ശ്രീലങ്കക്ക് എതിരായ രണ്ടാം ടി :20യിലും വമ്പൻ ജയം സ്വന്തമാക്കി രോഹിത് ശർമ്മയും സംഘവും മറ്റൊരു ടി :20 പരമ്പരയും കരസ്ഥമാക്കി. ചരിത്രം നേട്ടം സ്വന്തമാക്കിയ ക്യാപ്റ്റൻ രോഹിത് ശർമ്മ കയ്യടികൾ നേടുമ്പോൾ അപൂർവ്വമായ ക്യാപ്റ്റൻസി റെക്കോർഡിൽ ചില ഇതിഹാസ താരങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഏറെ ശ്രദ്ധേയനായി മാറുന്നത്.ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ, ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ എന്നിവരെ പിന്നിലാക്കിയാണ് രോഹിത് ശർമ്മ ക്യാപ്റ്റൻസി നേട്ടത്തിൽ മുന്നിലേക്ക് എത്തുന്നത്. തുടർച്ചയായി പതിനൊന്നാം ടി :20യിലും ഇന്ത്യൻ ടീം ജയം നേടുമ്പോൾ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ടീം പ്രതീക്ഷകളും വർധിക്കുകയാണ്.
ഇന്നലത്തെ ജയത്തോടെ സ്വന്തം നാട്ടിൽ ഏറ്റവും അധികം ടി :20 മത്സരങ്ങൾ ജയിക്കുന്ന ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി.ടി :20 ക്രിക്കറ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നായകത്വത്തിൽ ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ ജയിക്കുന്ന പതിനാറാം ജയമാണ് ഇന്നലെ പിറന്നത്. ഇതോടെ 15 ടി :20 മത്സരങ്ങളിൽ ഇംഗ്ലണ്ട് ടീമിനെ സ്വന്തം മണ്ണിൽ നയിച്ച മോർഗൻ നേട്ടം രോഹിത് ശർമ്മ മറികടന്നു.കൂടാതെ ഈ ലിസ്റ്റിൽ 15 ജയങ്ങൾ കിവീസിനായി സ്വന്തം മണ്ണിൽ ജയിച്ച വില്യംസൺ നേട്ടവും രോഹിത്തിന്റെ ഇന്നലെത്തെ ജയത്തോടെ പിറകിലായി.
14 വിജയം നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, 13 വിജയം നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരെ നേരത്തേ തന്നെ രോഹിത് ശർമ്മ പിന്നിലാക്കിയിരുന്നു. ഇതുവരെ 27 ടി20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ഹിറ്റ്മാൻ 23 മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിച്ചു. മൂന്ന് ടി20 മത്സരങ്ങളിൽ മാത്രമാണ് രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യ പരാജയപെട്ടിട്ടുള്ളത്.
ജയത്തോടെ ഇന്ത്യൻ ടി :20 ടീമിന്റെ എക്കാലത്തെയും മികച്ച നായകനായി രോഹിത് ശർമ്മ മാറി. ഹോം സാഹചര്യത്തിൽ ഒരേ ഒരു ടി :20 മാത്രമാണ് ഇന്ത്യൻ ടീം രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ തോറ്റത്. ഇന്നത്തെ അവസാന ടി :20 കൂടി ജയിച്ചാൽ ലങ്കക്ക് എതിരെ മറ്റൊരു വൈറ്റ് വാഷ് നേടാൻ സാധിക്കും.