നിരാശയിലും അഭിമാന റെക്കോർഡ് സ്വന്തമാക്കി സഞ്ജു. എലൈറ്റ് ക്ലബ്ബിൽ വിരാട് കോഹ്ലിയ്‌ക്കൊപ്പം.

sanju samson run out wi

വെസ്റ്റിൻഡീസിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും വളരെ നിരാശപ്പെടുത്തുന്ന പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 9 പന്തുകളിൽ 13 റൺസ് മാത്രമാണ് നേടിയത്. ഷേപ്പേർഡ് എറിഞ്ഞ പന്തിൽ നിക്കോളാസ് പൂരന് ക്യാച്ച് നൽകി സഞ്ജു മടങ്ങുകയായിരുന്നു. ഇതോടെ വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു പൂർണമായും പരാജയപ്പെടുകയുണ്ടായി.

12, 7, 13 എന്നിങ്ങനെയാണ് സഞ്ജു പരമ്പരയിൽ നേടിയത്. എന്നിരുന്നാലും മത്സരത്തിലൂടെ വലിയൊരു നാഴികക്കല്ല് പിന്നിടാൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. ട്വന്റി20 ക്രിക്കറ്റിൽ 6000 റൺസ് ക്ലബ്ബിൽ പേര് ചേർത്തിരിക്കുകയാണ് സഞ്ജു ഇപ്പോൾ.

വിരാട് കോഹ്ലിയടക്കമുള്ള വമ്പൻ താരങ്ങൾ അണിനിരക്കുന്ന എലൈറ്റ് ക്ലബ്ബിലേക്കാണ് സഞ്ജു പ്രവേശിച്ചിരിക്കുന്നത്. അഞ്ചാം ട്വന്റി20യിൽ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ കേവലം 2 റൺസ് മാത്രമായിരുന്നു സഞ്ജുവിന് എലൈറ്റ് ക്ലബ്ബിലെത്താൻ വേണ്ടത്. അത് ആദ്യം തന്നെ നേടി സഞ്ജു ഈ പട്ടികയിൽ എത്തിപ്പെട്ടു. വിരാട് കോഹ്ലിയാണ് 6000 റൺസിന് മുകളിൽ ട്വന്റി20 ക്രിക്കറ്റിൽ നേടിയ ഇന്ത്യൻ കളിക്കാരുടെ പട്ടികയിൽ ഒന്നാമനായി ഉള്ളത്. ഇതുവരെ 374 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി 11,965 റൺസാണ് നേടിയിട്ടുള്ളത്.

ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് ലിസ്റ്റിൽ രണ്ടാമത്തെയാൾ. ട്വന്റി20യിൽ 11035 റൺസാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. 9645 റൺസ് നേടിയ ശിഖർ ധവാൻ ലിസ്റ്റിൽ മൂന്നാമനായി നിൽക്കുന്നു. ഇന്ത്യയുടെ മുൻ സൂപ്പർതാരം സുരേഷ് റെയ്‌ന 8654 റൺസ് ട്വന്റി20 ക്രിക്കറ്റിൽ നേടി നാലാം സ്ഥാനത്ത് നിലകൊള്ളുന്നുണ്ട്.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

ഇവർക്ക് പിന്നാലെ 7272 റൺസുമായി റോബിൻ ഉത്തപ്പയും, 7271 റൺസുമായി മഹേന്ദ്ര സിംഗ് ധോണിയും, 7081 റൺസുമായി ദിനേശ് കാർത്തിക്കും, 7066 റൺസുമായി കെഎൽ രാഹുലും, 6810 റൺസുമായി മനീഷ് പാണ്ടെയും, 6608 റൺസുമായി സൂര്യകുമാർ യാദവും, 6402 റൺസുമായി ഗൗതം ഗംഭീറും, 6028 റൺസുമായി അമ്പട്ടി റായുഡുവും ലിസ്റ്റിലുണ്ട്. ഈ സൂപ്പർ താരങ്ങൾക്കൊപ്പമാണ് ഇപ്പോൾ സഞ്ജു സാംസൺ തന്റെ പേര് ചേർത്തിരിക്കുന്നത്.

എന്നിരുന്നാലും ഇന്ത്യൻ ടീമിനായി വളരെ കുറച്ച് റൺസ് മാത്രമാണ് സഞ്ജു നേടിയിട്ടുള്ളത്. 18 റൺസ് ശരാശരിയിലാണ് ഇന്ത്യക്കായി സഞ്ജു കളിച്ചിട്ടുള്ളത്. പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപാട് റൺസ് നേടാൻ സഞ്ജുവിന് സാധിച്ചു. ഇന്ത്യയ്ക്കായി 23 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 346 റൺസ് സഞ്ജു നേടി. ഐപിഎല്ലിൽ 152 മത്സരങ്ങൾ കളിച്ച സഞ്ജു 3888 റൺസാണ് നേടിയിട്ടുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനും രാജസ്ഥാൻ റോയൽസിനുമായാണ് സഞ്ജു കളിച്ചിട്ടുള്ളത്. മൂന്നു സെഞ്ചുറികളും 20 അർദ്ധസെഞ്ച്വറികളുമാണ് ഐപിഎല്ലിലെ സഞ്ജുവിന്റെ സമ്പാദ്യം.

Scroll to Top