ഈ ആഴ്ച കൊച്ചിയിൽ വച്ചാണ് ഐപിഎൽ താര ലേലം നടക്കുന്നത്. നിരവധി താരങ്ങളാണ് ലേലത്തെ പ്രതീക്ഷയോടെ നോക്കി കാണുന്നത്. അതിൽ ഒരാളാണ് മലയാളി താരം രോഹൻ കുന്നുമ്മൽ. വ്യത്യസ്ത ഫോർമാറ്റുകളിലായി കേരളത്തിനു വേണ്ടി റൺസുകൾ അടിച്ചു കൂട്ടുന്ന താരത്തിനെ നിരവധി ഫ്രാഞ്ചൈസികൾ നോട്ടമിട്ടു കഴിഞ്ഞു.
താരത്തിന്റെ അടിസ്ഥാന വിലയായി നൽകിയിരിക്കുന്നത് 20 ലക്ഷം രൂപയാണ്. എന്നാൽ ഒരു കോടിക്ക് മുകളിൽ താരത്തിന്റെ വില പോകും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ആ പ്രതീക്ഷക്ക് കാരണം ആഭ്യന്തര ക്രിക്കറ്റിൽ താരം നടത്തിയ പ്രകടനം തന്നെയാണ്. ലേലത്തിൽ താരത്തെ വാങ്ങാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീം മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് തന്നെയാണ്. നിലവിൽ രണ്ട് താരങ്ങളാണ് സഞ്ജുവടക്കം കൂടെ രാജസ്ഥാൻ റോയൽസിൽ ഉള്ളത്.
ടീമിൽ വേറെ ഒരു താരം മറുനാടൻ മലയാളി ഉള്ളത് ദേവദത്ത് പടിക്കലാണ്. രോഹൻ കുന്നുമ്മൽ ഇതിനകം രാജസ്ഥാൻ റോയൽസിന്റെ ട്രയൽസിൽ പങ്കെടുത്തു കഴിഞ്ഞു. ഇതിന് വഴിയൊരുക്കിയത് സഞ്ജു ആയിരുന്നു. ആ അവസരം താരം മികച്ച രീതിയിൽ മുതലാക്കി. അതുകൊണ്ടു തന്നെ രാജസ്ഥാൻ താരത്തെ സ്വന്തമാക്കാൻ സാധ്യത വളരെയധികം കൂടുതലാണ്. ഡൽഹി ക്യാപ്പിറ്റൽസിന്റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ട്രയൽസിൽ താരം പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്ര എളുപ്പത്തിൽ രാജസ്ഥാന് താരത്തെ സ്വന്തമാക്കാൻ കഴിയില്ല. 2021-2022 രഞ്ജി ട്രോഫി സീസണിലെ ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിലാണ് താരം സെഞ്ചുറി നേടിയത്.
അതുകഴിഞ്ഞ് ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തിൽ സൗത്ത് സോണിന് വേണ്ടി സെഞ്ച്വറിയും താരം നേടി. അതേസമയം സൈദ് മുഷ്താഖ് അലി ട്രോഫിയിൽ താരത്തിന് മികച്ച പ്രകടന പുറത്തെടുക്കാൻ സാധിച്ചില്ല.8 മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധ സെഞ്ചുറി അടക്കം 201 റൺസ് മാത്രമാണ് താരം നേടിയത്. എന്നാൽ വിജയ് ഹസാരെ ട്രോഫിയിൽ താരം ഇതിൻ്റെ ക്ഷീണം തീർത്തു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഗോവക്കെതിരെ ആദ്യ സെഞ്ച്വറി താരം നേടി. ബീഹാറിനെതിരെയും സെഞ്ചുറി നേടി 7 ഇന്നിങ്സുകളിൽ നിന്ന് 414 റൺസ് നേടി കേരളത്തിന്റെ ടോപ് സ്കോറർ ആകാൻ താരത്തിന് സാധിച്ചു.