2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ നേരിടുമ്പോള്‍ നിരവധി റെക്കോഡുകളാണ് രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത്. ക്യാപ്റ്റനായി രോഹിത് ശര്‍മ്മയുടെ ആദ്യ ഏകദിന ലോകകപ്പാണ് ഇത്. അനായാസം പന്ത് ഗ്യാലറിയില്‍ എത്തിക്കുന്ന രോഹിത് ശര്‍മ്മ സിക്സ് റെക്കോഡ് നോട്ടമിടുന്നുണ്ട്.
രാജ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന ക്രിസ് ഗെയ്ലിന്‍റെ (553) റെക്കോഡിന് അടുത്താണ് രോഹിത് ശര്‍മ്മ. ഓസ്ട്രേലിയക്കെതിരെ 3 സിക്സ് കൂടി നേടിയാല്‍ രോഹിത് ശര്‍മ്മക്ക് ക്രിസ് ഗെയ്ലിനെ മറികടക്കാനാവും.
ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സെഞ്ചുറി റെക്കോഡ് തകര്‍ക്കാനും രോഹിത് ശര്‍മ്മക് അവസരമുണ്ട്. ഒരു സെഞ്ചുറി കൂടി നേടിയാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് (6) ഇന്ത്യന്‍ ക്യാപ്റ്റന്‍ മറികടക്കും. രോഹിത് ശര്‍മ്മയുടെ 6 ല്‍ 5 സെഞ്ചുറിയും പിറന്നത് 2019 ലോകകപ്പിലാണ്.
2015 ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു രോഹിത് ശര്‍മ്മയുടെ ആദ്യ സെഞ്ചുറി. 17 ലോകകപ്പ് മത്സരങ്ങളില്‍ 978 റണ്‍സാണ് രോഹിത് ശര്‍മ്മ ഇതിനോടകം നേടിയിരിക്കുന്നത്.