വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ സഞ്ചുവിന്‍റെ വിക്കറ്റ് കീപ്പിങ്ങ് പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. ബൗണ്ടറിയിലേക്ക് പോകും എന്നൊറപ്പിച്ച ഒരു വൈഡ് ബോള്‍ അനായാസ മെയ് വഴക്കത്തോടെയാണ് സഞ്ചു സാംസന്‍ തടഞ്ഞിട്ടത്. ആദ്യ മത്സരത്തിലെ വിക്കറ്റ് കീപ്പിങ്ങ് പ്രകടനം രണ്ടാം മത്സരത്തിലും സഞ്ചു സാംസണ്‍ തുടര്‍ന്നു.
എന്നാല്‍ രസകരമായ സംഭവങ്ങള്‍ അരങ്ങേറി. സിറാജ് എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ ആകീല്‍ ഹൊസൈന് ബാറ്റില്‍ കൊള്ളിക്കാനായില്ലാ. പന്ത് നേരെ വിക്കറ്റ് കീപ്പര്‍ സഞ്ചുവിന്‍റെ കൈകളില്‍ എത്തി. സിംഗിള്‍ തടയാനായി സഞ്ചു വേഗം സിറാജിനു അനായാസം മറിച്ചുകൊടുത്തെങ്കിലും സിറാജ് ആ ബോള്‍ പിടിച്ചില്ലാ. അതിനാല്‍ ഒരു റണ്‍ ബൈ വഴങ്ങേണ്ടി വന്നു.
അടുത്ത പന്തിലും ഇതേ കാര്യം ആവര്‍ത്തിച്ചു. സഞ്ചു വീണ്ടും സിറാജിനായി പന്ത് തിരിച്ചെറിഞ്ഞു കൊടുത്തു. ഇത്തവണ വിളിച്ചു പറഞ്ഞാണ് സിറാജിനെകൊണ്ട് സഞ്ചു ആ പന്ത് ക്യാച്ച് നേടിപ്പിച്ചത്. പിടിച്ചോ പിടിച്ചോ എന്ന് ഹിന്ദിയില്‍ സഞ്ചു പറയുന്നത് കേള്‍ക്കാമായിരുന്നു. ഇരുവരും പരസ്പരം ഒരു ചിരി പാസ്സാക്കിയാണ് അടുത്ത പന്തിനായി തയ്യാറെടുത്തത്.
മത്സരത്തില്‍ ബാറ്റിംഗിലും സഞ്ചു സാംസണ്‍ തിളങ്ങി. 312 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി സഞ്ചു സാംസണ്‍ അര്‍ദ്ധസെഞ്ചുറി നേടി. 51 പന്തില്‍ 3 ഫോറും 3 സിക്സുമായി 54 റണ്‍സാണ് മലയാളി താരം നേടിയത്.