പഞ്ചാബ് കിംഗ്സിനെതിരായ തങ്ങളുടെ മത്സരത്തിൽ 5 റൺസിനായിരുന്നു രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. 198 എന്ന വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് അവസാന നിമിഷം പിഴയ്ക്കുകയായിരുന്നു. എന്നാൽ മത്സരത്തിൽ പരാജയത്തിന് കാരണമായത് ബാറ്റിംഗ് നിരയിൽ രാജസ്ഥാൻ വരുത്തിയ മാറ്റങ്ങളാണ് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഇക്കാര്യത്തിൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസനും കോച്ചായ കുമാർ സംഗക്കാരയ്ക്കും പിഴവ് പറ്റിയെന്നാണ് സേവാഗ് പറയുന്നത്.
രാജസ്ഥാൻ മത്സരത്തിൽ ഹെറ്റ്മെയ്റിനെ ബാറ്റിംഗിനിറക്കാൻ താമസിച്ചു എന്ന് സേവാഗ് പറഞ്ഞു. “ഹെറ്റ്മെയ്റിന് ഒരുപാട് ബോളുകൾ നേരിടാൻ സാധിച്ചില്ല. അങ്ങനെയുള്ളപ്പോൾ 200 സ്ട്രൈക്ക് റേറ്റ് ഉള്ളതിന്റെ അർത്ഥമെന്താണ്? ഹെറ്റ്മെയ്ർ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ബാറ്റിംഗ് ചെയ്തിരുന്നുവെങ്കിൽ, റിയാൻ പരഗിനോ പടിക്കലിനോ മുൻപ് ക്രീസിൽ എത്തിയിരുന്നെങ്കിൽ അയാൾക്ക് കൂടുതൽ ബോളുകൾ കളിക്കാൻ സാധിച്ചേനെ. അയാൾ ഒരു ഇടംകയ്യനാണ് എന്നോർക്കണം. മാത്രമല്ല നാലാം നമ്പറിലാണ് അയാൾ വിൻഡീസിനായി ബാറ്റ് ചെയ്തിരുന്നത്. ഇന്ത്യയിൽ അയാൾ ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങൾ നന്നായി ഹെറ്റ്മെയ്റിന് അറിയാം. രാജസ്ഥാനായി കഴിഞ്ഞവർഷവും നല്ല രീതിയിൽ ഹെറ്റ്മെയ്ർ സംഭാവനകൾ നൽകിയിരുന്നു. ഹെറ്റ്മെയ്ർ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്ന സമയത്ത് അവരെ ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.”- സേവാഗ് പറയുന്നു.
“അതുകൊണ്ടുതന്നെ ഹെറ്റ്മെയ്ർ മത്സരത്തിൽ കുറച്ചു മുൻപ് തന്നെ ഇറങ്ങേണ്ടതായിരുന്നു. അയാൾ ഒരു അപകടകാരിയായ ബാറ്ററാണ്. ഒരുപക്ഷേ നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ അദ്ദേഹം നേരത്തെ ഔട്ടായേനെ. എന്നിരുന്നാലും അക്കാര്യത്തിൽ നമുക്ക് ഗ്യാരണ്ടി ചെയ്യാൻ പറ്റില്ല. ചിലപ്പോൾ ടോപ് 4ൽ അദ്ദേഹം ബാറ്റിംഗിന് ഇറങ്ങിയിരുന്നെങ്കിൽ മത്സരത്തിൽ ഒരു ഓവർ മുൻപു തന്നെ രാജസ്ഥാൻ ജയിച്ചേനെ. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസനും കോച്ച് കുമാർ സംഗക്കാരയും വരുത്തിയ ഒരു തെറ്റായി തന്നെയാണ് ഞാൻ ഇതിനെ നോക്കി കാണുന്നത്.”- സേവാഗ് കൂട്ടിച്ചേർത്തു.
മത്സരത്തിൽ ഏഴാമനായിയായിരുന്നു ഹെറ്റ്മെയ്ർ ക്രീസിലെത്തിയത്. ആ സമയത്ത് രാജസ്ഥാന് ഒരു ഓവറിൽ 13 റൺസ് വീതം ആവശ്യമായി വന്നു. മത്സരത്തിൽ 18 പന്തുകൾ നേരിട്ട ഹെറ്റ്മെയ്ർ 36 റൺസ് നേടി പൊരുതി. എന്നിരുന്നാലും വിജയലക്ഷ്യത്തിന് അഞ്ച് റൺസ് മുമ്പ് രാജസ്ഥാൻ പരാജയം സമ്മതിക്കുകയായിരുന്നു.