2023 ലോകകപ്പിന് മുൻപ് കുറച്ചു മത്സരങ്ങൾ മാത്രമാണ് ഇന്ത്യക്ക് അവശേഷിക്കുന്നത്. അതിനാൽതന്നെ ഉടനെ തന്നെ ടീമിന് കൃത്യമായ ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. എന്നാൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് വ്യക്തമാകുന്നത് ഇന്ത്യയുടെ ബാറ്റിംഗ് ഇപ്പോഴും പ്രതിസന്ധിയിലാണ് എന്നത് തന്നെയാണ്. പ്രധാനമായും ഇന്ത്യൻ ബാറ്റിംഗ് നിരയിൽ നാലാം നമ്പറാണ് പ്രശ്നമായുള്ളത്. ശ്രേയസ് അയ്യർക്ക് പകരം സൂര്യകുമാർ യാദവിനെ ഇന്ത്യ നാലാം നമ്പറിൽ പരീക്ഷിച്ചെങ്കിലും ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിലും സൂര്യ പരാജയപ്പെടുന്നതായിരുന്നു കാണാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ നാലാം നമ്പറിലേക്ക് കൂടുതൽ ഓപ്ഷനുകൾ ഇന്ത്യ കണ്ടെത്തേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.
നാലാം നമ്പറിൽ ഇന്ത്യ കുറച്ചധികം ഓപ്ഷനുകൾ മനസ്സിൽ എപ്പോഴും കരുതണമെന്നാണ് കരിമീന്റെ അഭിപ്രായം. “നാലാം നമ്പർ സ്പോട്ടിനായി നമുക്കുള്ള മറ്റു ഓപ്ഷനുകൾ എന്തൊക്കെയാണ്? സർഫറാസ് അഹമ്മദും രജത് പട്ടിദാറും എന്റെ മനസ്സിൽ വരുന്നുണ്ട്. പക്ഷേ ഇരുവരും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. നമുക്ക് സഞ്ജു സാംസനെ നാലാം നമ്പറിൽ ഒരു ഓപ്ഷനായി തന്നെ പരിഗണിക്കാവുന്നതാണ്. എന്നാൽ സഞ്ജു ഫിറ്റാണോ അല്ലയോ എന്ന കാര്യത്തിൽ എനിക്ക് വലിയ അറിവില്ല. എന്തായാലും ഇത്തരം കുറച്ച് ഓപ്ഷനുകൾ കണ്ടെത്തി വയ്ക്കണം.”- സാബാ കരീം പറയുന്നു.
“ശ്രേയസ് അയർക്ക് പകരക്കാരൻ എന്ന നിലയിലാണ് സൂര്യകുമാർ യാദവിനെ ടീം മാനേജ്മെന്റ് ഇപ്പോൾ കാണുന്നത്. ശ്രേയസ് അയ്യർ തിരികെ ടീമിലെത്തുന്നതോടുകൂടി അയാൾ ഇന്ത്യയുടെ നാലാം നമ്പർ സ്ഥാനത്ത് തുടരും. ലോകകപ്പിലും ഇന്ത്യക്കായി നാലാം നമ്പറിൽ കളിക്കുന്നത് ശ്രെയസ് അയ്യർ ആയിരിക്കും. കാരണം അത്ര മികച്ച രീതിയിലാണ് അയാൾ ആ പൊസിഷനിൽ കളിച്ചിട്ടുള്ളത്. സൂര്യകുമാർ യാദവിന്റെ കാര്യം ഇപ്പോഴും നിഗൂഢമാണ്. ട്വന്റി20യിൽ അയാൾ ഒരു മികച്ച ബാറ്ററാണ്. പക്ഷേ ഏകദിനത്തിൽ റൺസ് കണ്ടെത്താൻ സാധിക്കുന്നില്ല. ട്വന്റി20യിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ചവച്ചത് കൊണ്ടായിരിക്കണം രോഹിത് ശർമ അയാൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നത്.”- കരീം കൂട്ടിച്ചേർക്കുന്നു
നിലവിൽ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിൽ വലിയ രീതിയിലുള്ള പ്രതിസന്ധികൾ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും കാണുകയുണ്ടായി. ഇരു മത്സരങ്ങളിലും മുൻനിര പരാജയപ്പെട്ടപ്പോൾ, രണ്ടാം മത്സരത്തിൽ വലിയൊരു ദുരന്തം തന്നെയായിരുന്നു ഇന്ത്യയ്ക്ക് സംഭവിച്ചത്. കേവലം 117 റൺസിന് ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയൻ ബോളർമാർക്ക് മുൻപിൽ അടിയറവ് പറഞ്ഞിരുന്നു. ലോകകപ്പിലേക്ക് പോകുമ്പോൾ ഇത്തരം ഒരു സാഹചര്യം ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് തലവേദന ഉണ്ടാക്കുന്നുണ്ട്.