ആക്രമണങ്ങൾക്കൊടുവിൽ ബാബർ ആസം പടിയിറങ്ങി. പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് രാജി കത്ത്.

babar azam

സമ്മർദ്ദങ്ങൾക്ക് വിധേയമായി തന്റെ നായകസ്ഥാനം ഒഴിഞ്ഞ് പാക്കിസ്ഥാൻ നായകൻ ബാബർ ആസാം. 2023 ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ സെമിഫൈനൽ കാണാതെ പുറത്തായതിനുശേഷം വലിയ രീതിയിലുള്ള വിമർശനങ്ങൾ ബാബർ ആസമിനെതിരെ ഉയർന്നിരുന്നു. ശേഷമാണ് ബാബർ ആസാം ഇപ്പോൾ പാകിസ്താന്റെ നായകസ്ഥാനം രാജി വച്ചിരിക്കുന്നത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും നായകനായി തുടരില്ല എന്നാണ് ബാബർ ആസാം അറിയിച്ചിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആസാം ഈ വിവരം അറിയിച്ചത്. 2019 മുതൽ ഇതുവരെ പാക്കിസ്ഥാൻ ടീമിനെ നയിച്ചത് ബാബർ ആസാം ആയിരുന്നു. ഇത്രയും കാലം ടീമിനൊപ്പം നായകനായി തുടരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന ബാബർ ആസം ട്വിറ്ററിൽ കുറിക്കുകയുണ്ടായി.

ഇത് വളരെ കഠിനമായ ഒരു തീരുമാനമായിരുന്നുവെന്നും എന്നാൽ കൃത്യസമയത്താണ് താനിത് തീരുമാനിച്ചത് എന്നും ബാബർ ആസാം പറയുന്നു. “പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് 2019 ലാണ് ടീമിനെ നയിക്കാനായി എനിക്ക് ക്ഷണം ലഭിക്കുന്നത്. കഴിഞ്ഞ 4 വർഷങ്ങളിൽ മൈതാനത്തും മൈതാനത്തിന് പുറത്തും ഒരുപാട് ഉയർച്ചകളും താഴ്ചകളും ഞാൻ അനുഭവിച്ചറിയുകയുണ്ടായി. എന്നിരുന്നാലും പാകിസ്താന്റെ അഭിമാനം ഉയർത്തിക്കാട്ടാൻ തന്നെയാണ് ഞാൻ ഇത്രയും കാലം പ്രയത്നിച്ചത്. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഒന്നാം സ്ഥാനം ടീമിന് നേടിയെടുക്കാൻ സാധിച്ചത് കളിക്കാരുടെയും പരിശീലകരുടെയും മാനേജ്മെന്റിന്റെയുമൊക്കെ കൂട്ടായ ശ്രമങ്ങൾ കൊണ്ടായിരുന്നു. അതോടൊപ്പം പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. എന്റെ പ്രയാണത്തിൽ അവരും വലിയ പങ്കുവഹിച്ചിട്ടുണ്ട്.”- ആസാം പറഞ്ഞു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

“ഇന്ന് ഞാൻ പാക്കിസ്ഥാൻ നായകസ്ഥാനം ഒഴിയുകയാണ്. എല്ലാ ഫോർമാറ്റിലും ഞാൻ നായക സ്ഥാനം രാജിവെക്കുന്നു. ഇത് വളരെ പ്രയാസകരമായ ഒരു തീരുമാനമായിരുന്നു. എന്നാൽ കൃത്യ സമയത്താണ് ഈ തീരുമാനം എടുക്കുന്നത് എന്ന് എനിക്കറിയാം. എന്നിരുന്നാലും ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലും പാക്കിസ്ഥാനെ പ്രതിനിധീകരിക്കുന്നത് ഞാൻ തുടരും. എന്റെ പരിചയസമ്പന്നത കൊണ്ടും അനുഭവങ്ങൾ കൊണ്ടും പുതിയ നായകനെയും ടീമിനെയും ഞാൻ പരമാവധി പിന്തുണയ്ക്കും. ഇത്രമാത്രം വലിയ ചുമതല എനിക്ക് നൽകുന്നതിൽ വിശ്വാസമർപ്പിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഞാൻ അങ്ങേയറ്റം നന്ദി പറയുന്നു.”- ബാബർ ആസം കുറിച്ചു.

മുൻപ് ബാബർ ആസമിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ബാബർ ആസമിനോട് സ്വമേധയാ രാജി കത്ത് നൽകാനായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന തീരുമാനവും ഉയർന്നിരുന്നു. ശേഷമാണ് ആസാം ഇപ്പോൾ തന്റെ രാജി സമർപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഏകദിന ലോകകപ്പിലെ പരാജയത്തിന് ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു ആസമിനെതിരെ ഉയർന്നത്. എന്തായാലും പുതിയ നായകനായുള്ള കാത്തിരിപ്പിലാണ് പാക്കിസ്ഥാൻ ടീം.

Scroll to Top