ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ രോഹിത് ശർമയോടൊപ്പം ക്രീസിൽ താണ്ഡവമാടിയ മറ്റൊരു താരമാണ് റിങ്കു സിംഗ്. മത്സരത്തിൽ 22ന് 4 എന്ന നിലയിൽ ഇന്ത്യ തകർന്ന സമയത്താണ് റിങ്കു ക്രീസിൽ എത്തുന്നത്. ശേഷം നായകനുമൊപ്പം ചേർന്ന് ഒരു വെടിക്കെട്ട് കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് ഈ യുവതാരം ശ്രമിച്ചത്.
മത്സരത്തിൽ 39 പന്തുകളിൽ 69 റൺസ് നേടിയ റിങ്കു സിംഗ് പുറത്താവാതെ നിന്നു. മത്സരത്തിന്റെ അവസാന സമയങ്ങളിൽ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും സിക്സറുകൾ പായിക്കാനും റിങ്കുവിന് സാധിച്ചിരുന്നു. 2 ബൗണ്ടറികളും 6 സിക്സറുകളുമാണ് റിങ്കുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. റിങ്കു സിങിന്‍റെ മത്സരത്തിലെ പ്രകടനത്തെപ്പറ്റി മത്സരശേഷം ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡ് സംസാരിക്കുകയുണ്ടായി.
റിങ്കു സിംഗ് പുലർത്തുന്ന പക്വതയും ശാന്തതയും തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് രാഹുൽ ഗ്രാവിഡ് പറഞ്ഞത്. “അവൻ ഒരു അവിസ്മരണീയ ബാറ്റർ തന്നെയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആണ് റിങ്കു സിംഗ് തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്. കേവലം കുറച്ചു മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എന്നാൽ വളരെ മികച്ച ഒരു തുടക്കമാണ് അവന്റെ കരീയറിന് ലഭിച്ചിരിക്കുന്നത്. നല്ല രീതിയിൽ പക്വതയും ശാന്തതയും പുലർത്താൻ റിങ്കുവിന് സാധിക്കുന്നുണ്ട്. പല സമയത്തും ഇന്നിംഗ്സിന്റെ അവസാന നിമിഷങ്ങളിൽ അവൻ മത്സരം ഫിനിഷ് ചെയ്യുന്നത് നമ്മൾ കണ്ടുകഴിഞ്ഞു.
എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു റിങ്കുവിന് മുൻപിൽ ഉണ്ടായിരുന്നത്. ഇന്ത്യ 22ന് 4 എന്ന നിലയിൽ നിൽക്കുമ്പോഴാണ് റിങ്കു ക്രീസിലെത്തുകയും രോഹിതിനൊപ്പം ചേർന്ന് ഒരു നല്ല കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും ചെയ്തത്. അവസാന ഓവറുകളിൽ റിങ്കുവിന് എന്ത് ചെയ്യാൻ സാധിക്കുമെന്നും നമ്മൾ കണ്ടു.”- ദ്രാവിഡ് പറയുന്നു.
തന്റെ ശക്തികളെ പറ്റി റിങ്കു സിംഗിന് കൃത്യമായ ബോധ്യമുണ്ടേന്നും രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർക്കുകയുണ്ടായി. എന്ത് കാര്യത്തിലാണ് തനിക്ക് പുരോഗതി വരുത്തേണ്ടതെന്നും റിങ്കു കൃത്യമായി മനസ്സിലാക്കുന്നുണ്ട് എന്നാണ് ദ്രാവിഡ് പറയുന്നത്. “അവന് കാര്യങ്ങളിൽ വളരെ വ്യക്തതയുണ്ട്. അത് ഞങ്ങളെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്നു.
റിങ്കൂ സിംഗിന്റെ ഒരു പ്രത്യേകത എന്തെന്നാൽ തന്റെ കഴിവുകളിൽ കൃത്യമായ ഒരു വ്യക്തത പുലർത്താൻ സാധിക്കുന്നുണ്ട് എന്നതാണ്. എന്താണ് അവന്റെ ശക്തിയെന്നും, ഏതിലാണ് അവൻ ശ്രദ്ധിക്കേണ്ടതെന്നും, ഏതുതരത്തിലാണ് മുൻപോട്ട് പോകേണ്ടതെന്നും കൃത്യമായ അറിവ് റിങ്കു സിംഗിനുണ്ട്.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.
ഇതുവരെ ഇന്ത്യക്കായി 11 ട്വന്റി20 മത്സരങ്ങളാണ് റിങ്കൂ സിംഗ് കളിച്ചിട്ടുള്ളത്. ഇതിൽ 89 റൺസ് ശരാശരിയിൽ 356 റൺസ് ഇന്ത്യക്കായി സ്വന്തമാക്കാൻ റിങ്കുവിന് സാധിച്ചിട്ടുണ്ട്. 176 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് റിങ്കു റൺസ് അടിച്ചു കൂട്ടിയത്. വളരെ കാലങ്ങളായി മികച്ച ഫിനിഷറെ അന്വേഷിച്ചിരുന്ന ഇന്ത്യയ്ക്ക് കിട്ടിയ വലിയ താരം തന്നെയാണ് റിങ്കു സിംഗ്. അതിനാൽ 2024 ട്വന്റി 20 ലോകകപ്പിലും ഇന്ത്യയുടെ ഫിനിഷർ റോളിൽ റിങ്കു സിംഗ് എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.