ലോകക്രിക്കറ്റ് കണ്ടതിൽ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഗുജറാത്തിനെതിരായ മത്സരത്തിൽ കൊൽക്കത്ത താരം റിങ്കൂ സിംഗ് കാഴ്ചവച്ചത്. മത്സരത്തിന്റെ അവസാന ഓവറിൽ 29 റൺസായിരുന്നു കൊൽക്കത്തക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. പ്രതീക്ഷ പൂർണമായും അവസാനിച്ച നിമിഷത്തിൽ നിന്നാണ് റിങ്കൂ സിംഗ് അത്ഭുതകരമായ രീതിയിൽ കൊൽക്കത്തയെ വിജയത്തിലേത്തിച്ചത്. യാഷ് ദയാലിനെ തുടർച്ചയായി അഞ്ചു പന്തുകളിൽ സിക്സർ നേടിയാണ് റിങ്കൂ സിംഗ് ഹീറോയിസം കാട്ടിയത്. മത്സരത്തിലെ വിജയത്തിന് ശേഷം അതിവൈകാരികമായി ആയിരുന്നു റിങ്കൂ സിംഗ് സംസാരിച്ചത്. മത്സരത്തിൽ താൻ നേടിയ ഓരോ സിക്സറും തനിക്കായി ത്യാഗം സഹിച്ചവർക്ക് വേണ്ടി അർപ്പിക്കുകയാണ് റിങ്കൂ സിംഗ്.
ഒരു കാർഷിക കുടുംബത്തിൽ നിന്ന് വളർന്നുവന്ന റിങ്കൂ സിംഗ് മുൻപ് തൂപ്പുകാരനായി ജോലി ചെയ്തിരുന്നു. ശേഷം ക്രിക്കറ്റിൽ പൂർണമായും ശ്രദ്ധ ചെലുത്തുന്നതിനായാണ് ആ ജോലിയിൽ നിന്ന് റിങ്കു രാജിവെച്ചത്. “എന്റെ അച്ഛൻ ഒരുപാട് യാതനകൾ സഹിച്ചിരുന്നു. ഞാൻ ഒരു കാർഷിക കുടുംബത്തിൽ നിന്നാണ് വരുന്നത്. ഇന്ന് ഞാൻ മൈതാനത്തിന് പുറത്തേക്കടിച്ച ഓരോ പന്തുകളും എനിക്കായി ഒരുപാട് ത്യാഗം സഹിച്ചവർക്കുള്ള അർപ്പണമാണ്.”- റിങ്കൂസിംഗ് പറയുന്നു.
മത്സരത്തിലെ അവസാന ഓവറിലെ തന്റെ മനോഭാവത്തെപ്പറ്റിയും റിങ്കൂ സിംഗ് പറഞ്ഞു. “എനിക്കത് സാധിക്കുമെന്ന് അതിയായ വിശ്വാസം ഞാൻ പുലർത്തിയിരുന്നു. കഴിഞ്ഞവർഷം ലക്നൗവിൽ ഇതേ സാഹചര്യം തന്നെ എനിക്കുണ്ടായി. അന്നും ഞാൻ എന്നെ വിശ്വസിക്കുകയുണ്ടായി. അതിനാൽ തന്നെ മറ്റൊന്നും എന്റെ മനസ്സിലേക്ക് വന്നില്ല. ആ ഷോട്ടുകൾ ഓരോന്നും ഒന്നിന് പുറകെ മറ്റൊന്നായി സംഭവിച്ചു പോയതാണ്. അവസാന ബോൾ ബാക്ക് ഓഫ് ലെങ്തിലായിരുന്നു വന്നത്. ഞാൻ ബാക്ഫുട്ടിൽ നിന്നാണ് ആ പന്ത് അടിച്ചകയറ്റിയത്.”- റിങ്കൂ സിംഗ് കൂട്ടിച്ചേർക്കുന്നു.
മത്സരത്തിന്റെ അവസാന ഓവറിൽ റിങ്കൂ സിംഗ് കാഴ്ചവച്ച ഈ ഹീറോയിസത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് അവസാന ഓവറിൽ ഇത്രയും റൺസ് ഒരു ടീം സ്വന്തമാക്കുന്നത്. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് അഭിമാനകരമായി നിമിഷം തന്നെയായിരുന്നു ഇത്. വരും മത്സരങ്ങളിലും ഇന്ത്യൻ യുവതാരങ്ങൾ ഇത്തരത്തിൽ ഉയർന്നുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.