ശക്തരായ ഗുജറാത്തും കടപൊഴുകി വീണു. കേരളത്തിനു രണ്ടാം വിജയം.

രഞ്ജി ട്രോഫി ടൂര്‍ണമെന്‍റിലെ കേരളത്തിന്‍റെ രണ്ടാം മത്സരത്തില്‍ ശക്തരായ ഗുജറാത്തിനെ തോല്‍പ്പിച്ചു. ഗുജറാത്ത് ഉയര്‍ത്തിയ 214 റണ്‍സ് പിന്തുടര്‍ന്ന കേരളം 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയെടുത്തു. സെഞ്ചുറിയുമായി രോഹന്‍ കുന്നുമല്ലും അര്‍ദ്ധസെഞ്ചുറിയുമായി സച്ചിന്‍ ബേബിയുമാണ് കേരളത്തിനു വിജയം സമ്മാനിച്ചത്. മത്സരത്തിന്‍റെ അവസാന ദിനത്തിലെ അവസാന സെക്ഷനിലാണ് കേരളം വിജയം നേടിയെടുത്തത്. സ്കോര്‍ – ഗുജറാത്ത് – 388, 264 കേരള – 439, 214

ഏകദിനശൈലിയില്‍ വിജയലക്ഷ്യം ചെയ്യേണ്ടി വന്ന കേരളത്തിനു വേണ്ടി 83 പന്തിലാണ് സിക്സ് അടിച്ചുകൊണ്ട് രോഹന്‍ കുന്നുമ്മേല്‍ സെഞ്ചുറി നേടിയത്. കേരളത്തിനു വേണ്ടി തുടര്‍ച്ചായി 3 രഞ്ജി ട്രോഫി ഇന്നിംഗ്സില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് രോഹന്‍. അവസാനം വരെ ക്രീസില്‍ നിന്ന താരം 87 പന്തില്‍ 12 ഫോറും 3 സിക്സ് അടക്കം 106 റണ്‍സ് നേടി.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമൊത്ത് 143 റണ്‍സ് കൂട്ടിചേര്‍ത്തു. 76 പന്തില്‍ 5 ഫോറും 2 സിക്സും അടക്കം 62 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. 21 പന്തില്‍ 7 റണ്‍ നേടിയ രാഹുലാണ് പുറത്തായ മറ്റൊരു താരം. 30 പന്തില്‍ 28 റണ്‍സുമായി സല്‍മാന്‍ നിസാര്‍ പുറത്താകാതെ നിന്നു. വിജയത്തോടെ 13 പോയിന്‍റുമായി കേരളം രണ്ടാമതാണ്. നിര്‍ണായകമായ അവസാന മത്സരം മാര്‍ച്ച് 3 ന് മധ്യപ്രദേശിനെതിരെയാണ്.

നേരത്തെ കേരളത്തിന്‍റെ 51 റണ്‍സ് ലീഡ് കടവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 264 റണ്‍സിനു എല്ലാവരും പുറത്തായി. 214 റണ്‍സാണ് കേരളത്തിന്‍റെ മുമ്പില്‍ വിജയലക്ഷ്യം വച്ചത്. 84 ന് 5 എന്ന നിലയില്‍ തകര്‍ന്ന ഗുജറാത്തിനെ ആറാം വിക്കറ്റില്‍ ഒന്നു ചേര്‍ന്ന ഉമാങ്ങ് കുമാര്‍ – കരണ്‍ പട്ടേല്‍ എന്നിവരാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് 138 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

20220227 160632

150 പന്തില്‍ 81 റണ്‍സ് നേടിയ കരണ്‍ പട്ടേലിന്‍റെ വിക്കറ്റ് നേടി സിജോമോന്‍ ജോസഫാണ് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയത്. 70 റണ്‍സ് നേടിയ ഉമാങ്കിനെ ജലജ് സക്സേന പുറത്താക്കി. വളരെ വേഗത്തില്‍ വാലറ്റത്തെ ചുരുട്ടിക്കൂട്ടിയ കേരള ബോളര്‍മാര്‍ അവസാന 5 വിക്കറ്റ് 42 റണ്‍സിനിടെ വീഴ്ത്തി.

റൂഷ് കലേറിയ (0), സിദ്ധാർഥ് ദേശായി (19 പന്തിൽ 7), നഗ്വാസ്‌വല്ല (13 പന്തിൽ നാല്) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് ഗുജറാത്ത് താരങ്ങൾ. കേരളത്തിനായി ജലജ് സക്സേന നാലു വിക്കറ്റ് വീഴ്ത്തി. 17 ഓവറിൽ 53 റൺസ് വഴങ്ങിയാണ് സക്സേന നാലു വിക്കറ്റ് പിഴുതത്. സിജോമോൻ ജോസഫ് മൂന്നും ബേസിൽ തമ്പി രണ്ടും രണ്ടും എം.ഡി. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി.

20220227 160638

മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേടാന്‍ കേരളത്തിനു സാധിച്ചിരുന്നു. നേരത്തെ രോഹന്‍ കുന്നുമലും (129) വിഷ്ണു വിനോദും (113) നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ആദ്യ ഇന്നിംഗ്സില്‍ കേരളം 439 റണ്‍സ് നേടിയത്. 4 ന് 277 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച കേരള, വാലറ്റക്കാരോടൊപ്പം കൂട്ടുപിടിച്ചാണ് വിഷ്ണു വിനോദ് നിര്‍ണായക ലീഡ് നല്‍കിയത്.