മലയാളി താരം സഞ്ജു സാംസന്റെ ക്രിക്കറ്റ് കരിയറിൽ വലിയ വഴിത്തിരിവായത് ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ ടീമിലേക്കുള്ള എൻട്രിയായിരുന്നു. 2013ലാണ് ആദ്യമായി സഞ്ജു രാജസ്ഥാൻ ടീമിനായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ടീമിന്റെ പ്രധാന ഘടകമായി മാറാൻ സഞ്ജുവിന് സാധിച്ചു. ഇപ്പോൾ കഴിഞ്ഞ വർഷങ്ങളിലൊക്കെയും രാജസ്ഥാൻ ടീമിന്റെ നായകനായാണ് സഞ്ജു സാംസൺ കളിക്കുന്നത്.
തന്റെ കരിയറിൽ വഴിത്തിരിവായ ചില നിമിഷങ്ങളെ പറ്റിയാണ് സഞ്ജു സാംസൺ ഇപ്പോൾ സംസാരിക്കുന്നത്. 2013ൽ ആദ്യമായി രാജസ്ഥാൻ ടീമിന്റെ ട്രയൽസിന് എത്തിയപ്പോൾ അന്നത്തെ ടീം നായകനായ രാഹുൽ ദ്രാവിഡ് തന്നോട് ചോദിച്ച ചോദ്യമാണ് തന്റെ കരിയർ മാറ്റിമറിച്ചത് എന്ന് സഞ്ജു പറയുകയുണ്ടായി.
“അന്ന് 2013ൽ രാജസ്ഥാൻ ടീമിന്റെ ട്രയൽസിനായായിരുന്നു ഞാനെത്തിയത്. അന്ന് ടീം പുതിയ താരങ്ങളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ആയിരുന്നു. അതിനായി ദ്രാവിഡ് സാറും ഒപ്പമുണ്ടായിരുന്നു. അന്ന് നെറ്റ്സിലെ എന്റെ ബാറ്റിംഗ് കണ്ട രാഹുൽ ദ്രാവിഡ് സാർ എന്റെ അടുത്തുവന്നു. എന്നിട്ട് ഇങ്ങനെ ചോദിച്ചു. ‘എന്റെ ടീമിനായി കളിക്കാമോ?’. അന്നത്തെ ദിവസം മുതൽ ഇന്നുവരെ എനിക്ക് എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. അന്നത്തെ ആ ടീമിന്റെ നായകനാണ് ഞാൻ ഇപ്പോൾ. മാത്രമല്ല വർഷങ്ങൾക്ക് ശേഷം രാഹുൽ സാർ ഇപ്പോൾ ടീമിന്റെ പരിശീലകനായി തിരികെ എത്തിയിരിക്കുന്നു.”- സഞ്ജു പറഞ്ഞു.
“രാഹുൽ സാർ എല്ലാ കാലത്തും രാജസ്ഥാൻ ടീമിന്റെ ഒരു കുടുംബാംഗം തന്നെയായിരുന്നു. ഇപ്പോൾ അദ്ദേഹം ടീമിനൊപ്പം തിരികെയെത്തിയതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അദ്ദേഹം പരിശീലകനായും ഞാൻ നായകനായുമാണ് കളിക്കുന്നത്. അതാണ് എനിക്ക് കൂടുതൽ സന്തോഷം നൽകുന്ന കാര്യം. വരുന്ന വർഷങ്ങളിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള അവസരം എനിക്ക് ലഭിക്കുമെന്ന് ഞാൻ കരുതുന്നു.”- സഞ്ജു സാംസൺ കൂട്ടിച്ചേർക്കുകയുണ്ടായി. നിലവിൽ രാഹുൽ ദ്രാവിഡ്‌മായി വലിയ ബന്ധമുള്ള ക്രിക്കറ്റർ തന്നെയാണ് മലയാളി താരം സഞ്ജു.
2012ലും 2013ലും രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായിരുന്നു രാഹുൽ ദ്രാവിഡ്. ശേഷം പിന്നീടുള്ള വർഷങ്ങളിൽ ടീമിന്റെ ഡയറക്ടറായി പ്രവർത്തിക്കാനും ദ്രാവിഡിന് സാധിച്ചു. എന്നാൽ പിന്നീട് ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തിയതിനു പിന്നാലെ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ ടീമിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ശേഷം കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ കിരീടം ചൂടിച്ച ശേഷമാണ് ദ്രാവിഡ് ഇന്ത്യൻ പരിശീലകന്റെ കുപ്പായമഴിച്ചത്. ഇതിന് ശേഷമാണ് ഇപ്പോൾ രാജസ്ഥാൻ ടീമിലേക്ക് ദ്രാവിഡ് തിരികെ എത്തിയിരിക്കുന്നത്. ഹൈദരാബാദിനെതിരെയാണ് ഇത്തവണ രാജസ്ഥാന്റെ ആദ്യ ഐപിഎൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്.