ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ തകർപ്പൻ താരമാണ് റിയാൻ പരാഗ്. ഇപ്പോഴിതാ വൈകാതെ തന്നെ താൻ ഇന്ത്യൻ ജേഴ്സിയിൽ കളിക്കും എന്ന ആത്മവിശ്വാസം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഐപിഎല്ലിൽ തന്റെ ടീമിൻ്റെ പരിശീലകനായ കുമാർ സംഗകാരക്കും നായകനായ സഞ്ജു സാംസണിനും തന്നിൽ ഒരുപാട് വിശ്വാസം ഉണ്ടെന്നും അത് വൃത്തിയിൽ നിർവഹിക്കുമെന്നും താരം പറഞ്ഞു.
“എൻ്റെ ടീമിലെ കുമാർ സംഗക്കാരക്കും സഞ്ജുവിനും ഉൾപ്പെടെ മുഴുവൻ ആളുകൾക്കും എന്നെ നല്ല വിശ്വാസമുണ്ട്. എൻ്റെ കഴിഞ്ഞ നാല് വർഷങ്ങളിൽ ഞാൻ മികച്ച പ്രകടനം പുറത്തെടുത്തത് ആദ്യ വർഷത്തിൽ ആയിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ മികച്ച രീതിയിൽ കളിക്കുവാൻ എനിക്ക് സാധിച്ചില്ല. ട്വന്റി-ട്വന്റി ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ജോലിയാണ് രാജസ്ഥാൻ എന്നെ ഏൽപ്പിച്ചത്.
ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുമുണ്ട്. തീരെ എളുപ്പമല്ലാത്ത കാര്യമാണ് സമ്മർദം നിറഞ്ഞ 20-20 മത്സരത്തിൽ ആറാമതോ ഏഴാമതോ ഇറങ്ങി ബാറ്റ് ചെയ്യുന്നത്. ഞാനിപ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് എന്റെ കരിയറിനാണ്.
ഇന്ത്യക്ക് വേണ്ടി കളിക്കുവാൻ വരും വർഷങ്ങളിൽ തീർച്ചയായും എനിക്ക് സാധിക്കും. അതിനു വേണ്ടിയാണ് ഞാൻ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. എൻ്റെ ഏറ്റവും വലിയ ലക്ഷ്യവും അതാണ്.”- പരാഗ് പറഞ്ഞു. ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്. മൂന്ന് സെഞ്ചുറികൾ ഉൾപ്പെടെ 552 റൺസ് ആണ് താരം നേടിയത്.