ലങ്കക്ക് എതിരായ ബാംഗ്ലൂർ ക്രിക്കറ്റ് ടെസ്റ്റിലും അനായാസം ജയം നേടിയാണ് ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര 2-0ന് നേടിയത്. ഈ പരമ്പര ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് എത്തി. അതേസമയം പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കൂടി നേട്ടം സ്വന്തമാക്കുകയാണ് ഇപ്പോൾ ഇന്ത്യൻ പേസർമാർ. പിങ്ക് ബോൾ ടെസ്റ്റിൽ 8 വിക്കറ്റുകൾ വീഴ്ത്തിയ ബുംറ ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് എത്തി. ഇന്ത്യൻ മണ്ണിലെ തന്റെ ആദ്യ ടെസ്റ്റ് 5 വിക്കെറ്റ് നേട്ടം സ്വന്തമാക്കിയ ബുംറ ഷഹീൻ അഫ്രീഡി, ജാമിസൻ എന്നിവരെ പിന്തള്ളിയാണ് റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്ക് എത്തിയത്.
അതേസമയം മറ്റൊരു ഇന്ത്യൻ സ്റ്റാർ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി റാങ്കിങ്ങിൽ പതിനേഴാം സ്ഥാനത്തേക്ക് എത്തി. സ്റ്റാർ പേസർ പാറ്റ് കമ്മിന്‍സ് റാങ്കിങ്ങിൽ ഒന്നാമതായി തുടരുമ്പോൾ അശ്വിനാണ് റാങ്കിങ്ങിൽ രണ്ടാമത്.എന്നാൽ ഇന്ത്യൻ താരമായ കോഹ്ലിക്ക് ടെസ്റ്റ് ബാറ്റ്‌സ്മാൻമാരുടെ റാങ്കിങ്ങിൽ വീണ്ടും കാലിടറി. വിരാട് കോഹ്ലിക്ക് നാല് സ്ഥാനങ്ങൾ നഷ്ടമായി. അദ്ദേഹം ഒൻപതാം സ്ഥാനത്തേക്ക് വീണപ്പോൾ രോഹിത് ശര്‍മ്മ ആറാമതും റിഷഭ് പന്ത് പത്താമതുമാണ്.
നേരത്തെ ടെസ്റ്റ് റാങ്കിങ്ങിൽ ലങ്കക്ക് എതിരായ പരമ്പരക്ക് മുൻപായി അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന കോഹ്ലി ഇപ്പോൾ ഒൻപതാം സ്ഥാനത്തേക്ക് എത്തി. ഒപ്പം മറ്റൊരു ഇന്ത്യൻ താരമായ ജഡേജക്കും റാങ്കിങ്ങിൽ തളർച്ച നേരിടേണ്ടി വന്നു. ആൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് മോഹാലി ടെസ്റ്റിന് ശേഷം എത്തിയ ജഡേജയെ പിന്തള്ളി വെസ്റ്റ് ഇൻഡീസ് താരമായ ഹോൾഡർ ഒന്നാം സ്ഥാനത്തേക്ക് എത്തി.