കഴിഞ്ഞദിവസം പ്രഖ്യാപിച്ച ട്വന്റി ട്വന്റി ലോകകപ്പ് സ്ക്വാഡ് പുറത്തുവന്നപ്പോൾ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ കാര്യമാണ് മലയാളി താരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതെ ഇരുന്നത്. കരിയറിലെ മികച്ച ഫോമിലുള്ള സഞ്ജുവിനെ ഒഴിവാക്കി 20-20യിൽ കഴിഞ്ഞ ഏഷ്യകപ്പിലടക്കം മികച്ച പ്രകടനം നടത്താനാകാതെ നിരാശപ്പെടുത്തിയ പന്തിനെ ടീമിൽ ഉൾപ്പെടുത്തിയത് കനത്ത വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഈ വർഷം ലഭിച്ച അവസരങ്ങളെല്ലാം നല്ല രീതിയിൽ മുതലാക്കിയ സഞ്ജുവിന് ടീമിൽ സ്ഥാനം എന്തായാലും ലഭിക്കുമായിരുന്നു എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.
ടീമിൽ ഉൾപ്പെടുത്താത്ത താരത്തെ റിസർവ് ടീമിൽ പോലും പരിഗണിച്ചിട്ടില്ല.20-20യിൽ ഇതുവരെ എടുത്തു പറയാനാവുന്ന പ്രകടനങ്ങൾ ഒന്നും കാഴ്ചവെക്കാത്ത പന്തിനെ നിലനിർത്തിയത് സമൂഹമാധ്യമങ്ങളിൽ ആരാധകരും മുൻ താരങ്ങളും എല്ലാം സെലക്ഷൻ കമ്മിറ്റിക്കെതിരെ കനത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിൽ പറയുന്നത് സഞ്ജുവിന്റെ പേര് സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ചർച്ചക്ക് പോലും വന്നില്ല എന്നാണ്.
പന്തിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം ഒരിക്കൽ പോലും ആലോചിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ടോപ്പ് ഓർഡറിൽ ആകെയുള്ള ഇടംകയ്യൻ ബാറ്റ്സ്മാൻ ആയ പന്തിന് അവസരം ലഭിക്കാൻ ഏറ്റവും വലിയ കാരണവും ഇതാണ്. പന്തിന് തന്റേതായ ദിവസങ്ങളിൽ ഒറ്റയ്ക്ക് കളി ജയിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തൽ.
സഞ്ജു നിലവിൽ ഇന്ത്യൻ ഏകദിന ടീമിൻ്റെ ഭാഗമാണെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നത്. ഏഷ്യാകപ്പിനു മുമ്പ് നടന്ന സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു കളിച്ചിരുന്നു. പരമ്പരയിൽ മികച്ച പ്രകടനം ആയിരുന്നു സഞ്ജു പുറത്തെടുത്തിരുന്നത്.