‘ഇത് എന്റെ ബുമ്രയുടെ കുഞ്ഞിനുള്ള സമ്മാനം’.. ആരാധകഹൃദയം കീഴടക്കി ബുമ്രയും അഫ്രീദിയും.

എല്ലാവരും പ്രതീക്ഷിച്ചതുപോലെ ഇന്ത്യയുടെ പാകിസ്ഥാനെതിരായ ഏഷ്യാകപ്പിലെ സൂപ്പർ 4 മത്സരം കനത്ത മഴമൂലം റിസർവ് ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. മത്സരത്തിൽ വളരെ മികച്ച തുടക്കം തന്നെയായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്. എന്നാൽ അതിനുശേഷം മഴ വില്ലനായി എത്തി. ആരാധകർക്കടക്കം വലിയ നിരാശയാണ് ഇത് സമ്മാനിച്ചത്. എന്നാൽ ഈ നിരാശയ്ക്കിടയിലും പുഞ്ചിരി വിരിയിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ ആരാധകരെ ആകർഷിച്ചിരിക്കുന്നത്.

ഏഷ്യാകപ്പ് ടൂർണമെന്റിനിടെ അച്ഛനായി മാറിയ ഇന്ത്യയുടെ പേസർ ജസ്പ്രീറ്റ് ബുമ്രയ്ക്ക് പാക്കിസ്ഥാൻ താരം ഷാഹിൻ അഫ്രീദി നൽകിയ സ്പെഷ്യൽ ഗിഫ്റ്റ് ആണ് ഇപ്പോൾ ആരാധക ഹൃദയം കീഴടക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയായിരുന്നു ബൂമ്രയ്ക്കും ഭാര്യ സഞ്ജന ഗണേശനും കുട്ടി പിറന്നത്. ഇതേ തുടർന്ന് ബൂമ്ര ഇന്ത്യയുടെ നേപ്പാളിനെതിരായ മത്സരത്തിൽ നിന്ന് പിന്മാറുകയും ശേഷം ഭാര്യയുടെ അടുത്തേക്ക് തിരിക്കുകയും ചെയ്തിരുന്നു. സന്തോഷവേള ഭാര്യയ്ക്കൊപ്പം പങ്കിട്ട ശേഷമാണ് ബൂമ്ര തിരിച്ച് ഇന്ത്യൻ ക്യാമ്പിലേക്ക് എത്തിയത്. ജീവിതത്തിൽ ഒരു പുതിയ ഘട്ടം ആരംഭിച്ച ബുമ്രയ്ക്ക് തന്റെ ആശംസകൾ അറിയിച്ചു കൊണ്ടാണ് ഷാഹിദ് അഫീദി സമ്മാനം നൽകിയത്.

മൈതാനത്തിന് പുറത്ത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വലിയ രീതിയിൽ വാക്പോരുകൾ നടക്കുമ്പോഴും താരങ്ങൾക്കിടയിൽ വലിയ സൗഹൃദമുണ്ട് എന്ന് കാണിച്ചു തരുന്ന വീഡിയോ കൂടിയാണ് ഇത്. ഇരു ടീമുകളെയും താരങ്ങളെ അഭിനന്ദിച്ചു കൊണ്ടാണ് വീഡിയോയോട് സോഷ്യൽ മീഡിയ പ്രതികരിച്ചത്. ഇന്ത്യയുടെ പാകിസ്ഥാനെതിരായ സൂപ്പർ 4 മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ പാക്കിസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ഇന്ത്യക്കായി ഒരു തകർപ്പൻ കൂട്ടുകെട്ട് തന്നെയാണ് ഓപ്പണർമാരായ രോഹിത് ശർമയും ശുഭമാൻ ഗില്ലും കെട്ടിപ്പടുത്തത്.

ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യക്കായി കെട്ടിപ്പടുത്തു. എന്നാൽ ചെറിയ ഇടവേളയിൽ രോഹിത് ശർമയേയും ഗില്ലിനെയും കൂടാരം കയറ്റാൻ പാക്കിസ്ഥാന് സാധിച്ചു. ഇതോടെ ഇന്ത്യൻ ഇന്നിങ്സ് 123ന് 2 എന്ന നിലയിൽ എത്തുകയായിരുന്നു. ശേഷം വിരാട് കോഹ്ലിയും കെഎൽ രാഹുലും ഇന്ത്യയ്ക്കായി മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു. ഈ സമയത്താണ് 25ആം ഓവറിൽ വില്ലനായി മഴയെത്തിയത്. ശേഷം മത്സരം റിസർവ് ഡേയിലേക്ക് മാറ്റിവച്ചിട്ടുണ്ട്. നിലവിൽ 24.1 ഓവറിൽ 147ന് 2 എന്ന നിലയിലാണ് ഇന്ത്യ.