കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

20240410 211633 1

മലയാളി താരം സഞ്ജു സാംസനെ സംബന്ധിച്ച് വളരെ മികച്ച ഒരു ഐപിഎൽ സീസണാണ് പുരോഗമിക്കുന്നത്. ഇതുവരെ ഐപിഎല്ലിൽ ഗംഭീര ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല നായകൻ എന്ന നിലയിലും വളരെ മികച്ച രീതിയിൽ രാജസ്ഥാനെ നയിക്കാൻ സഞ്ജുവിന് സാധിച്ചു.

സഞ്ജുവിന്റെ ഈ പ്രകടനങ്ങളെ വാനോളം പുകഴ്ത്തിയാണ് ഇപ്പോൾ ഓസ്ട്രേലിയയുടെ മുൻ ഇതിഹാസ താരമായ ആദം ഗിൽക്രിസ്റ്റ് രംഗത്തു വന്നിരിക്കുന്നത്. 2024 ഐപിഎല്ലിൽ ഇതുവരെ നടന്ന മത്സരങ്ങൾ എടുത്തു പരിശോധിച്ചാൽ സഞ്ജു സാംസനാണ് ഏറ്റവും മികച്ച ബാറ്റർ എന്ന് ആദം ഗിൽക്രിസ്റ്റ് പറയുന്നു.

ഗിൽക്രിസ്റ്റിന്റെ ഈ അഭിപ്രായം സഞ്ജുവിനെ സംബന്ധിച്ച് തികച്ചും അഭിമാനിക്കാൻ വകയുള്ള ഒരു കാര്യം തന്നെയാണ്. കാരണം ടൂർണമെന്റിലെ മറ്റു പല വമ്പൻ ബാറ്റർമാരെയും ഒഴിവാക്കിയാണ് ഗിൽക്രിസ്റ്റ് സഞ്ജു സാംസണിനെ ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തിരിക്കുന്നത്. ബാംഗ്ലൂർ നായകനും ഓറഞ്ച് ക്യാപ്പിന്റെ നിലവിലെ അവകാശിയായ വിരാട് കോഹ്ലിയെ പോലും ഗില്ലി സഞ്ജുവിനായി തഴയുകയുണ്ടായി. ക്രിക്ബസ് സംഘടിപ്പിച്ച ഒരു ഷോയിലാണ് ഗിൽക്രിസ്റ്റ് ഈ അഭിപ്രായം വ്യക്തമാക്കിയത്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

ടൂർണമെന്റിലെ ഇതുവരെയുള്ള മത്സരങ്ങളിലെ ഏറ്റവും മികച്ച ബാറ്റർ ആരാണ് എന്ന ചോദ്യമായിരുന്നു ഗില്ലിയോട് അവതാരകനായ ഗൗരവ് കപൂർ ചോദിച്ചത്. അല്പസമയം ആലോചിച്ചതിന് ശേഷമാണ് ഗില്ലി സഞ്ജു സാംസൺ എന്ന മറുപടി നൽകിയത്. സഞ്ജുവിന് ഒപ്പം ഹൈദരാബാദ് ടീമിന്റെ വിക്കറ്റ് കീപ്പറായ ഹെൻറിച്ച് ക്ലാസന്റെയും പേരുകൾ ആദ്യം പറയുകയുണ്ടായി. സഞ്ജുവും ക്ലാസനും വിക്കറ്റ് കീപ്പർ ബാറ്റർമാരാണെന്നും എന്നാൽ ഇവരിൽ ഒരാളെ മാത്രമേ മികച്ചതായി തെരഞ്ഞെടുക്കാൻ പറ്റൂ എന്നും ഗില്ലി വ്യക്തമാക്കി. ശേഷമാണ് സഞ്ജു സാംസൺ എന്ന പേര് ഗില്ലി വെളിപ്പെടുത്തിയത്.

നിലവിൽ 2024 ഐപിഎല്ലിൽ നിർണായകമായ ബാറ്റിംഗ് പ്രകടനങ്ങളാണ് സഞ്ജു സാംസൺ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും സ്ഥിരതയോടെ റൺസ് കണ്ടെത്താൻ സഞ്ജുവിന് സാധിക്കുന്നുണ്ട്. 2024 ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്താനുള്ള പ്രയത്നത്തിലാണ് നിലവിൽ സഞ്ജു സാംസൺ. അതിനാൽ തന്നെ സഞ്ജു ഈ ഫോം ഐപിഎല്ലിന്റെ അടുത്ത പാദത്തിലും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

Scroll to Top