മാസ്റ്റേഴ്സ് ലീഗ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ റായുഡുവിന്റെ വെടിക്കെട്ട്.

ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിന്റെ ആദ്യ സീസണിലെ കിരീടം സ്വന്തമാക്കി ഇന്ത്യൻ മാസ്റ്റേഴ്സ് ടീം. ഫൈനൽ മത്സരത്തിൽ വെസ്റ്റിൻഡീസിനെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. എല്ലാ തരത്തിലും ആധിപത്യം സ്ഥാപിച്ച വിജയമാണ് ഇന്ത്യ ഫൈനൽ മത്സരത്തിൽ നേടിയത്. ഇന്ത്യക്കായി ബോളിങ്ങിൽ വിനയ് കുമാറും നദീമും തിളങ്ങിയപ്പോൾ ബാറ്റിംഗിൽ അമ്പാട്ടി റായിഡുവിന്റെ വെടിക്കെട്ട് പ്രകടനം കാണാൻ സാധിച്ചു. നായകൻ സച്ചിൻ ടെണ്ടുൽക്കറുടെ നേതൃത്വത്തിൽ മികച്ച പ്രകടനമായിരുന്നു ടൂർണമെന്റിൽ ഉടനീളം ഇന്ത്യ കാഴ്ചവച്ചത്.

ഫൈനൽ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് മാസ്റ്റേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് വിൻഡീസിന് ഓപ്പണർ സ്മിത്ത് നൽകിയത്. എന്നാൽ മറുവശത്ത് ലാറയും(6) പെർക്കിൻസും(6) അധികം റൺസ് കണ്ടെത്താതെ മടങ്ങിയതോടെ വിൻഡീസ് പതറി. 35 പന്തുകളിൽ 6 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 45 റൺസാണ് സ്മിത്തിന് നേടാൻ സാധിച്ചത്. ശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് വിൻഡിസിനെ ബാധിച്ചിരുന്നു. എന്നാൽ മധ്യനിര ബാറ്ററായ സിമൺസ് ഒരുവശത്ത് ക്രീസിലുറച്ച് വിൻഡീസിന് പ്രതീക്ഷകൾ നൽകി.

അവസാന ഓവറുകളിൽ വിൻഡിസിനായി മികവ് പുലർത്താൻ സിമൺസിന് സാധിച്ചു. 41 പന്തുകളിൽ 57 റൺസാണ് സിമൺസ് മത്സരത്തിൽ നേടിയത്. 5 ബൗണ്ടറികളും ഒരു സിക്സറും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇതോടെ നിശ്ചിത 20 ഓവറുകളിൽ 148 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് വിൻഡീസ് എത്തുകയായിരുന്നു. ഇന്ത്യക്കായി മികച്ച ബോളിങ് പ്രകടനം പുറത്തെടുത്തത് വിനയ് കുമാറും നദീമുമാണ്. വിനയ് 3 വിക്കറ്റുകളും നദീം 2 വിക്കറ്റുകളും മത്സരത്തിൽ നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തട്ടുപൊളിപ്പൻ തുടക്കം തന്നെയാണ് ഓപ്പണർമാരായ സച്ചിനും റായിഡുവും നൽകിയത്.

ഇരുവരും പവർപ്ലേ ഓവറുകളിൽ തന്നെ വിൻഡീസിനെ സമ്മർദ്ദത്തിലാക്കി. 18 പന്തുകളിൽ 25 റൺസ് നേടിയ ശേഷമായിരുന്നു മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ സച്ചിൻ കൂടാരം കയറിയത്. എന്നാൽ ഇതിന് പിന്നാലെ റായിഡു പക്വതയാർന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. 34 പന്തുകളിൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാൻ റായിഡുവിന് സാധിച്ചു. ഇതോടെ ഇന്ത്യ വിജയത്തിലേക്ക് അടുക്കുകയായിരുന്നു. മത്സരത്തിൽ 50 പന്തുകൾ നേരിട്ട റായുഡു 74 റൺസ് സ്വന്തമാക്കുകയുണ്ടായി. 9 ബൗണ്ടറികളും 3 സിക്സറുകളുമാണ് താരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.