ഗുജറാത്ത് ടൈറ്റൻസിനെതിരായ പഞ്ചാബ് കിംഗ്സിന്റെ മത്സരത്തിനിടെ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കംഗിസോ റബാഡ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗതയിൽ 100 വിക്കറ്റുകൾ പൂർത്തീകരിക്കുന്ന ബോളർ എന്ന റെക്കോർഡാണ് റബാഡ സ്വന്തമാക്കിയിരിക്കുന്നത്. 65 മത്സരങ്ങളിൽ നിന്നാണ് തന്റെ 100 വിക്കറ്റ് നേട്ടം റബാഡ കയ്യടക്കിയിരിക്കുന്നത്. മത്സരത്തിൽ ഗുജറാത്തിന്റെ ഓപ്പണർ വൃദ്ധിമാൻ സാഹയെ കൂടാരം കയറ്റിയായിരുന്നു റബാഡയുടെ ഈ നേട്ടം.
ഐപിഎല്ലിൽ ഇതുവരെ 1438 ബോളുകളാണ് റബാഡ എറിഞ്ഞിട്ടുള്ളത്. ഇതിൽ നിന്നാണ് 100 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്. ലസിത് മലിംഗയെയാണ് ഈ നേട്ടത്തിൽ റബാഡാ പിന്നിലാക്കിയത്. മലിംഗ 1662 ബോളുകൾ എറിഞ്ഞ ശേഷമായിരുന്നു 100 വിക്കറ്റുകൾ ഐപിഎല്ലിൽ സ്വന്തമാക്കിയത്. ഐപിഎല്ലിൽ 19 റൺസാണ് റബാഡയുടെ ശരാശരി. 6 തവണ റബാഡ ഐപിഎല്ലിൽ നാലു വിക്കറ്റ് നേട്ടവും കൊയ്തിട്ടുണ്ട്. 2020ലെ ഐപിഎൽ സീസണിൽ റബാഡയായിരുന്നു പർപ്പിൾ ക്യാപ്പ് വിജയിയായത്. ആ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 18 റൺസ് ശരാശരിയിൽ 30 വിക്കറ്റുകൾ റബാഡാ നേടുകയുണ്ടായി.
മത്സരത്തിലേക്ക് കടന്നു വന്നാൽ ത്രസിപ്പിക്കുന്ന ഒരു വിജയമായിരുന്നു ഗുജറാത്ത് ടൈറ്റൻസ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് പഞ്ചാബ് കിങ്സ് ആയിരുന്നു. മാത്യു ഷോർട്ട്(36), രജപക്ഷ(20), ജിതേഷ് ശർമ(25), സാം കരൻ(22), ഷാരൂഖാൻ(22) എന്നിവരുടെ ചെറിയ സംഭാവനകളുടെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 153 റൺസായിരുന്നു പഞ്ചാബ് കിങ്‌സ് നേടിയത്.
എന്നാൽ മറുപടി ബാറ്റിംഗിൽ ഗുജറാത്തിന്റെ ഓപ്പണർ മികച്ച തുടക്കം നൽകിയതോടെ മത്സരം പഞ്ചാബിന്റെ കയ്യിൽ നിന്ന് വിട്ടു പോയി. ഗുജറാത്തിനായി ശുഭമാൻ ഗിൽ 49 പന്തുകളിൽ 67 റൺസ് നേടി നട്ടെല്ലായി. ഒപ്പം സാഹ 19 പന്തുകളിൽ 30 റൺസ് നേടി മികച്ച തുടക്കവും നൽകുകയുണ്ടായി. ഒപ്പം അവസാന ഓവറിൽ രണ്ടു പന്തിൽ നാല് റൺസ് വേണമെന്നിരിക്കെ രാഹുൽ തിവാട്ടിയ ഒരു ബൗണ്ടറി നേടുകയായിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകൾണ് ഗുജറാത്ത് വിജയം കണ്ടത്.