ഐ.പി.എല്ലിൽ 114 വിക്കറ്റുകൾ സ്വന്തമാക്കിയ പേസർ ആണ് സന്ദീപ് ശർമ്മ. എന്നാൽ ഈ താരത്തെ കഴിഞ്ഞ ലേലത്തിൽ സ്വന്തമാക്കുവാൻ ഒരു ഫ്രാഞ്ചൈസികളും തയ്യാറായില്ല. താരത്തെ ആരും വാങ്ങിക്കാതിരുന്നത് എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെയാണ് ഞെട്ടിച്ചത്.
ഇപ്പോഴിതാ തന്റെ നിരാശയും തന്നെ ആരും വാങ്ങാതിരുന്നത് തന്നെ ഞെട്ടിപ്പിക്കുകയും ചെയ്തു എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് ശർമ്മ.”ഞാൻ നിരാശനാണ്.ഞാൻ അൺസോൾഡ് ആയത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്നെ ഏത് ടീം എടുത്താലും അവർക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
ഏതെങ്കിലും ഒരു ടീം എന്നെ സ്വന്തമാക്കുവാൻ ലേലത്തിൽ മുന്നോട്ടു വരുമെന്ന് ഞാൻ കരുതി. ഇത് ഞാൻ സത്യം പറഞ്ഞാൽ പ്രതീക്ഷിച്ചില്ല. എവിടെയാണ് പിഴച്ചത് എന്ന് എനിക്കറിയില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. രഞ്ജി ട്രോഫിയിലെ അവസാന റൗണ്ടിൽ 7 വിക്കറ്റുകൾ ആണ് ഞാൻ നേടിയത്. എൻ്റെ മികവ് മുഷ്താഖ് അലിയിലും ഞാൻ കാണിച്ചു.
ഞാൻ ശ്രമിച്ചത് എപ്പോഴും സ്ഥിരത നിലനിർത്താൻ ആണ്. എൻ്റെ കയ്യിൽ നിലനിൽക്കുന്ന ഒരേയൊരു കാര്യം അതുമാത്രമാണ്. എനിക്ക് അവസരം ലഭിച്ചാലും ഇല്ലെങ്കിലും ഞാൻ കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കും.”- താരം പറഞ്ഞു. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർമാരിൽ പതിമൂന്നാം സ്ഥാനത്താണ് സന്ദീപ് ശർമ്മ. 10 ഐ.പി.എൽ സീസണുകളിൽ നിന്നും 7.77 എന്ന ഇക്കണോമിയിൽ 114 വിക്കറ്റുകളാണ് താരം വീഴ്ത്തിയിട്ടുള്ളത്.