“എല്ലാ താരങ്ങളെയും സന്തോഷിപ്പിച്ച് ലോകകപ്പ് ടീം തിരഞ്ഞെടുക്കാൻ പറ്റില്ല”. സെലക്ഷൻ സൂചനകൾ നൽകി രോഹിത്.

sanju golden duck

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീം സെലക്ഷനെപ്പറ്റി തുറന്നു പറഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിലെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷമാണ് രോഹിത് ശർമ തുറന്നു സംസാരിച്ചത്. മുഴുവൻ ടീമംഗങ്ങളെയും സന്തോഷവാന്മാരാക്കി ടീം സെലക്ഷനുമായി മുന്നോട്ടു പോകാൻ സാധിക്കില്ല എന്നാണ് രോഹിത് ശർമ പറയുന്നത്.

തങ്ങൾ ഇതേവരെ ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ നിശ്ചയിച്ചിട്ടില്ലയെന്നും, കേവലം 8-10 താരങ്ങൾ മാത്രമാണ് ഇപ്പോൾ മനസ്സിലുള്ളതെന്നും രോഹിത് പറയുന്നു. മാത്രമല്ല വിൻഡീസിലെയും അമേരിക്കയിലെയും സാഹചര്യങ്ങൾ ടീം നിർണയിക്കുന്നതിൽ പ്രധാന ഘടകമായി മാറുമെന്ന സൂചനയും രോഹിത് നൽകുന്നു.

“ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡ് ഞങ്ങൾ ഇതുവരെ നിശ്ചയിച്ചിട്ടില്ല. കേവലം 8-10 കളിക്കാർ മാത്രമാണ് ഞങ്ങളുടെ മനസ്സിലുള്ളത്. സാഹചര്യങ്ങൾക്ക് അനുസൃതമായ രീതിയിലാവും ഞങ്ങൾ ഞങ്ങളുടെ കോമ്പിനേഷനുകൾ നിർമ്മിക്കുക. വെസ്റ്റിൻഡീസിലുള്ളത് വളരെ സ്ലോ ആയ സാഹചര്യങ്ങളാണ്. അതിനനുസരിച്ച് ടീമിനെ അണിയിച്ചൊരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”

“എന്നെയും രാഹുൽ ദ്രാവിഡിനെയും സംബന്ധിച്ച് പറഞ്ഞാൽ, കൂടുതൽ വ്യക്തത ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. എന്തുകൊണ്ടാണ് ഓരോ താരങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും, മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും എന്തുകൊണ്ടാണ് ചിലരെ തിരഞ്ഞെടുക്കാത്തതെന്നും താരങ്ങളോട് ഞങ്ങൾ പറയും.”- രോഹിത് പറയുന്നു.

Read Also -  അവന്റെ കയ്യിൽ ഇന്ത്യൻ ടീം സുരക്ഷിതമായിരിക്കും, വമ്പൻ പ്രസ്താവന നടത്തി ബ്രെറ്റ് ലീ

“മുഴുവൻ താരങ്ങളെയും സന്തോഷവാന്മാരാക്കി നമുക്ക് ലോകകപ്പ് ടീം സെലക്ഷൻ നടത്താൻ സാധിക്കില്ല. ഒരു നായകൻ എന്ന നിലയിൽ ഞാൻ പഠിച്ച വലിയൊരു പാഠമാണിത്. നമുക്ക് 15 താരങ്ങളെ മാത്രമേ സന്തോഷവാന്മാരായി നിർത്താൻ സാധിക്കൂ. അതിൽ പോലും 11 പേർക്ക് മാത്രമാണ് കൂടുതൽ സന്തോഷം ഉണ്ടാവുക.”

“ബാക്കി ബെഞ്ചിൽ ഇരിക്കുന്ന 4 താരങ്ങളും എന്തുകൊണ്ടാണ് അവരെ കളിപ്പിക്കാത്തത് എന്ന് ചോദിച്ചു കൊണ്ടിരിക്കും. അതിനാൽ തന്നെ എല്ലാ താരങ്ങളെയും സന്തോഷവാന്മാരാക്കാൻ സാധിക്കില്ല എന്നതാണ് ഞാൻ പഠിച്ചത്. ടീമിന്റെ വിജയം എന്നത് മാത്രമാണ് ഞങ്ങൾ ഇപ്പോൾ മുന്നിൽ കാണുന്ന ലക്ഷ്യം.”- രോഹിത് കൂട്ടിച്ചേർത്തു.

അഫ്ഗാനെതിരായ അവസാന മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ പരമ്പര 3-0 ന് തൂത്തുവാരാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ പരാജയം അറിഞ്ഞിട്ടില്ല. 6 മത്സരങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ കളിച്ചപ്പോൾ ആറിലും ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ഇനി ഇന്ത്യയ്ക്ക് മുൻപിലുള്ളത് ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ്. ജനുവരി 25നാണ് നിർണായകമായ പരമ്പര ആരംഭിക്കുന്നത്.

Scroll to Top