ആദ്യ ഓവറിൽ അഫ്രീദിയെ തൂക്കി ഹിറ്റ്മാൻ. സ്വന്തമാക്കിയത് അത്യപൂർവ നേട്ടം.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏഷ്യാകപ്പിലെ സൂപ്പർ നാല് മത്സരത്തിൽ ഇന്ത്യൻ ടീമിന് തകർപ്പൻ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. മത്സരം കനത്ത മഴ മൂലം റിസർവ് ഡേയിലേക്ക് മാറ്റി വെച്ചെങ്കിലും തകർപ്പൻ പ്രകടനമാണ് ഇതുവരെ ഇന്ത്യ കാഴ്ചവെച്ചിട്ടുള്ളത്. ടോസ് നഷ്ടപ്പെട്ട് മത്സരത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അടിച്ചു തകർക്കുന്നതാണ് മത്സരത്തിൽ കണ്ടത്.

പവർപ്ലേ ഓവറുകളിൽ ശുഭമാൻ ഗില്ലാണ് തീയായി മാറിയതെങ്കിൽ, പിന്നീട് രോഹിത് ശർമ തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെ എത്തുകയായിരുന്നു. ബൗണ്ടറികൾക്ക് ഉപരിയായി സിക്സറുകൾ നേടാനാണ് രോഹിത് ശർമ തന്റെ ഇന്നിങ്സിലുടനീളം ശ്രമിച്ചത്. ഇതിനിടെ കുറച്ചധികം റെക്കോർഡുകളും രോഹിത് ശർമ സ്വന്തമാക്കുകയുണ്ടായി.

മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ പാകിസ്ഥാൻ പേസർ ഷാഹിൻ അഫ്രീദിയെ സിക്സറിന് പറത്തിയാണ് രോഹിത് ശർമ തുടങ്ങിയത്. ആദ്യം ഓവറിൽ തന്നെ ഷാഹിനെതിരെ തകർപ്പൻ സിക്സർ നേടിയതോടെ ഒരു വെടിക്കെട്ട് റെക്കോർഡും രോഹിത് ശർമ സ്വന്തമാക്കുകയുണ്ടായി.

ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു ബാറ്റർക്കും ഷാഹിൻ അഫ്രീദിയ്ക്കെതിരെ ആദ്യ ഓവറിൽ സിക്സർ നേടാൻ സാധിച്ചിട്ടില്ല. കാരണം അത്രമാത്രം കൃത്യതയാർന്ന ബോളറാണ് അഫ്രീദി. എന്നാൽ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കി ഷാഹിൻ അഫ്രീദിയ്ക്ക് മേൽ രോഹിത് ശർമ മത്സരത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിക്കുകയുണ്ടായി.

ആദ്യ ഓവറിൽ മാത്രമല്ല പിന്നീട് ഷാഹിൻ അഫ്രീദിയെറിഞ്ഞ ഓവറുകളിലൊക്കെയും ഇന്ത്യൻ ബാറ്റർമാർ കൃത്യമായി റൺസ് സ്വന്തമാക്കിയിരുന്നു. ആദ്യ ഓവറുകളിൽ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉണ്ടാക്കും എന്ന് എല്ലാവരും അഭിപ്രായപ്പെട്ട അഫ്രീദിയെ അടിച്ചു തൂക്കുകയായിരുന്നു ഇന്ത്യയുടെ ഓപ്പണർമാർ. മത്സരത്തിൽ രോഹിത് ശർമ 49 പന്തുകളിൽ 6 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 56 റൺസാണ് നേടിയത്. ശദാബ് ഖാൻ എറിഞ്ഞ പന്ത് ലോങ് ഓഫിന് മുകളിലൂടെ സിക്സർ പായിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു രോഹിത് ശർമ കൂടാരം കയറിയത്.

ശുഭമാൻ ഗിൽ മത്സരത്തിൽ 52 പന്തുകൾ നേരിട്ട് 10 ബൗണ്ടറികളടക്കം 58 റൺസ് നേടി. ഇരുവരും പുറത്തായ ശേഷം വിരാട് കോഹ്ലിയും കെ എൽ രാഹുലും ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് പതിയെ മുൻപിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയത്താണ് വില്ലനായി മഴയെത്തിയത്. മത്സരം അവസാനിപ്പിക്കുമ്പോൾ 24.1 ഓവറുകളിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. ഇന്ന് 3:00 മണിക്കാണ് മത്സരം പുനരാരംഭിക്കുന്നത്.

Previous article‘ഇത് എന്റെ ബുമ്രയുടെ കുഞ്ഞിനുള്ള സമ്മാനം’.. ആരാധകഹൃദയം കീഴടക്കി ബുമ്രയും അഫ്രീദിയും.
Next articleസച്ചിനെ പിന്തള്ളി ഹിറ്റ്മാന്റെ പടയോട്ടം. ഏഷ്യകപ്പിലെ വമ്പൻ ചരിത്രം മാറ്റിയെഴുതി.