ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിന്നും രവിശാസ്ത്രിയെ ഒഴിവാക്കിയാണ് രാഹുൽ ദ്രാവിഡിനെ കൊണ്ടുവന്നത്. ഇപ്പോഴിതാ തന്റെ പിൻഗാമിയായ രാഹുൽ ദ്രാവിഡിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് രവി ശാസ്ത്രി. പരിശീലക സ്ഥാനം ഏറ്റെടുത്തത് മുതൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ രാഹുൽ ദ്രാവിഡ് നേരിടാറുണ്ട്.
രാഹുൽ ദ്രാവിഡിനെ കുറിച്ച് വിധി പുറപ്പെടുവിക്കും മുമ്പ് അദ്ദേഹത്തിന് കുറച്ച് സമയം നൽകണം എന്നാണ് രവി ശാസ്ത്രി പറയുന്നത്. ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി ദ്രാവിഡ് ചുമതലയേറ്റത് 2021ൽ ആയിരുന്നു. അതിന് ശേഷം ഇതുവരെയും ഒരു ഐസിസി കിരീടം നേടുവാൻ ദ്രാവിഡിന് കഴിഞ്ഞിട്ടില്ല. ഏറ്റവും വലിയ പ്രശ്നം ഇന്ത്യയുടെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ്.
“എല്ലാത്തിനും സമയം എടുക്കും. എനിക്കും സമയമെടുത്തു. എല്ലാം ശരിയാകുവാൻ ദ്രാവിഡിനും സമയമെടുക്കും. പക്ഷേ ഒരു അഡ്വാൻറ്റേജ് രാഹുലിന് ഉണ്ട്. അവൻ എൻസിഎയിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ടീമിൻ്റെ കൂടെയും അദ്ദേഹം ഉണ്ടായിരുന്നു.നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഓർമ്മ കുറവാണ്. ജയിക്കണമെങ്കിൽ ജയിക്കണം.
രണ്ട് ഏഷ്യ കപ്പ് കിരീടങ്ങൾ എൻ്റെ സമയത്ത് ഞങ്ങൾ നേടി. പക്ഷേ ആരും ഓർക്കുന്നില്ല. ആരെങ്കിലും ഏഷ്യാകപ്പിനെ കുറിച്ച് പറഞ്ഞിട്ടുണ്ടോ? രണ്ട് തവണ അത് ഞങ്ങൾ നേടിയിട്ടുണ്ട്. അതിനെക്കുറിച്ച് ആരും സംസാരിക്കാറില്ല. പക്ഷേ ഏഷ്യാകപ്പിൽ നമ്മൾ തോറ്റപ്പോൾ എല്ലാവരും ഏഷ്യാകപ്പിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി.”- രവി ശാസ്ത്രി പറഞ്ഞു