റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിനായി ഉപയോഗിച്ച പിച്ച് ‘ശരാശരിയിലും താഴെ ആണെന്ന് മാച്ച് റഫറി രഞ്ജൻ മഡഗല്ലെ റേറ്റിങ്ങ് നല്‍കി. ഐസിസിയുടെ നിയമപ്രകാരം സ്റ്റേഡിയത്തിന് ഒരു ഡീമെറിറ്റ് പോയിന്റ് നൽകിയിട്ടുണ്ട്. മോശമായത്, അനുയോജ്യമല്ലാ എന്ന കാരണം നല്‍കുകയായിരുന്നെങ്കില്‍ 3 ഉം 5 ഉം ഡീമെറിറ്റ് പോയിന്‍റുകള്‍ സ്റ്റേഡിയത്തിനു ലഭിച്ചേനെ
“അഞ്ച് ദിവസത്തിനുള്ളിൽ പിച്ചിന്റെ സ്വഭാവം മാറിയിട്ടില്ല, ബൗൺസ് അൽപ്പം കുറഞ്ഞു എന്നതൊഴിച്ചാൽ ഒരു വിത്യാസവും ഉണ്ടായിട്ടില്ല. മത്സരം പുരോഗമിക്കുമ്പോൾ പിച്ചിൽ സീമർമാർക്ക് വലിയ പേസും ബൗൺസും ഉണ്ടായിരുന്നില്ല, സ്പിന്നർമാരെ സഹായിച്ചില്ല. എന്റെ വീക്ഷണത്തിൽ, ഇത് ബാറ്റും ബോളും തമ്മിലുള്ള ഒരു തുല്യ മത്സരത്തെ പ്രതിനിധീകരിക്കുന്നില്ല. അതിനാൽ, ഐസിസി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, ഞാൻ ഈ പിച്ചിനെ ശരാശരിയിലും താഴെയായി വിലയിരുത്തുന്നു. ” മാച്ച് റഫറി പറഞ്ഞു.
ഓരോ വേദിയിലും മത്സരത്തില്‍ ഒരുക്കിയ പിച്ച് അനുസരിച്ചു ഒരു റേറ്റിംഗ് നൽകും, അതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ഒരു നിശ്ചിത സമയത്തേക്ക് മത്സരം നടത്തുന്നതില്‍ നിന്ന് അവരെ സസ്പെൻഡ് ചെയ്യാം. 5 ഡീമെറിറ്റ് പോയിന്റുകൾക്ക് 12 മാസത്തെ സസ്പെൻഷനാണ് ഐസിസി ചട്ടം. 10 ഡീമെറിറ്റ് പോയിന്‍റ് ലഭിക്കുകയാണെങ്കില്‍ അത് 2 വര്‍ഷമായി ഉയരും.
മത്സരത്തില്‍ 1000 ത്തിലധികം റണ്‍സ് പിറന്നപ്പോള്‍ വീണത് 14 വിക്കറ്റുകള്‍ മാത്രം. നേരത്തെ ഒന്നാം ഇന്നിങ്സ് നാലിന് 476 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത പാകിസ്താനെതിരേ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് 459 റൺസിൽ അവസാനിച്ചിരുന്നു. ഇതോടെ 17 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാനും പാക് ടീമിനായി.
ഇമാമിന്റെയും അസർ അലിയുടെയും സെഞ്ചുറി മികവിലാണ് ഒന്നാം ഇന്നിങ്സിൽ പാകിസ്താൻ 476 റൺസെടുത്തത്. ഇമാം 157 റൺസെടുത്തപ്പോൾ അസർ 185 റൺസ് സ്കോർ ചെയ്തു.
ഉസ്മാൻ ഖവാജ (97), ഡേവിഡ് വാർണർ (68), മാർനസ് ലബുഷെയ്ൻ (90), സ്റ്റീവ് സ്മിത്ത് (78), കാമറൂൺ ഗ്രീൻ (48) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസീസ് ഒന്നാം ഇന്നിങ്സിൽ 459 റൺസെലെത്തിയത്. പാകിസ്താനു വേണ്ടി നൗമാൻ അലി ആറു വിക്കറ്റ് വീഴ്ത്തി.