ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കൂടെ പരാജയമറിഞ്ഞതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. 2022 ട്വന്റി20 ലോകകപ്പിലും ഇന്ത്യ സെമിഫൈനലിൽ പുറത്തായിരുന്നു. അതിനു ശേഷം വീണ്ടും മറ്റൊരു കിരീടം ഇന്ത്യയ്ക്ക് നഷ്ടമാകുമ്പോൾ പഴി കേൾക്കുന്നത് രോഹിത് ശർമയാണ്. ഇന്ത്യൻ ടീമിന്റെ നായകത്വ സമ്മർദ്ദം രോഹിത് ശർമയെ പിന്നിലേക്കടിക്കുന്നുണ്ടെന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രകടനത്തിൽ പോലും ബാധിക്കുന്നുണ്ടെന്നും ചില ആരാധകർ വിധിയെഴുതുകയും ചെയ്തു. ഈ സാഹചര്യത്തിൽ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത്തിന് ഇന്ത്യ വിശ്രമം അനുവദിച്ചേക്കും എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ പരാജയത്തിന്റെ പേരിൽ രോഹിത്തിനെ ഇത്തരത്തിൽ വിമർശിക്കുന്നത് ബുദ്ധിശൂന്യതയാണ് എന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത് പറയുന്നത്.
“നായകനാകുന്ന ഒരു താരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അയാളുടെ വ്യക്തിഗത പ്രകടനം സൂക്ഷിക്കുക എന്നത് തന്നെയാണ്. ക്യാപ്റ്റൻ എന്ന പദവിയുടെ സമ്മർദ്ദം ഒരിക്കലും ഇല്ലാതാവില്ല. എന്തായാലും രോഹിത്തിന് ഒരു പുത്തനുണർവ് ആവശ്യമാണ്. ബാറ്റിംഗിൽ സ്ഥിരതയോടെ പ്രകടനം കാഴ്ചവെക്കാൻ രോഹിത്തിന് സാധിക്കുന്നില്ല. ഫോമില്ലായ്മ രോഹിത്തിന്റെ ബാറ്റിംഗിനെ ബാധിച്ചിട്ടുണ്ട്.”- സ്മിത്ത് പറയുന്നു. എന്നാൽ ഇതിന്റെ പേരിൽ രോഹിത്തിന്റെ നായകസ്ഥാനം ചോദ്യം ചെയ്യപ്പെടേണ്ടതില്ല എന്നാണ് സ്മിത്തിന്റെ പക്ഷം.
“രോഹിത്തിന്റെ നായകത്വത്തെയോ അതിന്റെ ശൈലിയെയോ ആരും തന്നെ വിമർശിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോൾ ചർച്ചയാവുന്നത് രോഹിത്തിന്റെ ബാറ്റിംഗ് പ്രകടനം മാത്രമാണ്. ഒരുപക്ഷേ വരും മത്സരങ്ങളിൽ കുറച്ചു നല്ല സ്കോറുകൾ രോഹിത് കണ്ടെത്തിയാൽ അദ്ദേഹത്തിന്റെ സമ്മർദം കുറഞ്ഞേക്കും. മറ്റൊരു കാര്യം, ടീം പരാജയപ്പെടുമ്പോൾ സീനിയർ താരങ്ങൾ പഴി കേൾക്കുന്നത് ക്രിക്കറ്റിൽ സ്വാഭാവികമായ കാര്യമാണ്. ക്രിക്കറ്റിന്റെ തുടക്കം മുതൽ സംഭവിക്കുന്ന ഒരു കാര്യം തന്നെയാണ് ഇത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയെ എത്തിക്കാൻ ഇവരൊക്കെയും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ഒരൊറ്റ മത്സരത്തിലെ പരാജയത്തിന്റെ പേരിൽ സീനിയർ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കുക എന്നത് ബുദ്ധിശൂന്യമാണ്.”- സ്മിത്ത് കൂട്ടിച്ചേർക്കുന്നു.
എന്നിരുന്നാലും രോഹിത്തിന്റെ ഫിറ്റ്നസ് സംബന്ധിച്ച് ഇന്ത്യൻ ടീമിൽ വളരെയധികം ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാത്രമല്ല കഴിഞ്ഞ ഐപിഎൽ സീസണിലും വളരെ മോശം പ്രകടനം തന്നെയായിരുന്നു രോഹിത് കാഴ്ചവച്ചിരുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 എഡിഷനിൽ 16 മത്സരങ്ങളിൽ നിന്ന് 20 റൺസ് ശരാശരിയിൽ 332 റൺസ് മാത്രമാണ് രോഹിത് ശർമ്മയ്ക്ക് നേടാൻ സാധിച്ചത്. ഇതിനുശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ 15, 43 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്കോർ.