ഇന്ത്യൻ ടീമിലെ തന്റെ റോൾ മോഡലിനെ വെളിപ്പെടുത്തി ഇന്ത്യൻ യുവതാരം റിങ്കു സിംഗ്. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത ടീമിനായി തകര്‍പ്പന്‍ പ്രകടനമായിരുന്നു റിങ്കു സിംഗ് കാഴ്ചവച്ചത്. ഒരു ഫിനിഷറുടെ റോളിൽ ക്രീസിലെത്തി കൊൽക്കത്തൻ ടീമിനായി പല മത്സരങ്ങളിലും മിന്നിത്തിളങ്ങാൻ റിങ്കുവിന് സാധിച്ചു. ഇതിനുശേഷം നിലവിൽ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിനുമായുള്ള ടീമിലേക്കും റിങ്കുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിങ്കു തന്റെ റോൾ മോഡലിനെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ അതികായന്മാരായ വിരാട് കോഹ്ലി, രോഹിത് ശർമ, എം എസ് ധോണി എന്നിവരെ തഴഞ്ഞുകൊണ്ട് ചെന്നൈയുടെ താരമായ സുരേഷ് റെയ്‌നയെയാണ് തന്റെ ഇഷ്ടതാരമായി റിങ്കു സിംഗ് തിരഞ്ഞെടുക്കുന്നത്.
റെയ്നയുടെ ഉപദേശങ്ങൾ തന്റെ കരിയറിൽ വളരെയധികം സഹായകരമായി മാറിയിട്ടുണ്ട് എന്നാണ് റിങ്കു സിംഗ് പറയുന്നത്. അതിനാൽ തന്നെ റെയ്നയുമായുള്ള ബന്ധം എന്നെന്നും നിലനിർത്താനാണ് താൻ ശ്രമിക്കുന്നത് എന്നും റിങ്കു സിംഗ് പറയുകയുണ്ടായി. “ഞാൻ റോൾ മോഡലായി കാണുന്നത് സുരേഷ് റെയ്നയെയാണ്. എല്ലായിപ്പോഴും അദ്ദേഹവുമായി ബന്ധം പുലർത്താൻ ഞാൻ ശ്രമിക്കാറുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രാജാവാണ് സുരേഷ് റെയ്ന. എന്റെ ക്രിക്കറ്റ് കരിയറിൽ റെയ്നയുടെ ഉപദേശങ്ങൾ എനിക്ക് ഒരുപാട് സഹായകരമായി മാറിയിട്ടുണ്ട്.”- റിങ്കു സിംഗ് പറഞ്ഞു.
റെയ്നയ്ക്കൊപ്പം ഹർഭജൻ സിംഗിന്റെ സഹായങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ട് എന്നും റിങ്കു പറയുകയുണ്ടായി. “ഇന്ത്യയുടെ സ്പിന്നർ ഹർഭജൻ സിംഗ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇവരുടെയൊക്കെയും സപ്പോർട്ടിന് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ഇവരെപ്പോലെയുള്ള വലിയ താരങ്ങൾ നമ്മളോട് സംസാരിക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യുമ്പോൾ വലിയ സന്തോഷമാണുള്ളത്. മാത്രമല്ല നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ഇത്തരം സംസാരങ്ങൾ വഴി വയ്ക്കാറുണ്ട്.” റിങ്കു സിംഗ് കൂട്ടിച്ചേർക്കുന്നു.
ഒരു കാലത്ത് ഇന്ത്യൻ നിരയിലെ ഏറ്റവും വിശ്വസ്തനായ ബാറ്ററായിരുന്നു സുരേഷ് റെയ്ന. ഇന്ത്യക്കായി 226 ഏകദിനങ്ങളും 18 ടെസ്റ്റ് മത്സരങ്ങളും 78 ട്വന്റി20 മത്സരങ്ങളുമാണ് ഈ സൂപ്പർ താരം കളിച്ചിട്ടുള്ളത്. ഏകദിനത്തിൽ 5615 റൺസും, ടെസ്റ്റ് ക്രിക്കറ്റിൽ 768 റൺസും, ട്വന്റി20യിൽ 2064 റൺസും സുരേഷ് റെയ്ന ഇന്ത്യക്കായി നേടിയിട്ടുണ്ട്. മാത്രമല്ല ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരമായിരുന്നു റെയ്ന. ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച റെക്കോർഡുകളാണ് റെയ്നയ്ക്കുള്ളത്.