ഫുള്‍ടൈം ക്യാപ്റ്റന്‍സി ലഭിച്ചതിനു ശേഷമുള്ള ആദ്യ പരമ്പരയില്‍ തന്നെ വൈറ്റ് വാഷ് വിജയം സ്വന്തമാക്കാന്‍ രോഹിത് ശര്‍മ്മക്ക് സാധിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര അവസാനിച്ചപ്പോള്‍ വീരാട് കോഹ്ലിയുടെ മോശം ഫോം മാത്രമാണ് ആശങ്കയായി നില്‍ക്കുന്നത്. പരമ്പരയിലെ അവസാന മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെയാണ് കോഹ്ലി പുറത്തായത്. ഇപ്പോഴിതാ വീരാട് കോഹ്ലിക്ക് പിന്തുണയുമായി എത്തുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.
പരമ്പരയില്‍ 3 മത്സരങ്ങളില്‍ നിന്നായി 26 റണ്‍സ് മാത്രമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ സമ്പാദ്യം. ക്യാപ്റ്റന്‍സി പദവി ഒഴിഞ്ഞതിനു ശേഷമുള്ള സൗത്താഫ്രിക്കന്‍ പരമ്പരയില്‍ 3 മത്സരങ്ങളില്‍ നിന്നും 2 അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ 2015 നു ശേഷം ഇതാദ്യമായാണ് വീരാട് കോഹ്ലി 50 ല്‍ താഴെ ഒരു പരമ്പരയില്‍ റണ്‍സ് സ്കോര്‍ ചെയ്യുന്നത്.
മുൻ നായകന് ആത്മവിശ്വാസം നൽകാൻ ടീം വേണ്ടത്ര ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് രോഹിത് ശര്‍മ്മ ചിരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. ”വിരാട് കോഹ്‌ലിക്ക് കൂടുതൽ ആത്മവിശ്വാസം ആവശ്യമുണ്ടോ ? കോഹ്ലിക്ക് ആത്മവിശ്വാസം ആവശ്യമാണെങ്കിൽ ടീമിൽ വേറ ആർക്കാണ് ആത്മവിശ്വാസം? എനിക്കറിയാം അദ്ദേഹം അധികനാളായി സെഞ്ച്വറി നേടിയിട്ടില്ലെങ്കിലും അർധസെഞ്ചുറികള്‍ നേടുന്നുണ്ട്. ദക്ഷിണാഫ്രിക്കയിൽ പോലും 3 മത്സരങ്ങളിൽ നിന്ന് 2 അർധസെഞ്ചുറികൾ അടിച്ചിരുന്നു. ”
” അവന് അധിക ആത്മവിശ്വാസം ആവശ്യമില്ല. അദ്ദേഹത്തിന്റെ ഫോമിൽ ടീം മാനേജ്‌മെന്റിന് ഒട്ടും ആശങ്കയില്ല ” വീരാട് കോഹ്ലിക്ക് മികച്ച പിന്തുണയുമായി രോഹിത് ശര്‍മ്മ എത്തി. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു ഒഴിഞ്ഞെങ്കിലും രോഹിത് ശര്‍മ്മയെ സഹായിക്കാന്‍ കോഹ്ലി എത്തുന്നത് കാണാമായിരുന്നു. ആദ്യ എകദിനത്തില്‍ രോഹിത് ശര്‍മ്മയെ റിവ്യൂ എടുക്കാന്‍ വീരാട് കോഹ്ലി സഹായിച്ചിരുന്നു.