ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. എന്നാൽ കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വില്ലനായി നിരന്തരം മഴയെത്തുന്നതാണ് കാണാൻ സാധിക്കുന്നത്. മത്സരത്തിന്റെ ആദ്യ 3 ദിവസങ്ങളിൽ തുടർച്ചയായി മഴ ചെയ്തത് മത്സരഫലത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന് ഉറപ്പാണ്.
മത്സരത്തിന്റെ ആദ്യദിവസം കേവലം 35 ഓവറുകൾ മാത്രമായിരുന്നു എറിയാൻ സാധിച്ചത്. ശേഷം രണ്ടാം ദിവസത്തെ കളി പൂർണ്ണമായും മഴമൂലം ഉപേക്ഷിച്ചു. ശേഷം മൂന്നാം ദിവസവും മഴ വില്ലനായി എത്തിയിരിക്കുകയാണ്. ഇത്തരത്തിൽ മുന്നോട്ടു പോയാൽ മത്സരം മഴമൂലം ഉപേക്ഷിക്കാനുള്ള വലിയ സാധ്യത നിലനിൽക്കുന്നു
മഴമൂലം കാൺപൂരിലെ മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ, ഫലം സമനിലയായി കണക്കാക്കും. ആദ്യ ടെസ്റ്റിൽ വമ്പൻ വിജയം നേടിയ ഇന്ത്യ 1-0 എന്ന നിലയിൽ പരമ്പര സ്വന്തമാക്കും. പക്ഷേ അത്തരത്തിൽ പരമ്പര വിജയിച്ചാലും ഇന്ത്യ സന്തോഷവാന്മാരാകില്ല. കാരണം ഇന്ത്യയെ സംബന്ധിച്ച് വളരെ ദുർബലരായ എതിരാളികളാണ് ബംഗ്ലാദേശ്. അതുകൊണ്ടു തന്നെ ബംഗ്ലാദേശിനെ 2 മത്സരങ്ങളിലും പരാജയപ്പെടുത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ കുതിക്കാനാവും ഇന്ത്യ ആഗ്രഹിക്കുന്നത്. മഴമൂലം മത്സരം സമനിലയിലായാൽ ഇത് ഇന്ത്യയെ ബാധിക്കും.
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശിനെതിരായ മത്സരം സമനിലയിലായാലും ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ തുടരും. ഇതിന് ശേഷം ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തണമെങ്കിൽ ചില കടമ്പകൾ കടക്കേണ്ടതുണ്ട്.
ബംഗ്ലാദേശ് പരമ്പരക്ക് ശേഷം ഇന്ത്യയ്ക്ക് മുൻപിലുള്ളത് 8 ടെസ്റ്റ് മത്സരങ്ങളാണ്. ഇതിൽ 5 ടെസ്റ്റ് മത്സരങ്ങൾ ഓസ്ട്രേലിയക്കെതിരെയാണ് നടക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങൾ ന്യൂസിലാൻഡിനെതിരെ നടക്കും. ഈ 8 ടെസ്റ്റ് മത്സരങ്ങളിൽ കുറഞ്ഞത് 4 മത്സരങ്ങളിലെങ്കിലും വിജയം സ്വന്തമാക്കിയാൽ മാത്രമേ പോയിന്റ് പട്ടികയിൽ 60 ശതമാന പോയിന്റ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കൂ. അങ്ങനെയെങ്കിൽ ഇന്ത്യയ്ക്ക് ഫൈനലിൽ സ്ഥാനം ലഭിക്കും.
ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം ഒക്ടോബർ മാസത്തിലാണ് ഇന്ത്യയ്ക്ക് ന്യൂസിലാൻഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. 3 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ തങ്ങളുടെ മണ്ണിൽ തന്നെയാണ് കളിക്കുന്നത്. ശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പര നടക്കുന്നത് ഓസ്ട്രേലിയൻ മണ്ണിലാണ്. ഇതാണ് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായി ഉള്ളത്. കഴിഞ്ഞ 2 തവണ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചപ്പോഴും പരമ്പരവിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അതിനാൽ ഇത്തവണ എങ്ങനെയെങ്കിലും ഇന്ത്യയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാവും ഓസ്ട്രേലിയ മൈതാനത്ത് ഇറങ്ങുന്നത്.