ എത്രയും വേഗത്തിൽ പിടിച്ചു കെട്ടേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.