ഇന്നലെയായിരുന്നു ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിന മത്സരം. ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ഇന്ത്യയുടെ മുൻനിര താരങ്ങൾ ഇന്നലത്തെ മത്സരത്തിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെക്കാൻ ആകാതെ പരാജയപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ പരാജയത്തിൻ്റെ വക്കിൽ എത്തിയിരുന്ന ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് കെ എൽ രാഹുൽ നടത്തിയ അവസരോചിത ഇന്നിങ്സായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 215 റൺസിന് ഓൾ ഔട്ടായി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 16 ഓവർ കഴിയുമ്പോഴേക്കും നാല് വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എന്ന നിലയിലായി. ശുബ്മാൻ ഗിൽ(21), രോഹിത് ശർമ (17), വിരാട് കോഹ്ലി (4) ശ്രേയസ് അയ്യർ (28) എന്നിവർ നിരാശപ്പെടുത്തി. എന്നാൽ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് 103 പന്തുകളിൽ നിന്നും പുറത്താകാതെ രാഹുൽ നേടിയ 64 റൺസ് ആണ്. ഇപ്പോഴിതാ താരത്തിന്റെ ഇന്നിങ്സിനെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നായകൻ രോഹിത് ശർമ.
“ഒരുപാട് നാളുകളായിട്ട് രാഹുൽ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. ബാറ്റിംഗ് നിരയുടെ ആഴം അത് കൂട്ടുന്നുണ്ട്. ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ് രാഹുലിന്റെ സാന്നിധ്യം. മുൻനിര താരങ്ങൾക്ക് ഫ്രീയായി കളിക്കുവാൻ രാഹുൽ മധ്യനിരയിൽ വരുമ്പോൾ സാധിക്കുന്നു. മികച്ച പ്രകടനമായിരുന്നു രാഹുലിന്റെത്. എന്നാൽ മധ്യനിരയിൽ ഒരു ഇടം കയ്യൻ കൂടെ ഉണ്ടെങ്കിൽ എന്ന് കരുതാറുണ്ട്.എന്നാൽ ഞാൻ ഒരുപാട് തന്ത്രത്തിൽ വിശ്വസിക്കുന്നുമില്ല. വലിയ വലങ്കയ്യൻ ബാറ്റർമാർ ടീമിലുണ്ട്. അവർക്ക് സമ്മർദ്ദ സാഹചര്യങ്ങളും വെല്ലുവിളികളും മറികടക്കാൻ സാധിക്കും.
മൂന്ന് ഏകദിനങ്ങൾ ന്യൂസിലാൻഡിനെതിരെ വരുന്നുണ്ട്. മുന്നിലുള്ളത് നീണ്ട സീസൺ ആണ്. ടീമിൽ മാറ്റങ്ങൾ വരുത്തണമെന്ന് ഉണ്ടെങ്കിൽ അപ്പോൾ ചിന്തിക്കും. പ്രശംസനീയമായ പ്രകടനമാണ് തിരിച്ചുവരവിൽ കുൽദീപ് യാദവ് നടത്തിയത്. കുൽദീപിന്റെ പ്രകടനമാണ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. കുൽദീപ് ആത്മവിശ്വാസമുള്ള ബൗളറാണ്. ടീമിന് ശുഭപ്രതീക്ഷയാണ് അവൻ നൽകുന്നത്. ഞാൻ മൂന്നാം ഏകദിനത്തിൽ എന്തെങ്കിലും മാറ്റം വരുത്തണം എന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് അവിടെ എത്തി സാഹചര്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം ആയിരിക്കും.”- രോഹിത് ശർമ പറഞ്ഞു.